രുചിയേറിയ ഭക്ഷണങ്ങൾ കഴിക്കാനാണ് നമ്മളെല്ലാം പൊതുവെ ഇഷ്ടപ്പെടുന്നത്. ചിലർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് രുചിക്കുറവ് അനുഭവപ്പെടാം. അതിനുള്ള പ്രത്യേക കാരണമെന്താണെന്ന് മനസ്സിലാവുകയുമില്ല. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾക്കുള്ള മാർഗ്ഗങ്ങളെ കുറിച്ചാണ്
വിവരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചിക്കന്‍ കറിയുടെ കാര്യം തന്നെ ആദ്യം നോക്കാം. ഇതുണ്ടാക്കുമ്പോൾ, ബിരിയാണിക്ക് പൊരിക്കുന്നതാണ് പോലെ സവാള നന്നായി വറത്തുപ്പൊടിക്കുക. മല്ലി, മുളക്, ഗരം മസാല എന്നിവ മുന്‍കൂട്ടി വേറെ വറുത്ത് വെക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ സവാളയുടെയും മസാലകളുടെയും പച്ചമണം മാറിക്കിട്ടും.
സോയാബീന്‍ കറിയിൽ മസാലകള്‍ പിടിക്കാൻ, സോയാബീൻ കുറച്ച് വെള്ളത്തില്‍ മസാലകള്‍ ചേര്‍ത്ത്, ഉപ്പും ചേര്‍ത്ത് കുക്കറിൽ വയ്ക്കുക. ഇത്തരത്തില്‍ ചെയ്തതിന് ശേഷം ഈ സോയാബീന്‍ കറിവെച്ചെടുത്താല്‍ മസാലകള്‍ എല്ലാം നന്നായി പിടിച്ചിരിക്കുന്നത് കാണാം. ഇത് റോസ്റ്റ് ചെയ്ത് എടുക്കാനാണെങ്കില്‍ സോയാബീന്‍ കുതിര്‍ത്തതിന് ശേഷം ഒന്ന് മസാല പുരട്ടി വറുത്ത് എടുക്കുന്നതിന് ഒരു പ്രത്യേകം സ്വാദാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉറപ്പായും നിങ്ങൾ പരീക്ഷിക്കേണ്ട ടേസ്റ്റി മസാല പലഹാരങ്ങൾ; ഉണ്ടാക്കി നോക്കൂ
സാധാരണഗതിയില്‍ തോരന്‍ വെക്കുമ്പോള്‍ മിക്കവരും കടുക് പൊട്ടിച്ചാണ് വെക്കാറുള്ളത്. എന്നാല്‍, കടുകിന് പകരം ചെറിയ ഉള്ളി നന്നായി ബ്രൗണ്‍ നിറത്തിലാക്കി അതിലേയ്ക്ക് പൊടികള്‍ ചേര്‍ത്ത്, പച്ചക്കറിയും ചേര്‍ത്ത് വേവിച്ച് എടുത്താൽ തോരൻ കൂടുതൽ സ്വാദിഷ്ടമാക്കാം. പച്ചക്കറികൾ കൊണ്ട് കൂട്ട് വെക്കുമ്പോൾ അല്ലെങ്കില്‍ തോരന്‍ വെയ്ക്കുമ്പോൾ പ്രത്യേകിച്ച് പയര്‍, അമരപയര്‍, കൊത്തമര എന്നിവ ഉണ്ടാക്കുമ്പോൾ ഒരു കഷ്ണം ഇഞ്ചി ഇടുന്നത് സ്വാദ് കൂട്ടും. ഇത് വയറിനും നല്ലതാണ്.ഇനിയിപ്പോള്‍ ചെറിയുള്ളി വേണ്ട കടുക് തന്നെ മതിയെങ്കില്‍ വെളിച്ചെണ്ണ നന്നായി ചൂടായതിന് ശേഷം മാത്രം കടുക് ഇടാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ കടുക് നന്നായി പൊട്ടണം. എന്നാല്‍ മാത്രമാണ് കറിച്ച് സ്വാദ് ലഭിക്കൂ.
മീന്‍ പൊരിക്കുമ്പോള്‍ മസാല പിടിക്കാൻ, മീന്‍ മസാല തയ്യാറാക്കുമ്പോള്‍ അതില്‍ നാരങ്ങ ചേര്‍ക്കുന്നത് പോലെ തന്നെ കുറച്ച് അരിപ്പൊടി, അല്ലെങ്കില്‍ കടലപ്പൊടി എന്നിവയില്‍ ഏതെങ്കിലും ഒന്ന് കുറച്ച് മസാലയില്‍ ചേര്‍ക്കണം. അതിന് ശേഷം മീനില്‍ പുരട്ടി കുറച്ച് സമയം വെച്ചതിന് ശേഷം നിങ്ങള്‍ക്ക് വറുത്ത് എടുക്കാവുന്നതാണ്.