രാത്രി ഉറക്കത്തിനിടെ വിയർക്കുന്നതായി (Sweating in sleep) തോന്നാറുണ്ടോ? കാലാവസ്ഥ അമിതമായി ചൂടുള്ളതല്ലെങ്കിലും, രാവിലെ എഴുന്നേൽക്കുമ്പോൾ വിയർത്തു കുളിച്ച പോലെ ആകാറില്ലേ! ചില ആളുകളിൽ ഇത് പതിവായിരിക്കാം. ഇത് അവരുടെ ശരീരഘടനയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്നതാകാം. മറ്റ് ചിലപ്പോൾ പുതച്ചുമൂടി കിടക്കുന്നതോ അതുമല്ലെങ്കിൽ, മുറിയിലെ ഊഷ്മാവ് കാരണമോ സംഭവിക്കാം.
എന്നാൽ, എല്ലാവരിലും ഈ കാരണങ്ങളാണ് അമിത വിയർപ്പ് ഉണ്ടാകുന്നതെന്ന് പറയാൻ സാധിക്കില്ല.
ബന്ധപ്പെട്ട വാർത്തകൾ: കൊളസ്‌ട്രോളുണ്ടോ? ശരീരം പറയുന്നത് ശ്രദ്ധിക്കൂ... തുടക്കത്തിലേ ഭേദമാക്കാം
ഉറക്കത്തെ വളരെ അലോസരപ്പെടുത്തുന്ന അമിത വിയർപ്പ് മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടെങ്കിലും അത് നിങ്ങളുടെ ശരീരത്തിന് തരുന്നത് ചില രോഗങ്ങളിലേക്കുള്ള സൂചനകളാണ്. അതായത്, ശരീരത്തിൽ ചില രോഗങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്നോ, ഇങ്ങനെയുള്ള രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നതിന്റെയോ ലക്ഷണങ്ങളാണ് ഇവ.
ഉറക്കത്തിൽ ഇങ്ങനെ വിയർക്കുന്നതിന്റെ കാരണമെന്താണെന്നും, അത് ശരീരത്തിനെ സംബന്ധിച്ചുള്ള എന്തെല്ലാം സൂചനകളാണ് നൽകുന്നതെന്നും നോക്കാം.
അമിതമായി വിയർക്കുന്നതിന് കാരണം…
ശരീര താപനില ഉയരുമ്പോഴാണ് സാധാരണ വിയർപ്പും ഉണ്ടാകുന്നത്. അതായത്, താപനില നിയന്ത്രിക്കുന്നതിനായി ശരീരം നടത്തുന്ന പ്രതിരോധ പ്രവർത്തനമാണ് വിയർപ്പ്.
ലിംഫോമ അല്ലെങ്കിൽ രക്താർബുദം പോലുള്ള ചില ക്യാൻസറുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ സൂചനയാകും ഉറക്കത്തിനിടയിലെ വിയർപ്പ്.
ആർത്തവ വിരാമത്തിൻ്റെ ഭാഗമായും ഇത് സംഭവിക്കാം. അതായത്, ആർത്തവ വിരാമത്തിന്റെ നാളുകളിലൂടെ കടന്നു പോകുന്ന സ്ത്രീകൾക്ക് രാത്രികാലങ്ങളിലെ ഉറക്കത്തിനിടയിൽ അമിതമായി വിയർക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഗ്യാസ്ട്രോഎസോഫേഷ്യൽ റിഫ്ലക്സ് രോഗം അഥവാ GERD കാരണവും ഇത് സംഭവിക്കാം. രാത്രി കാലങ്ങളിൽ അമിതമായി വിയർക്കുന്നത് ക്ഷയരോഗം അല്ലെങ്കിൽ എച്ച്ഐവി രോഗത്താലുമാകും.
ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കുള്ള സൂചന കൂടിയാണ് ഉറക്കത്തിനിടയിലെ വിയർപ്പെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തൈറോയ്ഡ് ഡിസോർഡർ, സ്ട്രോക്ക്, ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങൾ ഉള്ളവർക്കും ഇതേ അവസ്ഥ ഉണ്ടായേക്കാം.
ഇതു കൂടാതെ, ഉത്കണ്ഠ അമിതമായാലും അധികമായി വിയർക്കുന്നതിന് കാരണമാകും. രാത്രി സമയങ്ങളിലെ അമിത വിയർപ്പിന് നമ്മൾ കഴിക്കുന്ന ചില ആഹാരങ്ങളും സ്വാധീനിക്കുന്നുണ്ട്. മയക്കുമരുന്ന് ആസക്തി, കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി കഴിക്കുക തുടങ്ങിയ ശീലങ്ങൾ ഇത് വഴി വയ്ക്കും. മാത്രമല്ല, ആന്റി ഡിപ്രസന്റുകൾ, ഹോർമോൺ മരുന്നുകൾ, പ്രമേഹ രോഗ മരുന്നുകൾ എന്നിവ ഉപയോഗിച്ചുണ്ടാകുന്ന പാർശ്വഫലങ്ങളാലും ഉറക്കത്തിനിടെ അധികമായി വിയർക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങൾ എപ്പോൾ കഴിയ്ക്കാം!!!
പ്രതിരോധ മാർഗങ്ങൾ
അമിതമായി വിയർക്കുന്നത് പ്രതിരോധിക്കാനും ചില മാർഗങ്ങളുണ്ട്. അതായത്, പുകവലിയും മദ്യവും കഫീനും പോലുള്ള ശീലങ്ങളും കഴിവതും ഒഴിവാക്കുക. മുറിയിലെ ഊഷ്മാവ് തണുപ്പുള്ളതാക്കി നിലനിർത്തണം. വ്യായാമം ശീലമാക്കുക. എന്നാൽ ഉറങ്ങുന്നതിന് തൊട്ട് മുൻപ് വ്യായാമം ചെയ്യരുത്. അതുപോലെ കിടക്കുന്നതിന് മുൻപ് ചെറുചൂടുള്ള ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. ഇതുകൂടാതെ, ശരീരഭാരം അധികമാകാതെ നിയന്ത്രിക്കുക. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. പകൽ സമയത്ത് നന്നായി വെള്ളം കുടിക്കുന്നതിനും ശീലിക്കുക. ഇങ്ങനെ ശരീരത്തിൽ ആവശ്യമായ വെള്ളം നിലനിർത്താം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.