കുട്ടികളാണ് കൂടുതലായും ദുസ്വപ്നങ്ങള്‍ കണ്ട് ഞെട്ടി ഉണരുന്നത്. എന്നാല്‍ ഇത് മുതിര്‍ന്നവരിലും ഉണ്ടാകുന്നുണ്ട്. പതിവായി ദുസ്വപ്നങ്ങള്‍ കണ്ടാല്‍ അത് അവരുടെ ഉറക്കത്തെയും ആകെയുള്ള മാനസികാവസ്ഥയെയുമെല്ലാം പ്രതികൂലമായി ബാധിക്കാം.
കാരണങ്ങള്‍
ഒരാള്‍ എന്തുകൊണ്ടാണ് പതിവായി ദുസ്വപ്നങ്ങള്‍ കാണുന്നത് എന്ന കാര്യം ശാസ്ത്രലോകത്തിന് വിശദീകരിക്കാനായിട്ടില്ല. ഇതിലേക്ക് നയിക്കാന്‍ പല കാരണങ്ങളാണ് ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്.
ഒരു ആളില്‍ അവശേഷിക്കുന്ന ഏതെങ്കിലും ആഘാതങ്ങള്‍, മൂഡ് ഡിസോര്‍ഡര്‍, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ലഹരി ഉപയോഗിച്ചിരുന്നവര്‍ അത് നിര്‍ത്തുന്ന അവസ്ഥ, തുടര്‍ച്ചയായ സ്‌ട്രെസ് തുടങ്ങിയ കാരണങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ
ഇതില്‍ അധികവും വരുന്നത് സൈക്കോളജിക്കല്‍ അല്ലെങ്കില്‍ മനശാസ്ത്രപരമായ കാരണങ്ങളാണ്. ട്രോമ ഇതില്‍ വലിയ ഘടകമാകാം. എന്തെങ്കിലും അപകടങ്ങളോ പരുക്കുകളോ എന്നിവ മൂലമുണ്ടായ ആഘാതം, ലൈംഗിക പീഡനവും അതുമായി ബന്ധപ്പെട്ട മോശം അനുഭവങ്ങളുമെല്ലാം വ്യക്തിയില്‍ കിടന്ന് അത് പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഈ അവസ്ഥയിലുള്ളവരില്‍ ദുസ്വപ്നങ്ങള്‍ പതിവാകാമെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു.
അതുപോലെ ഉറക്കമില്ലായ്മ, തുടര്‍ച്ചയായി ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം ആഴത്തില്‍ കിട്ടാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരിലും ദുസ്വപ്നങ്ങള്‍ പതിവാകാം. ജോലിസ്ഥലത്ത് നിന്നോ, ബന്ധങ്ങളില്‍ നിന്നോ, വീട്ടില്‍ നിന്നോ എല്ലാം തുടര്‍ച്ചയായി സ്‌ട്രെസ് അനുഭവിക്കുന്നവര്‍ക്കും ദുസ്വപ്‌നങ്ങള്‍ വരാം.
ബന്ധപ്പെട്ട വാർത്തകൾ: രാത്രി നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
പരിഹാരം
പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ പോലുള്ള മാനസികപ്രശ്‌നങ്ങള്‍ക്ക് തെറാപ്പി, കൗണ്‍സിലിംഗ് സ്‌ട്രെസ് കുറയ്ക്കാനുള്ള മരുന്ന് തുടങ്ങി പല ചികിത്സകളും ലഭ്യമാണ്. ഉറക്കമില്ലായ്മയുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിഹാരം തേടണം.
അനുകൂലമായ അന്തരീക്ഷത്തില്‍ ഉറങ്ങല്‍, പതിവായി ഒരേസമയം ഉറങ്ങല്‍, ഉണരല്‍, സ്‌ട്രെസില്ലാത്ത ജീവിതാന്തരീക്ഷം, വ്യായാമം, വിനോദത്തിനുള്ള സാധ്യതകള്‍ എന്നിവയെല്ലാം ദുസ്വപ്നങ്ങള്‍ അകറ്റുന്നതിന് വ്യക്തികള്‍ക്ക് സ്വയം ചെയ്യാവുന്നതാണ്. മനസിനെ എപ്പോഴും നിയന്ത്രിച്ചുകൈകാര്യം ചെയ്ത് പരിശീലിക്കണം. അതിന് സാധിക്കാത്തപക്ഷം തീര്‍ച്ചയായും വിദഗ്ധരുടെ സഹായം തേടണം. ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ലജ്ജയും കരുതേണ്ടതില്ല.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.