നാരങ്ങാത്തൊലി കളയല്ലേ ഡിഷ് വാഷ് ഉണ്ടാക്കാം നമ്മൾ ദിവസവും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന നാരങ്ങാത്തൊലി പലതരത്തിൽ നമ്മുക്ക് ഉപയോഗപ്പെടുത്താം. അച്ചാർ ഇടാനും, ഫ്രിഡ്ജിലെയും അടുക്കളയിലെയും ദുർഗന്ധം അകറ്റാനും,കാലുകളിലെയും മറ്റും കട്ടിയുള്ള ചർമം കളയാനും മാത്രമല്ല ആരോഗ്യകരമായ ഡിഷ്‌വാഷ് ഉണ്ടാക്കാനും ഇവ പ്രയോജനപ്പെടുത്താം. വിപണിയിൽ ലഭിക്കുന്ന ബ്രാൻഡഡ് നിർമാതാക്കളുടെയും വ്യാജ നിർമാതാക്കളുടെയും അടക്കം എല്ലാ ഡിഷ്‌വാഷുകളിലും ഹാനികരമായ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇവയുടെ അംശം കഴുകിയ പാത്രങ്ങളിൽ പറ്റിയിരിക്കുകയും അവ ശരീരത്തിൽ എത്തിച്ചേരുകയും ചെയ്താൽ വളരെ ഗുരുതരമായ ആരോഗ്യപ്രശനങ്ങൾക്കു അത് കാരണമാകും.ചാരം, പാത്രക്കാരം തുടങ്ങി പാത്രം കഴുകാൻ പഴയ രീതികൾ അവലംബിക്കുന്നത് ഇന്നത്തെ തിരക്കുപിടിച്ച ജീവിതക്രമത്തിൽ പ്രായോഗികമല്ല അതിനാൽ തന്നെ ഹാനികരമല്ലാത്തതും വീട്ടിൽ എളുപ്പത്തിൽ നിർമ്മിക്കാവുന്നതുമായ ഡിഷ് വാഷ് പരീക്ഷിച്ചുനോക്കാം.
നാരങ്ങാത്തൊലി കൊണ്ട് ഡിഷ് വാഷ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
1.ഇതിനായി നീരെടുത്ത ശേഷം മാറ്റിവച്ച 15 നാരങ്ങയുടെ തൊലി 1 ഗ്ലാസ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക.
2.തണുത്ത ശേഷം നന്നായി അരച്ചെടുക്കുക ഇത് രണ്ടു പ്രാവശ്യമെങ്കിലും അരിച്ചെടുക്കണം.
3.ഈ മിശ്രിതത്തിൽ രണ്ടു സ്പൂൺ ഉപ്പ്, രണ്ടു സ്പൂൺ വിനാഗിരി എന്നിവ ചേർക്കണം.
4.ലിക്വിഡിനു കൂടുതൽ കൊഴുപ്പു / പത വേണമെന്നുള്ളവർക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡാ ചേർക്കാം.
5.ഈ മിശ്രിതം നന്നായി മിക്സ് ചെയ്യുക ശേഷം ഒരു ബോട്ടിലിൽ ഒഴിച്ച് വയ്ക്കുക.
വിപണിയിൽ ലഭിക്കുന്ന ഡിഷ് വാഷിനെ പോലെ സുഗന്ധമോ കുമിളകളോ കാണില്ലെങ്കിലും ഇത് നല്ല ഒന്നാന്തരം അണുനാശിനിയും അഴുക്കിനെ നീക്കം ചെയ്യന്നതുമാണ്. എണ്ണയുടെ അംശത്തെ പൂർണമായും മാറ്റാൻ ഇതിനു കഴിയും. ഇനിമുതൽ നാരങ്ങാട് തൊണ്ടുകൊണ്ട് ഇത്തരം ഡിഷ് വാഷ് നമുക്ക് നിർമ്മിക്കാം. ആരോഗ്യകരമായ ഒരു ശീലം പിന്തുടരാം.