നരച്ച മുടി പലരുടെയും പ്രശ്‌നമാണ്. എത്ര ഡൈ ഉപയോഗിച്ചാലും മുഖത്തിൻറെ മുൻവശത്തേയും ചെവിയ്ക്കടുത്തുമുള്ള മുടിയും എളുപ്പത്തിൽ നരയ്ക്കുന്നത് പതിവാണ്. ഹെയർ ഡൈയിൽ കെമിക്കൽസ് അടങ്ങിയിരിക്കുന്നതുകൊണ്ട് ഒരുപാടു പ്രാവശ്യം ഉപയോഗിക്കുന്നതും ആരോഗ്യത്തിന് നന്നല്ല. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചില ഹെയർ ഡൈകൾ ഉപയോഗിക്കുന്നതാണ് നല്ലത്. മുടിയ്ക്ക് നല്ല കറുപ്പു നിറം ലഭിക്കാന്‍ വീട്ടിൽ തന്നെ നമുക്ക് നാച്ചുറൽ ഹെയർ ഡൈകൾ ഉണ്ടാക്കാവുന്നതാണ്.
-കറിവേപ്പിലയെ കൊണ്ട് മുടി കറുപ്പിക്കാം. ഇതിൽ ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ ബി കോംപ്ലക്‌സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മുടി നരയക്കാതിരിക്കാനും സഹായിക്കുന്നു. കറിവേപ്പില തൈരില്‍ ചേര്‍ത്തും വെള്ളം തിളപ്പിച്ചും ഉപയോഗിക്കാവുന്നതാണ്. ഇതിനായി കാല്‍കപ്പ് കറിവേപ്പില എടുത്ത് അരച്ച് അത് അര കപ്പ് തൈരില്‍ മിക്‌സ് ചെയ്ത് എടുക്കണം. അതിന് ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ ശേഷം കഴുകാവുന്നതാണ്. ഇത് ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് മുടിയ്ക്ക് കറുപ്പ് നിറം ലഭിക്കാന്‍ സഹായിക്കും. കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ആഴ്ച്ചയില്‍ മൂന്ന് തവണ വീതം മുടി കഴുകുന്നത് മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താന്‍ സഹായിക്കും.
-മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്തുന്നതിന് ചെറിയ ഉള്ളി നല്ലതാണ്. ഇതിൻറെ തൊലിയും മുടി കറുപ്പിച്ചെടുക്കാന്‍ നല്ലതാണ്. ഇതിനായി ചെറിയ ഉള്ളി തൊലിയോട് കൂടി തന്നെ നന്നയി അരച്ച് എടുത്ത് അത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. അതുപോലെ ചെറിയ ഉള്ളിയുടെ തൊലി കരിയിച്ച് അത് വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം വീതം ചെയ്യുക. മുടിയ്ക്ക് കറുപ്പ് നിറം ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: നരച്ച മുടിക്ക് കിടിലൻ പ്രതിവിധികൾ
-ചായപ്പൊടി, മുടിയ്ക്ക് നല്ല കറുപ്പ് നൽകും. ഇതിനായി കുറച്ച് ചൂടുവെള്ളത്തില്‍ ചായപ്പൊടി എടുത്ത് നന്നായി അരക്കണം. അതിന് ശേഷം ഇതിലേയ്ക്ക് നാരങ്ങ നീര് പിഴിഞ്ഞ് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക. ചായ വെള്ളത്തില്‍ മുടി കഴുകുന്നതും മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താന്‍ സഹായിക്കും.
-മുടി കറുപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു അടുക്കള ചേരുവയാണ് കുരുമുളക്. ഒരു ടീസ്പൂണ്‍ കുരുമുളക് ഒരു നാരങ്ങയുടെ പകുതി എന്നിവ ഒരു കപ്പ് തൈരും ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം. ഇത് നിങ്ങള്‍ക്ക് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകുക. ഇത് ആഴ്ച്ചയില്‍ മൂന്ന് തവണ ചെയ്യുന്നത് വളരെ നല്ലതാണ്. കൂടുതല്‍ ഫലം നല്‍കാന്‍ ഇത് സഹായിക്കും.