Updated on: 7 July, 2021 6:10 PM IST
കൊക്കെഡാമ

ജപ്പാനിലെ പരമ്പരാഗത ചെടിപരിപാലനരീതിയാണ് കൊക്കെഡാമ. പ്രത്യേക രീതിയില്‍ ഒരുക്കിയെടുത്ത ചെടികള്‍ ഞാത്തിയിട്ടു വളര്‍ത്തിയാല്‍ കൊക്കെഡാമ എന്ന സ്ട്രിങ് ഗാര്‍ഡന്‍ തയ്യാറാക്കാവുന്നതാണ്. ബോണ്‍സായ് പോലെ തന്നെ നമ്മുടെ നാട്ടിലും കൊക്കെഡാമയ്ക്ക് പ്രചാരമേറി വരുന്നുണ്ട്. അല്പം ക്ഷമയും മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ഇത് പരിപാലിക്കാം. പാവങ്ങളുടെ ബോണ്‍സായ് എന്നാണിത് അറിയപ്പെടുന്നത്. മലയാളികള്‍ ഇതിനെ പായല്‍പ്പന്ത് എന്നും പറയാറുണ്ട്.

ജപ്പാനില്‍ കളിമണ്ണ് പോലുളള അക്കാഡമ എന്ന മണ്ണ് കുഴച്ചാണ് കൊക്കെഡാമ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഈ മണ്ണ് നമ്മുടെ നാട്ടില്‍ ലഭ്യമല്ല. അതിനാല്‍ തുല്യമായ അളവില്‍ ചകിരിച്ചോറ്, ചാണകപ്പൊടി, മണ്ണ് എന്നിവ കുറച്ചു വെളളം ചേര്‍ത്തു കുഴച്ച് പന്തിന്റെ രൂപത്തില്‍ ഉരുട്ടിയെടുത്ത് കൊക്കെഡാമ ഉണ്ടാക്കിയെടുക്കാവുന്നതാണ്. മണ്ണുകൊണ്ടുളള പന്തില്‍ പച്ചനിറമുളള പായല്‍ പൊതിയുന്നതാണ് ഇതിന്റെ രീതി. പന്ത് നിര്‍മ്മിക്കാനുളള മണ്ണ് ബോണ്‍സായ് മണ്ണ് എന്നപേരില്‍ വാങ്ങാന്‍ കിട്ടുന്നതാണ്. അല്ലെങ്കില്‍ ചുവന്ന മണ്ണും ഈര്‍പ്പമുളള മതിലുകളില്‍ പറ്റിപ്പിടിച്ച് വളരുന്ന പായലും ഉപയോഗിച്ച് പന്ത് നിര്‍മ്മിക്കാം.

കുഴിയുളള ചെറിയ പാത്രം എടുക്കുക. പാത്രത്തിനടിയില്‍ ചാക്കുനൂലുകള്‍ വയ്ക്കാം. കൊക്കെഡാമയുടെ പുറത്ത് പൊതിയാനാണിത്. ഇതിന്റെ മുകളില്‍ പച്ചനിറത്തിലുളള പായല്‍ നിറച്ചുവെക്കണം. ഇതിന് മുകളില്‍ ഉണങ്ങിയ ചകിരിനാരും വയ്ക്കാം. ചകിരിച്ചോറും ചുവന്ന മണ്ണും ചേര്‍ത്ത് നടാനുളള മിശ്രിതം തയ്യാറാക്കാം. ഇതില്‍ കമ്പോസ്റ്റ് ചേര്‍ക്കാം. വെളളം ചേര്‍ത്ത് കുഴച്ച് ഈ മണ്ണ് പന്ത് പോലെയാക്കണം, മണ്ണ് അടര്‍ന്നുപോകാതെ ഉരുട്ടിയെടുക്കാം. ചട്ടിയില്‍ നിന്ന് വേരോടെ ചെടി പുറത്തെടുക്കണം. തുടര്‍ന്ന് വേര് നീക്കം ചെയ്യാം. ഈ വേര് പച്ചപ്പായല്‍ ഉപയോഗിച്ച് പൊതിയാം. പായലിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ബക്കറ്റില്‍ കുതിര്‍ത്തുവയ്ക്കാം. തയ്യാറാക്കിയ മണ്ണിലും ഈര്‍പ്പം നിലനിര്‍ത്തണം.

പന്ത് പോലെ തയ്യാറാക്കിയ മണ്ണിന്റെ നടുഭാഗം പിളര്‍ന്ന് ചെടിയുടെ വേര് ഇറക്കിവെക്കുക. പായല്‍ പൊതിഞ്ഞ ചെടിയായിരിക്കണം ഇത്. ശേഷം മണ്ണ് ചെടിയുടെ വേരിനുചുറ്റും ബോള്‍ പോലെ ഉറപ്പിക്കണം. എന്നിട്ട് നേരത്തേ തയ്യാറാക്കിയ പാത്രത്തിലെ പച്ചപ്പായലിന്റെയും ചകിരിനാരിന്റെയും മുകളിലേക്ക് വെക്കുക. ഈ ചകിരിനാരും പായലും ഉപയോഗിച്ച് ബോള്‍ നന്നായി പൊതിയുക. ബോള്‍ മുഴുവനും പച്ചപ്പ് കൊണ്ട് മൂടത്തക്കവിധത്തില്‍ പായല്‍്ആവശ്യമാണ്. ചാക്കുനൂല് കൊണ്ട് പായല്‍ ചുറ്റിവരിഞ്ഞ് ഉറപ്പിക്കാം. മുഴുവനായി ബോള്‍ പോലെ ചുറ്റിവരിഞ്ഞ ശേഷം കുറച്ചുനേരം വെള്ളത്തില്‍ കുതിര്‍ക്കാം. പിന്നീട് ഇത് പുറത്തെടുത്ത് പായല്‍പ്പന്തിന്റെ വശങ്ങളില്‍ നൂല്‍ കെട്ടി തൂക്കിയിടാം.

അലങ്കാരച്ചെടികളാണ് കൊക്കെഡാമയ്ക്ക് നല്ലത്. ലക്കി ബാംബു, ഐവി, സക്കുലന്റ് ചെടികള്‍, കളളിച്ചെടി, പന്നല്‍, സിങ്കോണിയ, ഡ്രസീന, ഫിറ്റോണിയ, സ്‌പൈഡര്‍, ലിപ്സ്റ്റിക് പ്ലാന്റ് എന്നിവയെല്ലാം കൊക്കെഡാമ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. അധികം ആഴത്തില്‍ വേരുപിടിക്കാത്തതും ഉയരത്തില്‍ വളരാത്തതുമായ ചെടികള്‍ പരീക്ഷിച്ചുനോക്കുന്നതാവും നല്ലത്. വലിയ ഇലകളുളള ചെടികള്‍ ഒഴിവാക്കാം.

വീട്ടിനകത്തും പുറത്തും വളര്‍ത്താമെന്നതാണ് കൊക്കെഡാമയുടെ ഏറ്റവും വലിയ മേന്മ. താത്പര്യത്തോടൊപ്പം അല്പം കലാപരമായ കഴിവുകൂടിയുണ്ടെങ്കില്‍ ആകര്‍ഷകമായ ബിസിനസായി ഇതിനെ മാറ്റിയെടുക്കാം. വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച വരുമാനം കൊക്കെഡാമ നിര്‍മ്മാണത്തിലൂടെ നേടാവുന്നതാണ്.

English Summary: few interesting facts about kokedama
Published on: 07 July 2021, 03:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now