കര്‍ക്കിടകം ഇങ്ങെത്തുമ്പോള്‍ പതിവുപോലെയെത്തും മുരിങ്ങയിലയും കുറേയേറെ കെട്ടുകഥകളും. ഇലകളുടെ സമൃദ്ധിയെന്ന് പറയുന്നത് കര്‍ക്കിടക മാസത്തിലാണ്.
പറമ്പിലെ താളിനും തഴുതാമയ്ക്കുമെല്ലാം വീട്ടിനകത്തേക്ക് പ്രവേശനം കിട്ടുന്ന ഈ സമയത്ത് പോഷകങ്ങളുടെ കലവറയായ മുരിങ്ങയിലയുടെ സ്ഥാനം പടിക്കുപുറത്താണ്. കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കാന്‍ പാടില്ലെന്ന പ്രചരണമാണ് ഇതിനെല്ലാം പിന്നില്‍. ഇതില്‍ വാസ്തവമെന്തെങ്കിലുമുണ്ടോ ? ഇത്തരം വിശ്വാസങ്ങള്‍ക്ക് പിന്നിലെ ശാസ്ത്രീയവശങ്ങളിലേക്ക് ഒന്നു പോയാലോ ?
കര്‍ക്കിടകത്തില്‍ മുരിങ്ങയില വിഷമയമായിരിക്കുമെന്നും അത് പാകം ചെയ്തുകഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് പറയപ്പെടുന്നത്. പഴയകാലത്ത് കിണറ്റിന്റെ കരയിലായിരുന്നു മുരിങ്ങ വച്ചുപിടിപ്പിച്ചിരുന്നത്. കിണറ്റിലെ വെളളത്തിലുളള വിഷം വലിച്ചെടുക്കാന്‍ വേണ്ടിയാണിതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പെട്ടെന്ന് വെളളം കിട്ടുന്ന സ്ഥലം എന്നതാണ് ഇതിന് പിന്നിലുളള യാഥാര്‍ത്ഥ്യം. സൂര്യപ്രകാശവും വെളളവും കിട്ടിയാല്‍ മുരിങ്ങ നന്നായി വളരും. അല്ലാതെ കിണര്‍ വെളളത്തിലെ വിഷം വലിച്ചെടുക്കാനൊന്നുമല്ല.
മഴക്കാലത്ത് ശരീരത്തിന് ചൂട് ലഭിക്കാന്‍ കൊഴുപ്പ് കൂടിയേ തീരൂ. എന്നാല്‍ മുരിങ്ങയില ശരീരം കൊഴുപ്പ് വലിച്ചെടുക്കുന്നതിനെ തടയും. കര്‍ക്കിടകത്തില്‍ മുരിങ്ങയ്ക്ക് വിലക്ക് വരാന്‍ ഇതും പ്രധാന കാരണമാണ്. തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും മുരിങ്ങയില കഴിയ്ക്കണമെന്ന് പൊതുവെ പറയാറുണ്ട്. ശരീരം കൊഴുപ്പ് വലിച്ചെടുക്കുന്നത് മുരിങ്ങയില തടയുന്നതുകൊണ്ടാണിത്.
കര്‍ക്കിടകമാസമെന്നാല്‍ മഴ കോരിപ്പെയ്യുന്ന സമയമാണ്. വയര്‍ സംബന്ധമായ പ്രശ്‌നങ്ങളും ദഹനത്തിന് ബുദ്ധിമുട്ടും ഇക്കാലത്ത് കൂടുതലായിരിക്കും. പെട്ടെന്ന് ദഹിക്കുന്ന ആഹാരമാണ് മഴക്കാലത്ത് കഴിക്കേണ്ടത്. മുരിങ്ങയിലയില്‍ സെല്ലുലോസ് അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ഇതും കര്‍ക്കിടകത്തില്‍ മുരിങ്ങയെ വിഷമായി കാണുന്നതിന് പിന്നിലുളള ഒരു ശാസ്ത്രീയ കാരണമാണ്.
മുരിങ്ങയുടെ ഇല, പൂവ്, കായ എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വൈറ്റമിന്‍ സി, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീന്‍ എന്നിവയ്ക്ക് പുറമെ ബീറ്റാ കരോട്ടിന്‍, അമീനോ ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. മുരിങ്ങയില പതിവായി കഴിക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് പാരമ്പര്യ വൈദ്യശാസ്ത്രം പറയുന്നത്.