'രാജാവിനെ പോലെ പ്രാതല്‍, രാജ്ഞിയെ പോലെ ഉച്ചഭക്ഷണം, ദരിദ്രനെ പോലെ അത്താഴവും' എന്നാണ് ചൊല്ല്. അത് വെറുമൊരു പഴമൊഴിയല്ല, നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങൾ പ്രഭാത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ യാതൊരു കാരണവശാലും, രാവിലെത്തെ ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.
എന്നാൽ പോഷക സമൃദ്ധമായ ആഹാരമാണ് കഴിയ്ക്കേണ്ടത്. മറിച്ച് എന്തെങ്കിലും വാരി വലിച്ച് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൂടാതെ, ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുന്നതും പ്രഭാത ഭക്ഷണത്തിലൂടെയാണ്. അതിനാൽ തന്നെ, വെറും വയറ്റില്‍ കഴിച്ചുകൂടാത്ത ആഹാരങ്ങളുമുണ്ട്.
പലപ്പോഴും അവയെ കുറിച്ച് ശരിയായ അറിവില്ലാത്തതിനാൽ തന്നെ നമ്മൾ പ്രാതലിൽ അവ ഉൾപ്പെടുത്താറുമുണ്ട്. വെറും വയറ്റിൽ കഴിച്ചാൽ ദോഷം ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കാം.
തൈര്
പാല്‍ പുളിപ്പിച്ചെടുക്കുന്ന ഉല്‍പന്നമാണ് തൈര്. അതിനാൽ തന്നെ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോൾ തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ്, ആമാശയത്തിലെ ബാക്ടീരിയകളെ ഫലപ്രദമല്ലാതാക്കുന്നു. ഉയര്‍ന്ന അസിഡിറ്റിയുള്ളതിനാൽ ആമാശയം ഹൈഡ്രോക്രോറിക് ആസിഡ് ഉൽപാദിപ്പിക്കുകയും, ഇത് അസിഡിറ്റിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
കാപ്പി
ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കുന്നതിലൂടെ അസിഡിറ്റി ഉണ്ടാകുന്നു. ഇത് ദഹനവ്യവസ്ഥയിലെ ഹൈഡ്രോക്രോറിക് ആസിഡിന്റെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു. ഗ്യാസ്‌ട്രൈറ്റിസിനും ഇത് കാരണമായേക്കാം.
ജ്യൂസുകള്‍
രാവിലെ വെറും വയറ്റിൽ ജ്യൂസ് കുടിയ്ക്കുന്ന ശീലമുള്ളവർ അത് ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജ്യൂസ് ഇങ്ങനെ കുടിയ്ക്കുന്നത് പാന്‍ക്രിയാസില്‍ ഒരു അധിക ഭാരം നല്‍കുന്നു. പഴങ്ങൾ ജ്യൂസാക്കുമ്പോൾ അതിലടങ്ങിയിരുന്ന ചില നാരുകൾ പൾപ്പും തൊലിയും വേർതിരിച്ചപ്പോൾ നഷ്ടമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ജ്യൂസിലൂടെ വർധിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങി രോഗങ്ങൾക്കും ഇത് വഴിയൊരുക്കുന്നു.
ഇതിന് പുറമെ, പഴങ്ങളില്‍ ഫ്രക്ടോസ് രൂപത്തിലുള്ള പഞ്ചസാര കരളിനെ പ്രതികൂലമായി ബാധിക്കും.
സിട്രസ് പഴങ്ങള്‍
ഓറഞ്ച്, കമ്പിളി നാരങ്ങ, പേരയ്ക്ക തുടങ്ങിയ സിട്രസ് പഴങ്ങളും കുടലിൽ അസിഡിറ്റി വർധിപ്പിക്കുന്നു. ഒഴിഞ്ഞ വയറിൽ ഈ പഴങ്ങൾ കഴിയ്ക്കുമ്പോൾ ആസിഡിന്റെ ഉൽപാദനം വർധിക്കുകയും, അതുവഴി ഗ്യാസ്‌ട്രൈറ്റിസ് ഗ്യാസ്ട്രിക് അള്‍സർ തുടങ്ങിയ രോഗങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്യുന്നു.
സലാഡുകള്‍
നാരുകളടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തിന് അത്യുത്തമമാണ്. എന്നാൽ, ഇവ വെറും വയറ്റിൽ കഴിയ്ക്കുന്നത് പ്രതികൂലമായാണ് ബാധിക്കുന്നത്. അതിനാലാണ് മാമ്പഴവും മറ്റും ഒഴിഞ്ഞ വയറ്റിൽ കഴിയ്ക്കരുതെന്ന് മുതിർന്നവർ പറയാറുള്ളത്.
പഴങ്ങളും സലാഡിൽ ചേർക്കുന്ന പച്ചക്കറികളും നാരുകളാൽ സമ്പുഷ്ടമായിരിക്കും. ഇവ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍, വയറിന് അധിക ഭാരമാകുന്നു. വായുകോപത്തിനും വയറുവേദനയ്ക്കും ഇത് കാരണമാവുകയും ചെയ്യുന്നു.
പുട്ടും കടലക്കറിയും, ഓട്സ് ഇഡ്ഡലി അല്ലെങ്കിൽ ദോശ, ചോളം ഉപ്പുമാവ്, ഗോതമ്പ് കൊണ്ടുള്ള ഇടിയപ്പം, അപ്പവും മുട്ടയുമെല്ലാം ആരോഗ്യത്തിലായാലും രുചിയിലായാലും സമൃദ്ധമായ പ്രഭാത ഭക്ഷണങ്ങളാണ്.