സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന വില്ലനാണ് മുഖക്കുരു. ഏറ്റവും കൂടുതലും കൗമാരപ്രായത്തിലുള്ളവരെയാണ് മുഖക്കുരു പ്രശ്നം അലട്ടുന്നതും. എന്നുവച്ചാൽ മുതിർന്നവരിൽ മുഖക്കുരു പ്രശ്നങ്ങളില്ലെന്ന് അല്ല. ഹോർമോൺ പ്രശ്നങ്ങളാലും നാം കഴിയ്ക്കുന്ന ആഹാരത്തിന്റെ പ്രശ്നങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിനുള്ള കാരണക്കാരാണ്.
വീട്ടിൽ നാം ചില പൊടിക്കൈകളൊക്കെ പ്രയോഗിക്കാറുമുണ്ട്. എന്നിട്ടും മുഖക്കുരുവിനെ ഒഴിവാക്കാനാകാത്തവർ ഡെര്‍മറ്റോളജിസ്റ്റിന് സമീപം ചികിത്സ തേടാറുണ്ട്.
ഇങ്ങനെയുള്ള പല പൊടിക്കൈകളും പ്രയോഗിച്ചാലും മുഖക്കുരുവിന് ശാശ്വത പരിഹാരമാകുമോ എന്നത് സംശയമാണ്. ചർമത്തിന്റെ ആരോഗ്യത്തിനും അതുപോലെ മുഖത്തിന് തിളക്കവും ഭംഗിയും ഉണ്ടാകണമെങ്കിൽ തീർച്ചയായും മുഖക്കുരുവിൽ നിന്ന് മുക്തി നേടണം.
ഇതിനായി കൃത്യമായ ഉറക്കവും ഒപ്പം ദിവസേന ചർമസംരക്ഷണത്തിൽ ശ്രദ്ധിക്കുക എന്നതും, സമീകൃതാഹാരവും ജലപാനവുമെല്ലാം ശീലമാക്കേണ്ടതുണ്ട്. ഇതൊക്കെ ചെയ്താലും മുഖക്കുരു വിട്ട് പോകുന്നുണ്ടോ എന്നത് സംശയകരമാണ്. അതിനാൽ, ഇതിന്റെ പോംവഴികൾ അന്വേഷിക്കുന്നവർ നിങ്ങളുടെ ആഹാരത്തിലേക്കും അൽപം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
വ്യക്തികൾക്ക് അനുസരിച്ച് ചർമത്തിലും വ്യത്യാസമുണ്ടാകുന്നു. അതായത്, എല്ലാവരുടെയും ചർമം ഒരുപോലെ ആകണമെന്നില്ല. ചില ഭക്ഷണങ്ങൾ ചില വ്യക്തികളിൽ മുഖക്കുരു ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ വ്യക്തമായി പറയുന്നത്. പാൽ, ഐസ്ക്രീം, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവ കർശനമായും ഒഴിവാക്കേണ്ടതുണ്ട്. ഐജിഎഫ്-1 എന്ന ഇൻസുലിൻ പോലുള്ള ഹോർമോണിനെ പ്രോത്സാഹിപ്പിക്കാൻ പശുവിൻ പാൽ കാരണമാകും. ഇത് മുഖക്കുരു വ്യാപിക്കുന്നതിലേക്ക് നയിക്കുന്നു.
ഇങ്ങനെ മുഖക്കുരുവിനെ ക്ഷണിച്ചുവരുത്തുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മുഖക്കുരു ഈ ഭക്ഷണങ്ങളിലൂടെ…
എണ്ണ കലർന്ന ആഹാരപദാർഥങ്ങൾ മാത്രമല്ല ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളും മുഖക്കുരുവിന് കാരണമാകുന്നു.
നിലക്കടല, പഞ്ചസാര, മിഠായി, മദ്യം, സോഡ, റെഡ്മീറ്റ്, ഷെൽഫിഷ് എന്നിവയും അമിതമായി ഉപ്പ് ഉപയോഗിക്കുന്നതും മുഖത്തിന് വിനയാകും. ബ്രെഡിലും പാസ്തയിലുമുള്ള ഗ്ലൂട്ടനും മറ്റൊരു വെല്ലുവിളിയാണ്.
ജങ്ക് ഫുഡ്ഡുകളും, വറുത്തതും സംസ്കരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ നിങ്ങളപ്പോലെ മുഖക്കുരുവിനും പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. ഇവ ഹോർമോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചർമത്തിൽ എണ്ണ അമിതമായി സ്രവിക്കാൻ കാരണമാവുകയും ചെയ്യുന്നു.
വെളുത്ത റൊട്ടി, ഉരുളക്കിഴങ്ങ്, മൈദ മാവ് എന്നിവ ഉപയോഗിച്ച് നിർമിച്ച പാസ്തയും പ്രശ്നമാണ്. ഇവയെല്ലാം ചർമത്തിന് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കാനും പഴുപ്പ് ഉണ്ടാക്കാനും കൂടാതെ മുഖക്കുരുവിനും കാരണമാകും. മുഖക്കുരു ഒഴിവാക്കുവാൻ അതിനാൽ സ്ഫുടം ചെയ്ത ധാന്യങ്ങളും പഞ്ചസാരയും കഴിയ്ക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അസിഡിറ്റി പ്രശ്‌നം പരിഹരിക്കാൻ ചില പൊടികൈകൾ
നിങ്ങളുടെ ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും പ്രോട്ടീൻ സ്രോതസ്സുകളും ധാന്യങ്ങളും ഉൾപ്പെടുത്തി സമീകൃതാഹാരത്തിന് മുൻഗണന നൽകുകയാണെങ്കിൽ മുഖക്കുരുവിനെ തടയാം.