മധുരം ഇഷ്ടമില്ലാത്തവർക്ക് പോലും ചോക്ലേറ്റ് ഇഷ്ടമാണ്. ബർത്ത് ഡേയ്ക്കും വാലന്റൈൻ ഡേയ്ക്കും കൂടാതെ ഏത് സവിശേഷ ദിവസവും ഗിഫ്റ്റായും വിഭവങ്ങളിലായും ചോക്ലേറ്റ് സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇന്ന് ലോകത്തിൽ ഏറ്റവും ജനപ്രിയമായ ഫ്ലേവറുകളിലൊന്നായും ചോക്ലേറ്റ് കണക്കാക്കപ്പെടുന്നു. അമിതമാകാതെ കഴിക്കുകയാണെങ്കിൽ ആരോഗ്യത്തിനും മികച്ചതാണ് ചോക്ലേറ്റ് എന്ന് ആരോഗ്യവിദഗ്ദരും പറയുന്നു. സ്വാദ് അല്‍പം കുറവാണെങ്കിലും മധുരം ഇഷ്ടപ്പെടുന്നവർ ഡാര്‍ക് ചോക്ലേറ്റ് ശീലമാക്കുന്നത് നല്ലതാണ്.
കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാക്കുന്ന ഡാർക് ചോക്ലേറ്റിലും നിരവധി ഗുണങ്ങളുണ്ട്. ഡാർക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുമെന്നതിനാൽ മറ്റ് മധുര പദാർഥങ്ങൾ അമിതമായി കഴിയ്ക്കുന്നത് നിയന്ത്രിക്കാനാകും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് വയർ നിറഞ്ഞുവെന്ന തോന്നൽ ഉണ്ടാക്കുന്നത്.
ശരീരത്തിലെ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കുന്നതിന് ഡാര്‍ക് ചോക്ലേറ്റ് ഗുണകരമാണ്. ഒപ്പം രക്ത ശുദ്ധീകരണത്തിനും ഇത് നന്നായി ഫലം ചെയ്യും. ഹൃദ്രോഗം, പ്രമേഹം, പാർക്കിൻസൺസ് രോഗം, അൽഷിമേഴ്സ്, കാൻസർ, നേത്രരോഗം എന്നിവയ്ക്കും ഡാർക് ചോക്ലേറ്റ് പ്രതിവിധിയാണ്.
ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് ഇത്. ബാക്ടീരിയകളെ നശിപ്പിക്കാൻ ഡാർക് ചോക്ലേറ്റിന് സാധിക്കുന്നു. അതിനാൽ തന്നെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഏറെ സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന് ഉത്തമമായതിനാൽ ഫ്‌ളേവനോയ്ഡുകള്‍ സ്‌ട്രോക്ക് ഉണ്ടാക്കുന്നത് തടയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രതിരോധിക്കുന്നതിനായി ഇതിലുള്ള പെന്റാമെറിക് പ്രോസയനൈഡിന് കഴിയും. പ്രമേഹ സാധ്യത കുറയ്ക്കാനും ഡാർക് ചോക്ലേറ്റ് ഉത്തമമെന്ന് പറയാറുണ്ട്.
ആന്റി ഓക്സിഡന്റുകൾ തന്മാത്രകളായ ഫ്ലേവനോളുകൾ തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിക്കുന്നു. ഇവ ഓർമശക്തിയ്ക്ക് അത്യധികം ഗുണകരമാണ്. പഠനവുമായി ബന്ധപ്പെട്ട കഴിവുകൾ ത്വരിതപ്പെടുത്തുന്നതിനും ഡാർക് ചോക്ലേറ്റ് ഗുണപ്രദമാണ്.
മാനസിക പിരിമുറുക്കങ്ങളും സമ്മർദങ്ങളും ഡാർക് ചോക്ലേറ്റ് കഴിയ്ക്കുന്നതിലൂടെ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് ഇത് നിയന്ത്രിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ തലച്ചോറിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഓര്‍മ കൂട്ടാനും ചോക്ലേറ്റ് ഫലപ്രദമാണ്. ചെറിയ അളവിൽ ഡാർക് ചോക്ലേറ്റ് കഴിയ്ക്കുന്നത് വഴി മാനസികാവസ്ഥയെ ഗണ്യമായി മെച്ചപ്പെടുത്താനാകും.
അതായത്, ദിവസേന 10 ഗ്രാം ഡാർക് ചോക്ലേറ്റ് കഴിക്കുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സന്തുഷ്ടരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡാർക് ചോക്ലേറ്റിൽ ധാരാളം നാരുകൾ, ഇരുമ്പ്, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.
പൊതുവേ മിൽക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് എന്നിവയേക്കാൾ ഡാർക്ക് ചോക്ലേറ്റിൽ പഞ്ചസാര കുറവാണ്. ഡാർക് ചോക്ലേറ്റ് വൃക്കകളെ സംരക്ഷിക്കുമെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഡാർക് ചോക്ലേറ്റിലെ ഫ്ളവനോളുകൾ വൃക്കകളുടെ പ്രവർത്തനത്തെയും സുഗമമാക്കുന്നു. കോശങ്ങളിലെ ഓക്സിജൻ നിലനിർത്താനും ഡാർക് ചോക്ലേറ്റ് സഹായിക്കുന്നു.