ഇഡ്ഡലി എല്ലാവരുടേയും പ്രിയപ്പെട്ട ഭക്ഷണമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെ, തമിഴ്നാട്ടിൽ ഉടലെടുത്ത വിഭവമാണ് ഇത്. അരിയും ഉഴുന്നും അരച്ചെടുത്ത് ഇഡ്ഡലി പാത്രത്തിൽ ആവിയിൽ പുഴുങ്ങിയെടുത്ത ഈ പലഹാരം സാമ്പാറും ചട്ട്നിയും കൂട്ടി കഴിക്കുന്നത് നാവിൻ്റെ രുചിമുകുളങ്ങളെ തന്നെ തൊട്ടുണർത്തും! കാരണം അതിൻ്റെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല.
പല പാചകത്തിലും അതിൻ്റെ സ്വാദ് കൈപ്പുണ്യത്തിലാണെന്ന് പറയുമെങ്കിലും പല വിഭവങ്ങളും ഉണ്ടാക്കുന്നതിന് കൃത്യമായ അളവ് ഉണ്ട്. എങ്കിൽ മാത്രമേ ഇതിൻ്റെ സ്വാദ് കിട്ടുകയുള്ളു.
എന്നാൽ പലപ്പോഴും ഇഡ്ഡലി ഉണ്ടാക്കുമ്പോൾ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഇത് മയത്തിൽ വരാത്തത്. മയമില്ലാത്ത ഇഡ്ഡലികൾ കല്ല് പോലെയിരിക്കാൻ സാധ്യത ഉണ്ട് മാത്രമല്ല ഇതിന് സ്വാദും കുറവായിരിക്കും.
ഇഡ്ഡലി നല്ല മയത്തിൽ വരാൻ യാതൊരു കൃത്യമ ചേരുവകളും ആവശ്യമില്ല, പകരം ഇതിന് ചില വിദ്യകൾ ഉണ്ട്. നല്ല സ്വാദിഷ്ടമായ, മൃദുവായ ഇഡ്ഡലി ലഭിക്കുന്നതിന് ഈ പൊടിക്കൈകൾ ഉപയോഗിക്കാം...
ഇഡ്ഡലി – മാർദവം
ഇഡ്ഡലിയുടെ മാർദവം പ്രധാനമായും അതിൻ്റെ മാവിലാണ് അടങ്ങിയിരിക്കുന്നത്. കൃത്യമായ രീതിയിൽ അരച്ചെടുത്താൽ മാത്രമാണ് നല്ല സോഫ്റ്റ് ഇഡ്ഡലി കിട്ടുകയുള്ളു.
മാവിനായി എടുക്കുന്ന അരിയും ഉഴുന്നും നല്ല ഗുണമേൻമ ഉള്ളതായിരിക്കണം, ഇഡ്ഡലി റൈസ് വിപണികളിൽ ലഭ്യമാണ്. അല്ലെങ്കിൽ പച്ചരി ഉപയോഗിക്കാം.
പുഴുങ്ങലരിയും ഉഴുന്നും 4:1 എന്ന അനുപാതത്തിലാണ് എടുക്കേണ്ടത്. എന്നാൽ ഇത് പച്ചരിയാണെങ്കിൽ 2:1 എന്നതായിരിക്കണം കണക്ക്. അരിയും ഉഴുന്നും കുറഞ്ഞത് 5 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. ഇത് നന്നായി കഴുകണം. ഇത് കുതിർത്ത വെള്ളത്തിൽ തന്നെ അരച്ചെടുക്കുന്നതാണ് ഏറ്റവും നല്ലത്. വെള്ളം കുറവോ കൂടുതലോ ആവരുത്. ഇത് നന്നായി അരച്ചെടുക്കണം. ഇതിൻ്റെ കൂടെ അൽപ്പം വെള്ള അവിൽ ചേർക്കുന്നത് നല്ലതാണ്. ഇത് ഇഡ്ഡലി കൂടുതൽ സോഫ്റ്റ് ആകുന്നതിന് സഹായിക്കും.
പണ്ട് കാലത്ത് ആട്ടുകല്ലിൽ വെച്ച് അരച്ചെടുക്കുന്നതായിരുന്നു രീതി. അത് കൈകൊണ്ട് ചെയ്യുന്നത് കൊണ്ട് തന്നെ മാവ് നന്നായി അരഞ്ഞ് വരുമായിരുന്നു, എന്നാൽ ഇപ്പോൾ എല്ലാവരും മിക്സിയാണ് ഉപയോഗിക്കുന്നത്.
അരച്ചെടുത്ത മാവ് കൈ കൊണ്ട് ഇളക്കുന്നത് നല്ല ഫെർമെൻ്റിംഗ് ഗുണം കിട്ടുന്നതിന് കാരണമാകുന്നു. ഉപ്പ് ചേർക്കാൻ മറക്കണ്ട. നല്ല പോലെ ഇളക്കിയ മാവിനെ പുളിപ്പിക്കാൻ 7 അല്ലെങ്കിൽ 8 മണിക്കൂർ വെക്കുക. ഇത് അന്തരീക്ഷ താപനില അനുസരിച്ചാണ് പൊന്തുക. തണുപ്പുള്ള സ്ഥലങ്ങളിൽ പൊന്താൻ കൂടുതൽ സമയമെടുക്കും.
പിന്നീട് ഇഡ്ഡലി പാത്രത്തിൽ വെള്ളം നിറച്ച് തിളപ്പിക്കുക. തിളച്ച് ആവി വെരുന്ന സമയം ഇഡ്ഡലിത്തട്ടിൽ അൽപ്പം വെളിച്ചെണ്ണ പുരട്ടുക, ഇത് മാവ് പാത്രത്തിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കും. മാവ് ഒഴിച്ച ശേഷം വേവിക്കാൻ വെക്കാവുന്നതാണ്. 15 മിനുട്ടിന് ശേഷം ഇത് എടുക്കാം. വെന്തോ എന്നറിയാൻ നല്ല വൃത്തിയുള്ള ഈർക്കിൽ വെച്ച് കുത്തി നോക്കാവുന്നതാണ്. ഈർക്കിലിൽ പറ്റി പിടിച്ചില്ലെങ്കിൽ ഇത് വെന്തു എന്നർത്ഥം. തട്ടിന് അടിയിൽ വെള്ളം തളിക്കുന്നത് ഇത് വിട്ട് പോകുന്നതിന് സഹായിക്കും.
ഇഡ്ഡലി പലതരത്തിലാണ്
രസ്സം ഇഡ്ഡലി
മുളക് ഇഡ്ഡലി
താട്ടെ ഇഡ്ഡലി
വെജിറ്റബിൾ ഇഡ്ഡലി
തവ ഇഡ്ഡലി
കൊഞ്ച് ഇഡ്ഡലി
മിനി മസാല ഇഡ്ഡലി
അടുത്ത തവണ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്ത് നോക്കൂ... നല്ല പൂവ് പോലെയുള്ള ഇഡ്ഡലി ആസ്വദിക്കൂ..
ബന്ധപ്പെട്ട വാർത്തകൾ : ഇങ്ങനെയും ഇഡ്ഡലികളോ!!! നിങ്ങൾക്കറിയാത്ത രുചിയിലെ മാഹാത്മ്യം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.