മുഖത്തെ ചുളിവുകൾ വാർധക്യത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. എന്നാൽ മധ്യവയസ്കരിലും മറ്റ് ചില കാരണങ്ങളാലും മുഖത്തും ശരീര ഭാഗങ്ങളിലും ചുളിവുകൾ വരാം. കെമിക്കൽ ഉൽപന്നങ്ങളും ഫാസ്റ്റ് ഫുഡും ശീലമാക്കിയ നമ്മൾ ചർമത്തിന്റെ മാറ്റം അൽപമൊന്ന് ശ്രദ്ധിച്ചാൽ യുവത്വം നിലനിർത്താൻ സാധിക്കും. കാലാവസ്ഥ മാറ്റം, കെമിക്കൽ ഉൽപന്നങ്ങളുടെ അമിത ഉപയോഗം, പോഷക കുറവ് എന്നിവയാണ് ചുളിവ് വരാനുള്ള പ്രധാന കാരണങ്ങൾ. ചർമം മൃദുവാക്കാനും അയഞ്ഞ ചർമം ലഭിക്കുന്നതിനും വെളിച്ചെണ്ണ വളരെ ഉത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: 'ഫ്രഷ്' ചിക്കനും മീനും തിരിച്ചറിയാം
വെളിച്ചെണ്ണ മാത്രം മതി
മുഖം വരണ്ട് പോകുന്നതിനും ചുളിവുകൾ വരുന്നതിനും വെളിച്ചെണ്ണ മാത്രം പ്രയോഗിച്ചാൽ മതി. മുഖത്തും കഴുത്തിലും കൈ കാലുകളിലും ദിവസേന എണ്ണ പുരട്ടാം. രാത്രിയിൽ എണ്ണ തേയ്ക്കുന്നതിന് മുമ്പ് മുഖം തണുത്ത വെള്ളത്തിൽ കഴുകണം. വെളിച്ചെണ്ണ സാവധാനം മസാജ് ചെയ്യുന്നതും ചർമത്തിന് ഗുണം ചെയ്യും.
വെളിച്ചെണ്ണയും തേനും
ദിവസവും വെളിച്ചെണ്ണ-തേൻ കോമ്പിനേഷൻ ഉപയോഗിച്ചത് ചർമത്തിന് ഏറെ ഗുണം ചെയ്യും. അര ടീസ്പൂൺ തേൻ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ ചേർത്ത് ചുളിവുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് ഉത്തമമാണ്. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയാം.
വെളിച്ചെണ്ണയും നാരങ്ങാനീരും
മൂന്ന് തുള്ളി നാരങ്ങാ നീരും ഒരു ടീസ്പൂൺ പാലും (വേണമെങ്കിൽ ചേർക്കാം) ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിട്ടിന് ശേഷം കഴുകി കളയാം.
വെളിച്ചെണ്ണയും മഞ്ഞളും
ഒരു ടേബിൾസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടിയ ശേഷം 20 മിനിട്ടിന് ശേഷം കഴുകി കളയാം.
വെളിച്ചെണ്ണയും കാസ്റ്റർ ഓയിലും
വെളിച്ചെണ്ണയും കാസ്റ്റർ ഓയിലും (ആവണക്കണ്ണ) സമാസമം യോജിപ്പിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് നിത്യേന ഉപയോഗിക്കാം. കാസ്റ്റർ ഓയിലിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമത്തിന്റെ യുവത്വം നില നിർത്താൻ സഹായിക്കുന്നു.
വെളിച്ചെണ്ണയും വിറ്റാമിൻ ഇയും
വിറ്റാമിൻ ഇ ക്യാപ്സ്യുളും വെളിച്ചണ്ണയും ചേർത്ത് മുഖം കഴുകിയ ശേഷം പുരട്ടാം. അൽപനേരം മസാജ് ചെയ്യുന്നതും നല്ലതാണ്. വരണ്ട ചർമം ഹൈഡ്രേറ്റ് ചെയ്യുന്നതിനും യുവത്വം നിലനിർത്തുന്നതിനും ഈ മിക്സ് ഗുണം ചെയ്യും.
വെളിച്ചെണ്ണയും ആപ്പിൾ സൈഡർ വിനിഗറും
ഒരു ടേബിൾസ്പൂൺ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സൈഡർ വിനിഗർ മിക്സ് ചെയ്യാം. ശേഷം പഞ്ഞി ഉപയോഗിച്ച് മുഖത്ത് പുരട്ടാം. ഇത് നന്നായി ഉണങ്ങിയ ശേഷം വെളിച്ചെണ്ണ തേച്ച് മസാജ് ചെയ്യാം. രാത്രി കിടക്കുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ശേഷം രാവിലെ കഴുകി കളയാം.
വെളിച്ചെണ്ണയും കറ്റാർവാഴയും
ചർമത്തിന്റെ വർൾച്ച മാറുന്നതിനും മൃദുലമാകാനും കറ്റാർവാഴയും വെളിച്ചെണ്ണയും നല്ലൊരു കോമ്പിനേഷനാണ്. വെളിച്ചെണ്ണയും കറ്റാർവാഴയും വെള്ളരി അരച്ചതും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന്റെ തിളക്കം വർധിപ്പിക്കും. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.