ഒരു വിത്ത് കണ്ണുതുറന്ന് വൈവിധ്യ സുന്ദരമായ ഈ ലോകത്തെ എത്തി നോക്കുവാന്‍ ശ്രമിക്കുന്നതിന്റെ പ്രധാന കാരണക്കാരനാണ് സൈറ്റൊകൈനിന്‍. ഇലകളെ ചെടികളില്‍ തന്നെ കൂടുതല്‍ കാലം നിലനിര്‍ത്തി പ്രകാശസംശ്ലേഷണം ചെയ്യിക്കുന്നതും സൈറ്റൊകൈനിന്‍ തന്നെ. പാര്‍ശ്വ മുകുളങ്ങളെ കൂടുതലായി തലോടി വളര്‍ത്തി പരിപാലിക്കുന്നതില്‍ ഇവയുടെ പങ്ക് വലുതാണ്. ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യുന്ന ഈ ഹോര്‍മോണിനെ കുറിച്ച് അറിയണ്ടേ?
1948 ല്‍ തന്നെ ചെടികളുടെ വളര്‍ച്ചയില്‍ തേങ്ങ വെള്ളത്തിന്റെ പ്രാധാന്യം ശ്രദ്ധേയമായിരുന്നു. എന്നാല്‍ Letham എന്ന ശാസ്ത്രജ്ഞനാണ് സൈറ്റൊകൈനിന്‍ കണ്ടുപിടിച്ചത്. തുടര്‍ന്ന് തേങ്ങാവെള്ളത്തില്‍ കാണുന്നത് സൈറ്റൊകൈനിന്റെ പ്രതിരൂപമായ സിയാറ്റിന്‍ ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ജനിതക കണികയായ് ഡിഎന്‍എയുടെ വിഘടനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഒരു വസ്തുവാണ് സൈറ്റൊകൈനിന്‍.
'സൈറ്റോ' എന്നാല്‍ കോശം എന്നും 'കൈനിന്‍' എന്നാല്‍ വിഘടനം എന്നുമാണ് അര്‍ത്ഥം. പേരു പോലെതന്നെ ഇവ കോശങ്ങളുടെ വിഘടനത്തിനു സഹായിക്കുന്നു. അങ്ങനെ ചെടികളില്‍ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കോശ ചക്രത്തില്‍ ഇവയുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ അനിയന്ത്രിതമായ രീതിയില്‍ ഉത്പാദിപ്പിക്കുമ്പോള്‍ ട്യൂമര്‍ ഉണ്ടാകും. ഗാള്‍ പോലുള്ള രൂപങ്ങള്‍ ചെടികളില്‍ കാണപ്പെടുന്നത് നമ്മള്‍ക്ക് പരിചിതമല്ലേ. രോഗകാരികളായ ചില ബാക്ടീരിയകള്‍, നിമാവിരകള്‍ എന്നിവ സൈറ്റൊകൈനിന്‍ ഉത്പാദിപ്പിക്കും. അതുമൂലം ചെടികളില്‍ 'മന്ത്രവാദിനിയുടെ ചൂലി'ന്റെ (witches broom) രൂപസാദൃശ്യത്തില്‍ അമിതമായ തോതില്‍ കോശങ്ങള്‍ ഉണ്ടാകുന്നു.
ഓക്‌സിനും സൈറ്റൊകൈനിനും സഹോദരങ്ങളെ പോലെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളാണ്. ചെടികളുടെ ഉള്ളിലുണ്ടാകുന്ന ഇവയുടെ ഏറ്റക്കുറച്ചിലാണ് സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് പ്രധാനകാരണം.
ഇല പൊഴിയാതെ കൂടുതല്‍ നാള്‍ അവയെ ചെടികളില്‍ നിലനിര്‍ത്താന്‍ കഴിവുള്ളതിനാല്‍ പ്രായാധിക്യത്തെ ചെറുത്തു നിര്‍ത്തുവാന്‍ സാധിക്കും. അതിനാല്‍ തന്നെ പൂക്കളുടെ vaselife കൂട്ടുവാന്‍ സാധിക്കുന്നു.
വരള്‍ച്ചയിലും കാലാവസ്ഥയുടെ മറ്റു പ്രതികൂലതകളിലും ഉത്പാദനം കൂട്ടുവാനും, രോഗ പ്രതിരോധ ശക്തിക്കും ഇതു അത്യുത്തമമാണ്.
പെണ്‍ പൂക്കള്‍ ഉണ്ടാകുവാനും ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും ഇതു സഹായിക്കുന്നു. കുരുവില്ലാത്ത പഴങ്ങളുടെ ഉത്പാദനത്തിനും ഇവയുടെ മഹത്വം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
തേങ്ങാ വെള്ളത്തില്‍ ജനിച്ച ഈ വിരുതന്‍ ശാസ്ത്ര ലോകത്തിനു തന്നെ അത്ഭുതമാണ്.
ഡോ. നിയാ സെലിന്‍