പണ്ടൊക്കെ വിശേഷ ദിവസങ്ങളിലാണ് വീട്ടിൽ ചിക്കൻ വാങ്ങിച്ചിരുന്നത് എങ്കിൽ ഇപ്പോൾ വീട്ടിൽ ചിക്കൻ കറി പതിവാണ്. എന്നാൽ ചിലർക്ക് മീൻകറിയില്ലാതെ ചോറ് കഴിയ്ക്കാൻ പറ്റാത്ത അവസ്ഥയാണ്. ചിക്കനും മീനും കൊണ്ട് പുതുമയാർന്ന വിഭവങ്ങൾ പരീക്ഷിക്കാത്തവരോ, കഴിയ്ക്കാത്തവരോ കുറവായിരിക്കും. വാങ്ങുന്ന ചിക്കനും മീനുമൊക്കെ ഫ്രഷാണോയെന്ന് എങ്ങനെയാണ് മനസിലാക്കും? ഈ വിദ്യകൾ പ്രയോഗിച്ച് നോക്കിയാൽ ചിക്കനും മീനും ഫ്രഷാണോയെന്ന് എളുപ്പം മനസിലാക്കാൻ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിന് ദോഷകരമായ ഈ വിത്തുകൾ കഴിയ്ക്കല്ലേ..
- നിറം നോക്കി കണ്ടുപിടിക്കാം: ചിക്കൻ ഫ്രഷാണെങ്കിൽ പിങ്ക് നിറവും നെയ്യിന്റെ വെള്ള നിറവും കാണും. എന്നാൽ മാംസത്തിന് ചാരനിറമാണെങ്കിൽ പഴകിയ ചിക്കനാണ്. മാംസം വിളർത്ത് മഞ്ഞ നിറത്തിലാണെങ്കിലും പഴകിയ ചിക്കനാണ്.
- തൊട്ടുനോക്കി അറിയാം: മാംസത്തിൽ തൊടുമ്പോൾ മൃദുലവും മിനുസവും ആയി തോന്നിയാൽ അത് ഫ്രഷ് ചിക്കനാണ്. എന്നാൽ തൊടുമ്പോൾ പശപശപ്പ് തോന്നുകയോ, കഴുകുമ്പോൾ ഒട്ടുന്ന പോലെയോ അനുഭവപ്പെട്ടാൽ പഴയ ചിക്കനാണ്.
- നിറവ്യത്യാസം: ചിക്കനിൽ വെളുപ്പ്, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ചെറിയ കുത്തുകൾ കണ്ടാൽ വാങ്ങരുത്.
- ഐസിലിട്ടാൽ വാങ്ങണ്ട: അധികനേരം ഐസിലിട്ട് വയ്ക്കുന്ന ചിക്കൻ കട്ടിയുള്ളതും പരുക്കനും ആയിരിക്കും. ചിക്കൻ ഐസിലിട്ടതോണോയെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
- ഗന്ധം ശ്രദ്ധിക്കാം: പഴക്കം ചെന്ന ചിക്കന് രൂക്ഷഗന്ധം ഉണ്ടാകും. മാത്രമല്ല രോഗാണുക്കൾ ബാധിച്ച ചിക്കനിൽ നിന്നാണ് രൂക്ഷഗന്ധം ഉണ്ടാകുന്നത്. ഫ്രഷ് ചിക്കനിൽ നിന്ന് ഇത്തരം ഗന്ധം ഉണ്ടാകില്ല.
മീനിൽ പെട്ടെന്ന് ബാക്ടീരിയ വളരുന്നത് മൂലം എളുപ്പം കേടാകാനുള്ള സാധ്യത കൂടുതലാണ്. കടലിൽ നിന്ന് പിടിക്കുന്ന മീൻ ദിവസങ്ങൾ കഴിഞ്ഞാണ് ഹാർബറിലെത്തുക. അതുംകഴിഞ്ഞ് എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് നമ്മുടെ കയ്യിലെത്തുന്നത്. എന്നാലും വലിയ രീതിയിൽ കേടായ മീനുകൾ വാങ്ങാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.
- കണ്ണ് നോക്കി കണ്ടുപിടിക്കാം: കേടാകാത്ത മീനിന്റെ കണ്ണിന്റെ തിളക്കം നഷ്ടപ്പെടുകയോ മങ്ങിയ പോലെ തോന്നുകയോ ചെയ്യില്ല. രാസവസ്തുക്കൾ ചേർത്ത മീനിന്റെ കണ്ണിന്റെ നിറം നീല നിറമായിരിക്കും. മാത്രമല്ല കണ്ണ് ചുവപ്പോ, തവിട്ട് നിറത്തിലോ കാണുകയാണെങ്കിൽ വാങ്ങാതിരിക്കുന്നതാണ് നല്ലത്.
- ചെകിളപ്പൂക്കൾ ശ്രദ്ധിക്കാം: മീൻ കേടായില്ലെങ്കിൽ ചെകിളപ്പൂക്കൾ നല്ല ചുവന്ന നിറത്തിലും ഈർപ്പമുള്ള പോലെയും കാണപ്പെടും. നിറം മങ്ങി കട്ടിയുള്ളതാണെങ്കിൽ വാങ്ങരുത്.
- മാംസത്തിന്റെ കട്ടി പരിശോധിക്കാം: ഫ്രഷ് മീനാണെങ്കിൽ മാംസം തനിയെ അടർന്ന് പോകില്ല. മീനുകൾ വാങ്ങുന്നതിന് മുമ്പ് കൈകൊണ്ട് മാംസം പതിയെ അമർത്തി നോക്കാം. മാംസം കട്ടിയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്.
- ഫ്രീസറിൽ വച്ച മീൻ വാങ്ങുമ്പോൾ: ഫ്രീസറിൽ സൂക്ഷിക്കുന്ന മീൻ വാങ്ങുമ്പോൾ വെള്ളയോ കറുപ്പോ കുത്തുകൾ കണ്ടാൽ വാങ്ങരുത്. രാസപദാർഥങ്ങൾ അടങ്ങിയ മീനുകൾ മുറിയ്ക്കുമ്പോൾ മാംസം നീല നിറത്തിൽ കാണപ്പെടും.
- കക്കയും കല്ലുമ്മക്കായയും: ഇവ രണ്ടും വാങ്ങുമ്പോൾ ഫ്രഷാണെങ്കിൽ തോട് അൽപം തുറന്നിരിക്കും. കൈകൊണ്ട് തട്ടുമ്പോൾ തോട് അടഞ്ഞുപോയാൽ ഫ്രഷ് ആണെന്ന് ഉറപ്പിയ്ക്കാം.