മുട്ട പുഴുങ്ങുമ്പോൾ പൊട്ടിപ്പോകാറുണ്ട്. അതുപോലെ വൃത്തിയായി മുട്ടത്തോട് ഉളക്കി എടുക്കാനും ചിലപ്പോഴൊക്കെ പ്രയാസമാണ്. കുക്കറിലും മറ്റും മുട്ട പുഴുങ്ങുമ്പോൾ ചില ടിപ്സുകൾ പ്രയോഗിച്ചാൽ മുട്ട പൊട്ടിപ്പോകാതെ കിട്ടും. ഇതിനുള്ള പൊടിക്കൈകൾ ഏതൊക്കെയെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മുട്ട ഇങ്ങനെ കഴിച്ചാൽ, അതിൻറെ മുഴുവന്‍ ഗുണവും ലഭ്യമാക്കാം
മുട്ട പുഴുങ്ങുന്ന വെള്ളം കുറച്ച് ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് ഇട്ട് കൊടുക്കുക. ശേഷം ഈ വെള്ളത്തിലേക്ക് മുട്ട ഇടുക. മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടുമെന്ന് മാത്രമല്ല, മുട്ടത്തോട് ഇളക്കി മാറ്റാനും എളുപ്പം സാധിക്കും. കൂടാതെ, തീ കുറച്ച ശേഷം മുട്ട വെള്ളത്തിലേക്കിടാന്‍ ശ്രദ്ധിക്കണം.
തിളയ്ക്കുന്ന വെള്ളത്തില്‍ മുട്ട ഇടുമ്പോൾ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. മുട്ട നേരിട്ട് വെള്ളത്തിലേക്ക് ഇടരുത്. പകരം സ്പൂണോ എന്തെങ്കിലും ഉപയോഗിച്ച് സാവധാനത്തിൽ വേണം മുട്ട ഇടേണ്ടത്. ഈ കുറഞ്ഞ തീയില്‍ തന്നെ നാലോ അഞ്ചോ മിനിറ്റ് മുട്ട വേവിക്കുന്നതാണ് നല്ലത്. ഇതിന് ശേഷം തീ കൂട്ടാം.
ഉപ്പിന് പകരം വിനാഗിരിയും സമാന ഫലം തരും. കുക്കറിലാണ് മുട്ട പുഴുങ്ങുന്നതെങ്കിൽ ഇളം ചൂട് വെള്ളത്തിൽ മുട്ടയിട്ട് ഒപ്പം വിനാഗിരിയും ചേർത്ത് അടച്ച് വച്ച് പുഴുങ്ങി എടുക്കാവുന്നതാണ്. ഒരു വിസിലിൽ തന്നെ മുട്ട കൃത്യമായ പാകമായി കിട്ടും.
മുട്ട പിന്നീട് വെള്ളത്തിൽ വച്ച് നന്നായി തണുത്ത ശേഷം വേണം തോട് പൊളിച്ചെടുക്കേണ്ടത്.
ഫ്രീഡ്ജില്‍ വച്ച മുട്ട പുഴുങ്ങുമ്പോൾ, അവ ഫ്രിഡ്ജിൽ നിന്ന് എടുത്ത് പത്ത് മിനിറ്റ് നേരം പുറത്ത് വക്കുക. മുട്ട പുറത്തിരുന്ന് തണുപ്പ് പോയ ശേഷം മാത്രമേ പുഴുങ്ങാവൂ. ഇങ്ങനെ ചെയ്താൽ മുട്ട പൊട്ടാതെ പുഴുങ്ങിയെടുക്കാം.
അതുപോലെ ഈ മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ കുറച്ച് എണ്ണ ഒഴിച്ചുകൊടുത്താൽ മുട്ടത്തോട് പൊട്ടാതെ ലഭിക്കും.
മുട്ട മുറിയ്ക്കുമ്പോൾ പൊടിഞ്ഞു പോകാറുണ്ട്. ഇതിനും വളരെ എളുപ്പത്തിൽ പ്രയോഗിക്കാവുന്ന ചില ടിപ്സുകളുണ്ട്. അതായത്, കത്തി ഉപയോഗിച്ച് മുറിച്ചാൽ മുട്ട പൊടിയാൻ സാധ്യത കൂടുതലാണ്. ഇതിന് പകരം നൂല്‍ ഉപയോഗിച്ച് വേണം മുട്ട മുറിയ്ക്കേണ്ടത്.
പഴകിയ മുട്ട തിരിച്ചറിഞ്ഞ് കഴിക്കുക
അതുപോലെ പുഴുങ്ങിയ മുട്ടയുടെ ആയുസ്സും മനസിലാക്കി വേണം അവ ഭക്ഷിക്കേണ്ടത്. അതായത്, വേവിച്ച മുട്ടകള്‍ സാധാരണ ഊഷ്മാവില്‍ കൂടുതല്‍ സമയം വച്ചാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 2 മണിക്കൂറിൽ കൂടുതൽ സമയം ഇവ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുന്നത് നല്ലതല്ല. പുഴുങ്ങിയ മുട്ട റഫ്രിജറേറ്ററില്‍ ഒരാഴ്ച വരെ കേടാകാതെ സൂക്ഷിക്കാവുന്നതാണ്. വേവിച്ച മുട്ടകള്‍ ഒരാഴ്ചയോ അതില്‍ കൂടുതലോ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
മുട്ടയിൽ നിന്ന് ദുർഗന്ധം വന്നു തുടങ്ങിയാൽ അവ കഴിയ്ക്കാൻ മോശമാണെന്നത് മനസിലാക്കുക. ഇതിന് പുറമെ, അധികമായി വേവിച്ച മുട്ടയില്‍ ചാരനിറമോ പച്ചയോ ഉള്ള മഞ്ഞക്കരുവോ പ്രത്യക്ഷപ്പെടുന്നത് മുട്ട ചീത്തയായി എന്നതാണ് വ്യക്തമാക്കുന്നത്.