ആഹാരം നിയന്ത്രിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ മതിയോ ശരീര ഭാരം കുറയ്ക്കാൻ എന്ന് ചോദിച്ചാൽ പോരെന്ന് തന്നെ പറയേണ്ടിവരും. ചിട്ടയായ ജീവിതശൈലിയും വ്യായാമക്കുറവും യോഗയുമൊക്കെ ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിർണായകമാണ്. ഇതിന് പുറമെ നമ്മുടെ മോശം ശീലങ്ങൾ ഒഴിവാക്കുന്നതും അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കും.
മടിയും അലസതയും മാറ്റിവച്ച് ശരീരത്തിന് പലവിധത്തിൽ പ്രയോജനകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. വീട്ടിലോ ഹോസ്റ്റലിലോ ഓഫീസിലോ മെട്രോ സ്റ്റേഷനുകളിലോ പടിയ്ക്ക് പകരം ലിഫ്റ്റ് തെരഞ്ഞെടുക്കുന്നവർ ആ ശീലം ഒഴിവാക്കുന്നത് ആരോഗ്യം നൽകുന്നതിന് വഴിവയ്ക്കും.
ഇത് അമിതവണ്ണം കുറയ്ക്കാൻ മാത്രമല്ല, ശരീരത്തിന് വേറെയും വിധത്തിൽ പ്രയോജനം ചെയ്യുന്നു. പടികൾ കയറുന്നത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നത് കൂടാതെ, മാനസിക സമ്മർദ്ദവും പിരിമുറുക്കളും മാറ്റാനും സഹായിക്കുന്നു. അതിനാൽ ശാരീരിക- മാനസിക ആരോഗ്യത്തിന് ഇത് വളരെ നല്ല വ്യായാമമാണെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ കോണിപ്പടി കയറാനുള്ള അവസരങ്ങൾ നഷ്ടമാക്കരുത്.
പടികൾ കയറിയാൽ
പടികൾ കയറുന്നത് ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു.
പടികൾ കയറുന്നത് ശീലമാക്കിയാൽ നിങ്ങളുടെ ഹൃദയം കൂടുതൽ സുരക്ഷിതമായിരിക്കും.
വേഗത്തിൽ ശരീരഭാരം കുറയ്ക്കാനാകുമെന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. പതിവായി പടികൾ കയറുന്നതും ഇറങ്ങുന്നതും ഒരാളുടെ മരണനിരക്ക് 33 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്ന് ഏതാനും ഗവേഷണത്തിലും പ്രതിപാദിക്കുന്നുണ്ട്.
ഒരു ദിവസം മൂന്നും നാലും തവണ പടികൾ കയറുന്നത് ശീലമാക്കാം. ഇത് നിങ്ങളുടെ ശരീരത്തെ ടോൺ ചെയ്യുകയും, മികച്ച ആകൃതി നൽകാൻ സഹായിക്കുകയും ചെയ്യുന്നു.
പടികൾ കയറുമ്പോൾ ശ്വാസം മുട്ടലും ക്ഷീണവും അധികമായി തോന്നിയാൽ, സാവധാനത്തിൽ പടികൾ കയറാൻ ശ്രമിക്കുക.
പടികൾ കയറുന്നത് ഇറങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. ഇതിൽ ശാരീരിക അധ്വാനം വളരെ ആവശ്യമാണ്. അതിനാൽ തന്നെ മുകളിൽ എത്തുമ്പോഴേയ്ക്കും തളർന്നിരിക്കും.
എന്നാൽ ഇത് തുടക്കത്തിൽ കുറച്ച് ദിവസങ്ങളിൽ മാത്രമേ ബുദ്ധിമുട്ടായി തോന്നുകയുള്ളു. പടികൾ കയറുന്നത് സ്ഥിരമാക്കുന്നത് നിങ്ങളെ കൂടുതൽ ഊർജ്വസ്വലരാക്കും. ഒപ്പം ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നു. ശരീരത്തിലെ സന്ധികളുടെ ആരോഗ്യത്തിന് ഇത് ഗുണകരമാണ്.
ഇതിന് പുറമെ, സന്ധിവാതത്തിനും ഇവ പരിഹാരമാണ്. കാലുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല വ്യായാമമാണ് ഇത്. അതിനാൽ തന്നെ സാധാരണയായി കാണപ്പെടുന്ന ഓസ്റ്റിയോപൊറോസിസ് എന്ന സന്ധിവാതത്തിന്റെ സാധ്യത കുറയ്ക്കുന്നു. ഏറ്റവും ആയാസ രഹിതമായി ഏത് പ്രായക്കാർക്കും അതിനാൽ ഈ ശീലം പിന്തുടരാം.
ദിവസവും 7 മിനിറ്റ് പടികൾ കയറുകയും ഇറങ്ങുകയും ചെയ്താൽ ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സ്റ്റാമിന വർധിപ്പിക്കാനും ഇത് സഹായകരമാണ്. എങ്കിലും പടികൾ കയറുമ്പോൾ കുറച്ച് മുൻകരുതലുകൾ പാലിക്കുന്നതും നല്ലതാണ്.
-
പടികൾ കയറുമ്പോൾ പുറം നിവർന്നിരിക്കാൻ ശ്രദ്ധിക്കണം.
-
മുതുകത്ത് വലിയ ഭാരങ്ങളുണ്ടെങ്കിൽ വളരെ പതിയെ പടികൾ കയറുക.
-
ആദ്യ ദിവസം തന്നെ ഒരുപാട് പടികൾ കയറാതെ, പടവുകളുടെ എണ്ണം ഓരോ ദിവസവും ക്രമേണ വർധിപ്പിക്കുക.
-
പരിക്ക് ഒഴിവാക്കാൻ നന്നായി ഫിറ്റ് ആയിട്ടുള്ള ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക.