ചെടികള്‍ നട്ടുവളര്‍ത്തുന്നുണ്ടെങ്കില്‍ മണ്‍ചട്ടികള്‍ തന്നെ വേണമെന്നതായിരുന്നു അല്പകാലം മുമ്പുവരെയുളള നമ്മുടെ രീതി.എന്നാലിന്ന് ആ സ്ഥിതിയൊക്കെ മാറി. പ്ലാസ്റ്റിക് കുപ്പികളിലും ഗ്ലാസ് പാത്രങ്ങളിലും ചിരട്ടയിലും എന്തിന് ടയറുകളിലും വരെ ആളുകള്‍ ചെടികള്‍ നടാന്‍ തുടങ്ങി.
അല്പം ഭാവനയും കരവിരുതും കൂടിയുണ്ടെങ്കില്‍ മനോഹരമായ ഉദ്യാനം തന്നെ വീട്ടിലുണ്ടാക്കാം. ഇത്തരത്തില്‍ പഴയ ബോട്ടിലുകളും പാത്രങ്ങളുമുപയോഗിച്ച് വീടുകളില്‍ പൂന്തോട്ടങ്ങളൊരുക്കുന്നവരും നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്.
പ്ലാസ്റ്റിക് കുപ്പികള്‍ പകുതിയായി മുറിച്ചശേഷം അടപ്പിന്റെ ഭാഗത്ത് പല വര്‍ണങ്ങളിലുളള ചരടുകള്‍ കെട്ടിയിടാം. ഇതിനുശേഷം മണ്ണ് നിറച്ച് ഹാങ്ങിങ് പോട്ടുകളായി തൂക്കിയിടാവുന്നതാണ്. ഇത്തരത്തിലുളള പോട്ടുകളില്‍ നടുവാന്‍ നല്ലത് അധികം വലിപ്പം വയ്ക്കാത്ത ചെടികളാണ്. മണി പ്ലാന്റ്, പൂക്കളുണ്ടാകുന്ന വളളിച്ചെടികള്‍ എന്നിവ ബാല്‍ക്കണികളിലും മറ്റും ഇത്തരത്തില്‍ ക്രമീകരിക്കാവുന്നതാണ്. കുപ്പിയുടെ മറ്റേ ഭാഗത്ത് മണ്ണ് നിറച്ച ശേഷം ചെടികള്‍ നടാവുന്നതാണ്. ഇവ പിന്നീട് ഇന്‍ഡോര്‍ പ്ലാന്റുകളാക്കാനും സിറ്റൗട്ടില്‍ വയ്ക്കാനും നല്ലതായിരിക്കും.
അതുപോലെതന്നെ ഗ്ലാസ് പാത്രങ്ങളിലും കുപ്പികളിലും ചെടികള്‍ വളരുന്നത് കാണാനും വേറിട്ടൊരു ഭംഗിയാണ്. പല നിറങ്ങളുളള ഇലച്ചെടികള്‍ ഇത്തരത്തില്‍ ഇന്‍ഡോര്‍ പ്ലാന്റുകളായി വളര്‍ത്താവുന്നതാണ്. വീട്ടിനുളളില്‍ വളര്‍ത്താവുന്ന ഇത്തരം കുപ്പിക്കുളളിലെ പൂന്തോട്ടങ്ങള്‍ കൗതുകകരമാണെന്നു മാത്രമല്ല വീടിന് പുതുഭംഗി നല്‍കുകയും ചെയ്യും. അല്പം ക്ഷമയും താത്പര്യവുമുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ഇത്തരം ബോട്ടില്‍ ഗാര്‍ഡനുകള്‍ നിര്‍മ്മിക്കാവുന്നതാണ്.
കുപ്പിക്കുളളില്‍ ചെടികള്‍ വളര്‍ത്താന്‍ അല്പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. തീരെ ചെറിയ കുപ്പികള്‍ ചെടി നടാനായി തെരഞ്ഞെടുക്കരുത്. കുപ്പിയുടെ വായ്ഭാഗം കൈകള്‍ കടക്കുന്ന തരത്തിലുളളതായിരിക്കും നല്ലത്. നീര്‍വാര്‍ച്ചയുളള മണ്ണാണ്ണ് ചെടികള്‍ നടാന്‍ യോജിച്ചത്. കുപ്പിക്കുളളില്‍ ചരല്‍ കഷണങ്ങളും അതിനു മീതെ കരിക്കഷണങ്ങളും നിരത്താം. ഇതിനു മീതെ മണ്ണ്, മണല്ഡ, ജൈവ വളത്തിന്റെ മിശ്രിതം എന്നിവ നിറയ്ക്കാം. പതുക്കെ വളരുന്ന ചെടികളാണ് കുപ്പിയ്ക്കുളളിലിടാന്‍ നല്ലത്.
വലിപ്പം കുറഞ്ഞ ഇലച്ചെടികള്‍ നല്ലതായിരിക്കും. ഈര്‍പ്പം നിലനിര്‍ത്താനായി വെളളം സ്‌പേ ചെയ്യാം. പലതരത്തില്‍ ഇത് നിര്‍മ്മിക്കാവുന്നതാണ്. കളളിച്ചെടികളും മണലും ചെറിയ ഉരുളന്‍ കല്ലുകളുമിട്ടാല്‍ മരുഭൂമിയുടെ പ്രതീതിയുണ്ടാക്കാം. ഇലച്ചെടികളും നീലനിറമുളള മണലും മീനിന്റെ രൂപങ്ങളും കക്കയുമെല്ലാം ചേര്‍ത്തുവച്ചാല്‍ കടല്‍ത്തീരത്തിന്റെ പ്രതീതിയുണ്ടാവും. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത തരത്തില്‍ കുപ്പി മാറ്റിവയ്ക്കാവുന്നതാണ്.