തേങ്ങാവെള്ളം വെറുതെ കുടിയ്ക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. ശരീരത്തിന് ഗുണകരമായ ഒരുപാട് ഘടകങ്ങൾ തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് അകത്ത് മാത്രമല്ല, മുടിയ്ക്കും ചർമത്തിനുമെല്ലാം വളരെ പ്രയോജനകരമാണ് തേങ്ങാവെള്ളം. തേങ്ങാവെള്ളം പതിവായി കുടിയ്ക്കുന്നതും മുഖത്ത് പുരട്ടുന്നതുമെല്ലാം നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റി നിർത്താൻ സഹായിക്കും. ഇത്തരത്തിൽ നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന തേങ്ങാവെള്ളം ഉപയോഗിച്ച് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കുറച്ച് സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മുടി കൊഴിച്ചിൽ തടയുന്നു
മുടി കൊഴിച്ചിൽ നിങ്ങളെ ആശങ്കപ്പെടുത്തുന്നുവെങ്കിൽ തേങ്ങാവെള്ളം നല്ലതാണ്. മുടിക്കൊഴിച്ചിൽ തടയുക മാത്രമല്ല, തേങ്ങാവെള്ളം തലമുടിയിലും തലയിലും തേച്ചുപിടിപ്പിച്ചാൽ തലയോട്ടിയിലെക്കുള്ള രക്തചംക്രമണം വർധിക്കുന്നതിനും സഹായിക്കുന്നു.
ഇതിനായി, തേങ്ങാവെള്ളം തലമുടിയിൽ തേച്ച് മസാജ് ചെയ്യുക. ശേഷം മുടി കഴുകുക. തലമുടിയ്ക്ക് ആരോഗ്യം നൽകുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും ഇങ്ങനെ മസാജ് ചെയ്യുന്നത് ഫലപ്രദമാണ്. നരച്ച മുടിയുടെ ലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും ഇവ നല്ലതാണ്. കൂടാതെ, മുടി മൃദുലവും തിളക്കമുള്ളതുമാക്കുന്നു.
താരന് മികച്ച ഉപായം
സമ്പുഷ്ടമായി കേശം വളരുക മാത്രമല്ല, താരൻ എന്ന നിങ്ങളുടെ വലിയ പ്രതിസന്ധിയും തേങ്ങാവെള്ളത്തിലൂടെ പരിഹരിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ ഗുണങ്ങളാണ് താരനെതിരെ പ്രവർത്തിക്കുന്നത്.
തലമുടിയിലെ ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ, തലയോട്ടി സംബന്ധമായ മറ്റ് അണുബാധകൾ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നു. തേങ്ങാവെള്ളത്തിനൊപ്പം ഒരു പാത്രത്തിൽ ആപ്പിൾ സിഡെർ വിനെഗർ കൂടി ചേർക്കുക. സാധാരണ തല കഴുകുമ്പോൾ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച ശേഷം മുടി കഴുകുക. തുടർന്ന് തേങ്ങാവെള്ളത്തിന്റെ ഈ മിശ്രിതം തലയിൽ പുരട്ടാം. ഒരു മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകിക്കളയുക. ആഴ്ചയിൽ ഒരിക്കലെങ്കിലും തേങ്ങാവെള്ളം ഉപയോഗിച്ച് ഈ വിധത്തിൽ തലമുടി കഴുകിയാൽ താരരെ അകറ്റാം.
തലമുടിയ്ക്ക് മാത്രമല്ല തേങ്ങാവെള്ളം ബെസ്റ്റ്. മുഖത്തിനും ചർമത്തിനും സൗന്ദര്യ വർധനവിനും തേങ്ങാവെള്ളം മികച്ച പോംവഴിയാണ്.
മുഖക്കുരു മാറ്റാം
തേങ്ങാവെള്ളത്തിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരുവിന് പ്രതിവിധിയാണ്. വിറ്റാമിൻ സി, അമിനോ ആസിഡുകൾ എന്നിവയും തേങ്ങാവെള്ളത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ചർമത്തിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി പ്രവർത്തിക്കും. തേങ്ങാവെള്ളത്തിനൊപ്പം മഞ്ഞൾ, ചന്ദനം എന്നിവയും കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖക്കുരു ഉള്ള ചർമത്തിൽ പുരട്ടണം. മുഖക്കുരു ഉള്ള ഭാഗത്ത് ഈ പേസ്റ്റ് പുരട്ടിയാൽ മുഖക്കുരു മാറ്റാനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
വരണ്ട ചർമത്തിന്
വരണ്ടതും സെൻസിറ്റീവുമായ ചർമത്തിന് മോയിസ്ചറൈസർ ആയി പ്രവർത്തിക്കാൻ തേങ്ങാവെള്ളം നല്ലതാണ്. അതായത്, തേങ്ങാവെള്ളത്തിൽ പ്രകൃതിദത്തമായ ഷുഗിന്റെയും ആന്റിഓക്‌സിഡന്റുകളുടെയും ഉറവിടമാണ് തേങ്ങാവെള്ളം. ഇവ വരണ്ട ചർമത്തെ പരിപോഷിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുഖകാന്തിയ്ക്ക് നിസ്സാരം ഐസ് ക്യൂബ് മതി
മുഖത്തിന്റെ മങ്ങൽ ഒഴിവാക്കി കൂടുതൽ തിളക്കമുള്ള മുഖം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് തേങ്ങാവെള്ളത്തെ ആശ്രയിക്കാവുന്നതാണ്. ഇതിനായി തേങ്ങാവെള്ളത്തിലേക്ക് റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്യുക. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിക്കുക. ശേഷം നിങ്ങൾ ഉപയോഗിക്കുന്ന ചർമത്തിനായുള്ള ഏതെങ്കിലും എണ്ണയിൽ കലർത്തി ഇത് ചർമത്തിൽ പ്രയോഗിക്കുക.