നമ്മുടെ അടുക്കളകളിലെ ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത പച്ചക്കറി തന്നെയാണ് തക്കാളി എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. തക്കാളി ചേര്‍ക്കാത്ത കറികള്‍ സങ്കല്പിക്കാനാകാത്തവരും ധാരാളമാണ്.
എങ്കിലും തക്കാളിയില്ലെങ്കിലും പിടിച്ചുനില്‍ക്കേണ്ടേ? എങ്കില്‍ കേട്ടോളൂ പരിഹാരങ്ങള്‍ പലതുണ്ട്. അതുകൊണ്ടുതന്നെ തക്കാളി വില എത്ര കുതിര്‍ച്ചുയര്‍ന്നാലും അതോര്‍ത്ത് ഇനി തലപുകയേണ്ടതില്ല.
നെല്ലിക്ക
തക്കാളിയുടെ പകരക്കാരനായി കറികളില്‍ നെല്ലിക്കയെ പ്രയോജനപ്പെടുത്താം. കാഴ്ചയില്‍ പകരക്കാരനാകില്ലെങ്കിലും രുചിയില്‍ സമാനതകളുണ്ട്. നെല്ലിക്കയ്ക്ക് ആരോഗ്യഗുണങ്ങളും നിരവധിയാണ്.
പുളി ഉപയോഗിക്കാം
കറികളില്‍ തക്കാളി ചേര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ അല്പം പുളി പിഴിഞ്ഞെടുത്ത വെളളം ചേര്‍ത്തോളൂ. തക്കാളി കറികള്‍ക്ക് നല്‍കുന്ന അതേ രുചി തന്നെ പുളിയും നല്‍കും. മീന്‍കറികളിലും സാമ്പാറിലുമെല്ലാം പുളി പരീക്ഷിക്കാവുന്നതാണ്.
പകരക്കാരന്‍ മരത്തക്കാളി
തക്കാളിയുടെ കുടുംബക്കാരന്‍ തന്നെയാണ് മരത്തക്കാളിയും. പഴമായും പച്ചക്കറിയായുമെല്ലാം ഒരേസമയം ഇതിനെ പ്രയോജനപ്പെടുത്താം. കായ്ക്കണമെങ്കില്‍ നല്ല തണുപ്പുളള കാലാവസ്ഥ വേണമെന്നുമാത്രം. കറികള്‍, സൂപ്പുകള്‍, സലാഡുകള്‍ എന്നിവയിലെല്ലാം മരത്തക്കാളി ഉപയോഗിക്കാം. സോസുകള്‍, ജാം എന്നിവ ഉണ്ടാക്കാനും ഉത്തമം.
തൈര് ചേര്‍ത്തുനോക്കൂ
പുളിരസമില്ലാത്ത കറികള്‍ ചിലര്‍ക്ക് സങ്കല്പിക്കാന്‍ പോകുമാകില്ല. അത്തരക്കാര്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന ഒന്നാണ് തൈര്. അല്പം പുളിപ്പിച്ച തൈരാണെങ്കില്‍ കറികളുടെ രുചി പിന്നെയും കൂടും. മാത്രമല്ല ആരോഗ്യഗുണങ്ങളും ഇതിന് നിരവധിയാണ്.
അല്പം വിനാഗിരിയും ആവാം
വിനാഗിരി ആരോഗ്യത്തിന് നല്ലതാണോയെന്ന് ആശങ്കപ്പെടാന്‍ വരട്ടെ. മിതമായ തോതില്‍ വിനാഗിരി ഉപയോഗിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അതിനാല്‍ കറികളിലും വിഭവങ്ങളിലും തക്കാളിയുടെ പകരക്കാരനായി വിനാഗിരിയെയും പ്രയോജനപ്പെടുത്താം. വിഭവങ്ങള്‍ക്ക് വേറിട്ടൊരു സ്വാദ് തന്നെ വിനാഗിരി നല്‍കും. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ പോലുളളവയ്ക്ക് മികച്ച ആരോഗ്യഗുണങ്ങളുമുണ്ട്.
കറിയിലല്പം കാപ്‌സിക്കം
തക്കാളിയ്ക്ക് പകരമായി കാപ്‌സിക്കം ഉപയോഗിച്ചുനോക്കിയില്ലെങ്കില്‍ ഒന്നു പരീക്ഷിച്ചോളൂ. കറികള്‍ക്ക് തക്കാളിയിട്ടാല്‍ ലഭിക്കുന്ന നിറത്തിനും രുചിയ്ക്കുമെല്ലാം പരിഹാരം കാണാന്‍ കാപ്‌സിക്കത്തിന് സാധിക്കും. കാപ്‌സിക്കം റോസ്റ്റ് ചെയ്തശേഷം മിക്‌സിയില്‍ അരച്ചെടുത്ത് കറികളില്‍ ചേര്‍ക്കാവുന്നതാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
തക്കാളിക്ക് നല്ല വിളവ് ലഭിക്കാന്‍ ഒക്ടോബറില്‍ കൃഷിയിറക്കാം
തക്കാളി പഴുത്ത് വരുമ്പോള്‍ ഇങ്ങനെ ചീത്തയാവുന്നുത് തടയാം