പലർക്കും കണ്ടിട്ടുള്ള ഒരു സംശയമാണ് ആഴ്ചയില്‍ എത്ര പ്രാവശ്യം തലമുടി കഴുകണമെന്നുള്ളത്. കേരളത്തില്‍ മിക്കവാറും എല്ലാ സ്ത്രീകളും എല്ലാ ദിവസവും മുടി കഴുകുന്നവരാണ്. എന്നാൽ സിറ്റിയിലും മറ്റും താമസിക്കുന്നവർക്ക് വെള്ളത്തിൽ അഴുക്ക്, ക്ളോറിൻ എന്നിവയുടെ പ്രശ്‌നമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുടികൊഴിച്ചിലിനും മറ്റും കാരണമാകുന്നു. അതിനാൽ ഇത്തരക്കാർ ദിവസേന മുടി കഴുകുന്നില്ല. യഥാർത്ഥത്തിൽ ആഴ്ച്ചയിൽ എത്രപ്രാവശ്യം മുടി കഴിക്കണമെന്ന് നോക്കാം:
ദിവസേന മുടി കഴുകണോ എന്നുള്ളത് മുടിയുടെ തരം ആശ്രയിച്ചാണ്. പലര്‍ക്കും പല തരത്തിലുള്ള മുടി ആണുള്ളത്. ചിലത് കട്ടി കുറഞ്ഞതും ചിലത് കട്ടി കൂടിയതും മറ്റൊന്ന് ഇതിനിടയിലുള്ള മീഡിയവും. ഇതനുസരിച്ച് ഇവരുടെ കേശസംരക്ഷണ രീതികളും വ്യത്യസ്തമായിരിക്കും. മുടിയില്‍ നമ്മള്‍ തേക്കുന്ന എണ്ണ കൂടാതെ, സ്വാഭാവികമായ എണ്ണമയം ഉണ്ട്. ഇത് ഇല്ലാതാക്കാത്ത തരത്തിലാവണം നമ്മള്‍ മുടി കഴുകലിന്റെ എണ്ണം നിശ്ചയിക്കേണ്ടത്.
- കട്ടി കുറഞ്ഞ മുടിയുള്ളവര്‍ ദിവസവും മുടി കഴുകുന്നതാണ് നല്ലത്. കാരണം മുടിയിഴയുടെ കട്ടി കുറയുമ്പോള്‍ മുടിയുടെ ഉള്ള് അഥവാ മുടിയിഴകളുടെ എണ്ണം കൂടുതലായിരിക്കും. അപ്പോള്‍ അവരുടെ തലയിലെ എണ്ണഗ്രന്ഥികളും കൂടുതലായിരിക്കും. അതുകൊണ്ട് അവരുടെ തലയില്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കപ്പെടുകയും മുടി പെട്ടെന്ന് എണ്ണമയമുള്ളതാകുകയും ചെയ്യും. കട്ടി കുറഞ്ഞ മുടിയിഴകളില്‍ എണ്ണ പറ്റിപ്പിടിക്കുമ്പോള്‍ മുടി എണ്ണയാല്‍ ഭാരിച്ചതാകുന്നു. ഇക്കാരണത്താല്‍ കട്ടി കുറഞ്ഞ മുടിയിഴകള്‍ ഉള്ളവര്‍ എന്നും മുടി കഴുകി തലയില്‍ എണ്ണമയം അടിഞ്ഞുകൂടി അഴുക്കായി മാറുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
മീഡിയം കട്ടിയുള്ള മുടി ഉള്ളവരുടെ മുടിയുടെ വേരില്‍ എണ്ണമയം ഉണ്ടാകും. എന്നാല്‍ അറ്റത്തേക്ക് വരുന്തോറും എണ്ണമയം കുറഞ്ഞുവരും. ഇവര്‍ ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളിലോ രണ്ടു ദിവസം കൂടുമ്പോഴോ മുടി കഴുകുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.
കട്ടിയുള്ള മുടിയുള്ളവരുടെ മുടിയിലെ ഈര്‍പ്പം പെട്ടെന്ന് പോകുകയും മുടിയുടെ അറ്റം വരണ്ടിരിക്കുകയും ചെയ്യും. എങ്കിലും അവരുടെ മുടി പെട്ടെന്ന് എണ്ണമയമാകില്ല. അതുകൊണ്ട് ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം കൂടുമ്പോള്‍ ഇവര്‍ മുടി കഴുകിയാല്‍ മതിയാകും.