വെജോ നോൺവെജോ എന്നു നോക്കാതെ മിക്ക കറികളിലും നമ്മൾ ഉരുളക്കിഴങ്ങ് ചേർക്കാറുണ്ട് കാരണം ഇത് കറിയെ കൂടുതൽ സ്വാദിഷ്ടമാക്കുന്നു. പലതരം സ്‌നാക്‌സിന്റെ പ്രധാന ചേരുവയും ഉരുളക്കിഴങ്ങ് തന്നെ. സ്വാദ് മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളും ഉരുളക്കിഴങ്ങിനുണ്ട്. വേവ് കൂടുതലോ കുറവോ ആവാതെ ഉരുളക്കിഴങ്ങ് എളുപ്പത്തിൽ വേവിച്ചെടുക്കാൻ സഹായിക്കുന്ന ചില രീതികളെ കുറിച്ചാണ് വിശദമാക്കുന്നത്.
- ഏറ്റവും സൗകര്യപ്രദമായ മാര്‍ഗ്ഗം പ്രഷര്‍ കുക്കറിൽ വേവിക്കുന്നതുതന്നെ. കുക്കറിൽ ഉരുളക്കിഴങ്ങിട്ട്, ഇത് മൂടാൻ പാകത്തിന് മാത്രം വെള്ളം ഒഴിയ്ക്കുക. ശേഷം കുക്കര്‍ അടച്ച് മീഡിയം തീയ്യില്‍ വേവിച്ചെടുക്കണം. രണ്ടോ മൂന്നോ വിസിലുകള്‍ മാത്രം മതി ഉരുളക്കിഴങ്ങ് വെന്ത് വരാന്‍. തീ ഓഫ് ചെയ്ത് മര്‍ദ്ദം മുഴുവന്‍ പുറത്തേക്ക് കളഞ്ഞതിന് ശേഷം ഉരുളക്കിഴങ്ങ് എടുത്ത് മാറ്റാവുന്നതാണ്.
- ഒരു പാനിൽ പകുതിയോളം വെള്ളം നിറക്കുക. വെള്ളം ചൂടായ ശേഷം ഉരുളക്കിഴങ്ങ് ഇടുക. 15-20 മിനിറ്റ് വരെ പാത്രം മൂടാതെ ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക. ഇത് പാൻ രീതിയാണ്.
- ഉരുളക്കിഴങ്ങ് മൈക്രോവേവ് ഓവനില്‍ വെള്ളമില്ലാതെ വേവിച്ചെടുക്കാവുന്നതാണ്. അതിന് വേണ്ടി ഉരുളക്കിഴങ്ങ് നല്ലതുപോലെ കഴുകി വൃത്തിയാക്കുക. പിന്നീട് ഒരു കുഞ്ഞ് പപ്പടം കുത്തി എടുത്ത് ഉരുളക്കിഴങ്ങെല്ലാം നല്ലതുപോലെ കുത്തുക. ആറ് ഏഴ് സ്ഥലത്തെങ്കിലും ഇത്തരത്തില്‍ കുത്തേണ്ടതാണ്. അതിന് ശേഷം ഇവ ഒരു പ്ലേറ്റില്‍ വെക്കുക. പിന്നീട് അവ ഏകദേശം 3 മിനിറ്റ് മൈക്രോവേവ് ചെയ്യുക. മൈക്രോവേവില്‍ നിന്ന് നീക്കം ചെയ്ത ശേഷം തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
- വെള്ളത്തൊടൊപ്പവും ഉരുളക്കിഴങ്ങ് മൈക്രോവേവിൽ വേവിച്ചെടുക്കാം. അതിന് വേണ്ടി ഉരുളക്കിഴങ്ങ് നല്ലതുപോലെ വൃത്തിയാക്കിയ ശേഷം, അവയെ മുകളില്‍ പറഞ്ഞത് പോലെ കുത്തി ഓട്ടയാക്കുക. ശേഷം മൈക്രോവേവില്‍ പോകാന്‍ കഴിയുന്ന ഒരു പാത്രം എടുത്ത് പകുതി വെള്ളം നിറയ്ക്കുക. ഈ പാത്രത്തിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് അത് മൈക്രോവേവില്‍ വയ്ക്കുക. 8 മിനിറ്റ് സമയം സെറ്റ് ചെയ്തതിന് ശേഷം അത് കഴിഞ്ഞ് പാത്രം മൈക്രോവേവില്‍ നിന്ന് മാറ്റുക. ഉരുളക്കിഴങ്ങ് വെന്തിട്ടുണ്ടാവും.