അടുക്കളയിലും അടുക്കളത്തോട്ടത്തിലും പ്രധാനിയാണ് വെണ്ടയ്ക്ക. കൃഷി ചെയ്യാനായാലും പാകം ചെയ്യാനായാലും മലയാളിക്ക് ഇത്രയും ഇണങ്ങിയ മറ്റൊരു പച്ചക്കറിയുണ്ടോ എന്ന് സംശയമാണ് വെണ്ടയ്ക്ക. ഒക്ര എന്ന് ഹിന്ദിയിലും ലേഡിഫിംഗർ എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന വെണ്ടയ്ക്ക രുചിയിൽ മാത്രമല്ല കേമൻ. കാരണം, ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ വെണ്ടയ്ക്ക രോഗപ്രതിരോധ ശേഷിയുടെ ഒരു പവർഹൗസ് കൂടിയാണ്.
വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയുടെ കലവറയായ വെണ്ടയ്ക്കയിൽ 30 ശതമാനം മാത്രമാണ് കലോറി അടങ്ങിയിരിക്കുന്നത് എന്നതിനാൽ എല്ലാവർക്കും ഭക്ഷണത്തിൽ ആശങ്കയില്ലാതെ ഉപയോഗിക്കാം.
ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ സഹായിക്കുന്നു. വെണ്ടയ്ക്ക പതിവായി കഴിച്ചാൽ മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാനാകും. ഇതിന് പുറമെ, ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായകരമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുന്നതിനും ഈ നാരുകൾ പ്രവർത്തിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വഴുതന നന്നായി വളരാൻ ചക്കക്കുരു കൊണ്ടുള്ള ഈ വിദ്യ അറിയില്ലെങ്കിൽ പറഞ്ഞുതരാം…
എല്ലുകളുടെ ആരോഗ്യത്തിനും എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്. കൂടാതെ, എല്ലിന്റെ സാന്ദ്രത കൂട്ടാനും ഈ പച്ചക്കറിയ്ക്ക് സാധിക്കും. വാതം പോലുള്ള രോഗങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവും വെണ്ടയ്ക്കക്ക് ഉണ്ടെന്നാണ് ആയുർവേദം പറയുന്നത്.
ഇതുപോലെ പല മേന്മകളുള്ള വെണ്ടയ്ക്ക വേറിട്ട വിഭവങ്ങളാക്കി നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. മെഴുക്കുപുരട്ടി, തോരൻ, സാമ്പാർ, തീയൽ തുടങ്ങി പല കറികളാക്കി വെണ്ടയ്ക്ക ഉപയോഗിക്കുന്നു. എന്നാൽ വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കിയിട്ടുണ്ടോ?
ഒരു പ്രത്യേക രീതിയിൽ വെണ്ടയ്ക്ക വെള്ളത്തിലിട്ട് കുടിയ്ക്കുന്നത് പതിവാക്കിയാൽ ശരീരത്തിന് മെച്ചപ്പെട്ട ഗുണങ്ങൾ ലഭിക്കുമെന്നത് ഉറപ്പാണ്. ആരോഗ്യത്തിന് ആരോഗ്യമായ ശീലങ്ങള്‍ പിന്തുടരാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ രീതി പരീക്ഷിക്കാവുന്നതാണ്. ഇതെങ്ങനെയെന്ന് നോക്കാം.
വെണ്ടയ്ക്കയിട്ട വെള്ളം
വെണ്ടയ്ക്ക പല രൂപത്തിൽ കറിയാക്കി കഴിച്ച് മടുത്തവരാണെങ്കിൽ വ്യത്യസ്തമായ ഈ രുചി നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. വെണ്ടയ്ക്ക ഒരു പ്രത്യേക രീതിയില്‍ മുറിച്ച് വെള്ളത്തിലിട്ടാണ് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഈ വെള്ളം കുടിയ്ക്കുന്നത്.
വെണ്ടയ്ക്ക വൃത്തിയായി കഴുകിയ ശേഷം അതിന്റെ രണ്ടറ്റവും മുറിച്ചു കളയുക. ശേഷം ഇതിന്റെ നടുവിലൂടെ നീളത്തില്‍ കീറുക. കീറിയ വെണ്ടയ്ക്ക ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് വയ്ക്കുക. അടുത്ത ദിവസം രാവിലെ ഈ വെള്ളത്തിലേയ്ക്ക് കീറിയിട്ടിരുന്ന വെണ്ടയ്ക്ക എടുത്ത് പിഴിഞ്ഞൊഴിക്കുക. ഈ വെള്ളം കുടിയ്ക്കാവുന്നതാണ്.
രാവിലെ വെറുംവയറ്റില്‍ ഈ പാനീയം കുടിച്ചാൽ ദഹനപ്രശ്നങ്ങൾ ഉൾപ്പടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. അതായത്, വെണ്ടയ്ക്ക പാനീയത്തിലൂടെ നിങ്ങൾക്ക് 6 ഗ്രാം കാർബോഹൈഡ്രേറ്റ്, 80 മൈക്രോഗ്രാം ഫോളേറ്റ്, 3 ഗ്രാം ഫൈബർ, 2 ഗ്രാം പ്രോട്ടീൻ എന്നീ പോഷകമൂല്യങ്ങൾ ലഭിക്കും.