ഉപ്പ് ചേർക്കാത്ത വിഭവമില്ലല്ലോ! ഉപ്പും കുറവായി എന്ന് തോന്നിയാൽ വീണ്ടും അത് ആവശ്യത്തിനു ചേർത്താവുന്നതാണ്. എന്നാൽ കറികളിൽ ഉപ്പ് കൂടുതലായാൽ പ്രശ്‌നമാണ്ള്‍. കറികളില്‍ ഉപ്പ് കൂടിപ്പോയാൽ അതിന് പരിഹാരമായി ചില ഭക്ഷണപദാർത്ഥങ്ങൾ ചേർത്ത് ഉപ്പ് പാകത്തിനാക്കാന്‍ സാധിക്കുന്നതാണ്. ഏതൊക്കെയാണ് അവ എന്ന് നോക്കാം.
- ഉരുളക്കിഴങ്ങ് ചേര്‍ക്കാന്‍ പറ്റിയ കറിയാണെങ്കിൽ, വേവിയ്ക്കാത്ത ഉരുളക്കിഴങ്ങ് കഴുകി തൊലി കളഞ്ഞ് കഷ്ണങ്ങളായി ഇതിലിടാം. ഇത് അര മണിക്കൂര്‍ ശേഷം എടുത്ത് മാറ്റാം. ഉരുളക്കിഴങ്ങ് കൂടിയ ഉപ്പ് വലിച്ചെടുക്കാന്‍ സഹായിക്കുന്നു. വേവിച്ച ഉരുളക്കിഴങ്ങും ഇടാം.
- മൈദമാവ് വെള്ളം ചേര്‍ത്ത് ചെറിയ ഉരുളകളാക്കി ഉരുട്ടി ഉപ്പ് കൂടിയ കറിയില്‍ ഇടണം. ഇത് അല്‍പനേരം കഴിഞ്ഞ് എടുത്തു മാറ്റാം. കറി തയ്യാറാക്കിക്കഴിഞ്ഞ് തീ കെടുത്തിയ ശേഷം ഇടുക. ഇതല്ലെങ്കില്‍ മാവ് കറിയില്‍ ചേര്‍ന്നുപോകും.
- തൈര് അല്‍പം കറിയില്‍ ചേര്‍ക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന വഴിയാണ്. ഫ്രഷ് ക്രീം ചേര്‍ക്കാന്‍ പറ്റിയ കറിയെങ്കില്‍ ഇത് ചേര്‍ക്കുന്നതും അമിതമായ ഉപ്പ് നീക്കം ചെയ്യുന്നു.
- പാല്‍ ചേര്‍ക്കാന്‍ സാധിയ്ക്കുന്ന വിഭവമെങ്കില്‍ അല്‍പം പാല്‍ ചേര്‍ക്കാം. ഇത് ഉപ്പ് കുറയ്ക്കുന്നു.
- സവാള തൊലി കളഞ്ഞ് രണ്ട് കഷ്ണങ്ങളാക്കി കറിയില്‍ ഇടാം. അല്‍പം കഴിഞ്ഞ് ഇത് എടുത്ത് മാറ്റാം. ഇതും കറിയിലെ ഉപ്പുരസം നീക്കുന്നു.
- അല്‍പം കടലമാവ് ചേര്‍ക്കുന്നതും നല്ലതാണ്. പ്രത്യേകിച്ചും ചപ്പാത്തി പോലുള്ളവയ്ക്കുള്ള കറികളെങ്കില്‍. കൂടുതല്‍ ഉപ്പ് വലിച്ചെടുക്കാനും ഗ്രേവിക്ക് കട്ടി നല്‍കാനും ഇത് സഹായിക്കുന്നു.
- വിനീഗറും പഞ്ചസാരയും ഒരേ അളവില്‍ കറിയില്‍ ചേര്‍ക്കുന്നതും ഉപ്പുരസം കുറയ്ക്കാന്‍ സഹായിക്കുന്ന വഴിയാണ്. വിനീഗറിന്റെ പുളിയും പഞ്ചസാരയ്ക്ക് മധുരവുമായതിനാല്‍ ഇത് സ്വാദിനെ ബാലന്‍സ് ചെയ്യുന്നു. ഉപ്പ് കുറയ്ക്കുന്നു.