പലപ്പോഴും സൗന്ദര്യം ശ്രദ്ധിക്കുന്നതിന്റെ ഇടയിൽ പാദങ്ങളുടെ സംരക്ഷണം നമ്മൾ വിട്ടു പോകാറുണ്ട്. അതുകൊണ്ട് തന്നെ പലതരത്തിലുള്ള പ്രശ്നങ്ങളും പാദങ്ങളിൽ ഉണ്ടാകുന്നു. അശ്രദ്ധ കാരണം അവ മിക്ക സമയത്തും വൃത്തിയില്ലാതെയും പരുക്കനുമായി മാറുന്നു. അതോടൊപ്പം കുഴിനഖം, വിണ്ടുകീറൽ എന്നിവയും വരുന്നു. എന്നാൽ സൗന്ദര്യം പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് പാദങ്ങളുടെ സംരക്ഷണവും. അത് എങ്ങനെ എന്ന് നോക്കാം.
കാലിൽ സ്ക്രബ്ബ് ചെയ്യുന്നത് ഏറ്റവും പ്രധാന കാര്യമാണ്. ഇത് കാൽപാദങ്ങൾ വിണ്ടുകീറുന്നത് പോലുള്ള സാഹചര്യങ്ങളെ തടയുകയും നിങ്ങൾക്ക് മിനുസമാർന്ന ചർമ്മം നൽകുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനു പുറമേ, രക്തചംക്രമണം വർദ്ധിപ്പിക്കാനും സ്ക്രബ്ബ് സഹായിക്കും. കൂടാതെ സമ്മർദ്ദം നീക്കുവാനുള്ള ഒരു മികച്ച പ്രവർത്തി കൂടിയാണ് സ്‌ക്രബിങ്. സ്വാഭാവികമായ ചേരുവകൾ ഉപയോഗിച്ച് പാദങ്ങൾ എപ്പോഴും ശുചിത്വമുള്ളതും അഴകുള്ളതുമാക്കി നിലനിർത്താം.
സ്ക്രബ്ബിങ് മിശ്രിതം വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം?
രണ്ട് ടേബിൾ സ്പൂൺ കാപ്പിയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും എടുക്കുക. ഇവ ഒരുമിച്ച് ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ പാദങ്ങൾ സ്‌ക്രബ് ചെയ്ത് മസാജ് ചെയ്യാൻ ഇത് ഉപയോഗിക്കുക. ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യാൻ ശ്രമിക്കുക.
ഒലിവ് എണ്ണ, തരികളുള്ള പഞ്ചസാര എന്നിവയുടെ തുല്യ ഭാഗങ്ങൾ എടുത്ത് ഒരുമിച്ച് ചേർത്ത് ഇളക്കുക. മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ സ്‌ക്രബ് ചെയ്ത് 10 മിനിറ്റ് നേരം വച്ചതിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക.
മുട്ട പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി, അതിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. പിന്നീട് അതിലേക്ക് ഒരു സ്പൂൺ അരിപ്പൊടിയും ചേർക്കുക. ഇളം ചൂടുള്ള വെള്ളത്തിൽ കാൽപാദം നല്ലപോലെ വൃത്തിയായി കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം.
പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വീതം വാസലീനും വെളിച്ചെണ്ണയും ചേർക്കുക. നന്നായി കൂട്ടിച്ചേർത്ത ശേഷം കുഴമ്പ് രൂപത്തിലാക്കുക. എല്ലാദിവസവും രാത്രി കിടക്കുന്നതിന് മുൻപ് കാലിൽ ഈ മിശ്രിതം പുരട്ടാം.
ബന്ധപ്പെട്ട വാർത്തകൾ
പെഡിക്യൂർ ഇനി വീട്ടില്‍ ചെയ്യാം