കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. രക്തത്തിലെ വിഷാംശങ്ങളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്ന അവയവമാണ് കരൾ. മനുഷ്യശരീരത്തിലെ 500ലധികം പ്രവർത്തനങ്ങൾ കരൾ ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ ആരോഗ്യമുള്ള ശരീരത്തിനായി കരളിനെ പരിപാലിക്കുക എന്നതും വളരെ പ്രധാനമാണ്.
കരളിനെ ബാധിക്കുന്ന ഏറ്റവും മുഖ്യമായ ആരോഗ്യപ്രശ്നമാണ് കരൾവീക്കം (Fatty liver).
മദ്യപാനികളിലാണ് കരള്‍വീക്കം ഉണ്ടാകുക എന്നാണ് മിക്കവരും ചിന്തിക്കുന്നത്. ഇത് ഒരുപരിധി വരെ ശരിയാണെന്ന് പറയാമെങ്കിലും, മദ്യപാനം മൂലമല്ലാതെയും കരള്‍വീക്കമുണ്ടാകാറുണ്ട്. അതായത്, ഇങ്ങനെയുള്ള രോഗത്തെ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ (Non-alcoholic fatty liver) എന്ന് പറയുന്നു.
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ കരള്‍വീക്കമെന്ന് (Fatty Liver) പറയുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഈ രോഗാവസ്ഥയുള്ളവരുടെ എണ്ണം വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
കരളിൽ ഇങ്ങനെ കൊഴുപ്പ് അടിയുന്നതിന് പുറമെ, കരള്‍ കോശങ്ങളില്‍ അണുബാധ ഏൽക്കുന്ന കേസുകളുമുണ്ട്. തുടർന്നിത് കാൻസറിലേക്കോ സിറോസിസിലേക്കോ നയിക്കുന്നു.
എന്നാൽ നിങ്ങളുടെ കരളും അപകടത്തിലാണോ എന്നത് ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം. നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് നമുക്ക് ഇത്തരം സൂചനകള്‍ നല്‍കുന്നത്. പലപ്പോഴും നമ്മൾ വലിയ ഗൗരവത്തോടെ എടുക്കാത്ത ഈ ലക്ഷണങ്ങൾ ഭാവിയിൽ വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം.
കരളിന്റെ അവസ്ഥ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ (Body symptoms related to liver)
രാവിലെ എഴുന്നേൽക്കുമ്പോൾ അസാധാരണമായ വിധത്തിൽ തളര്‍ച്ച തോന്നാറുണ്ടോ? പല കാരണങ്ങള്‍ ഇങ്ങനെയുള്ള തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമായേക്കാം. എന്നാൽ, നിങ്ങൾക്ക് പതിവായി ക്ഷീണവും തളര്‍ച്ചയും തോന്നുവെങ്കിൽ അത് ആരോഗ്യ വിദഗ്ധരുടെ സേവനം തേടി കൃത്യമായി പരിശോധിക്കുന്നതാണ് സുരക്ഷിതം.
രാവിലെ കൂടുതലായും അനുഭവപ്പെടുന്ന ഇത്തരം തളർച്ചകൾ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ അഥവാ എന്‍എഎഫ്എല്‍ഡി (NAFLD) ആണെന്ന് പറയുന്നു. ഇതിനൊപ്പം മറ്റ് എന്‍എഎഫ്എല്‍ഡി ലക്ഷണങ്ങൾ കൂടി ശ്രദ്ധിക്കുക.
അതായത്, വയറിന്‍റെ മുകള്‍ഭാഗത്ത് വലത് ഭാഗത്തായി വേദന, വയര്‍ വീര്‍ക്കുന്ന പ്രശ്നങ്ങൾ ഉണ്ടോയെന്നതും പരിശോധിക്കണം. പ്ലീഹ വീക്കം, മഞ്ഞപ്പിത്തം, തൊലിക്ക് താഴെ രക്തക്കുഴലുകള്‍ വികസിച്ച് വരുന്നതും കരൾ വീക്കത്തിന്റെ സൂചനകളാണ്. അതുപോലെ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് കുറയുന്നുണ്ടോ എന്നതും പരിശോധിക്കുക. കൈ വെള്ളകളില്‍ ചുവപ്പ് നിറം ഉണ്ടാകുന്നതും എന്‍എഎഫ്എല്‍ഡിയുടെ ലക്ഷണമാണ്.
പലപ്പോഴായി ഓക്കാനം അനുഭവപ്പെടുക, എല്ലായ്പ്പോഴും വയറ് നിറഞ്ഞത് പോലുള്ള തോന്നൽ എന്നിവയും വിശപ്പില്ലായ്മയും മറ്റ് ലക്ഷണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുടി കൊഴിച്ചിൽ ഇല്ലാതാക്കി ഇടതൂർന്ന് വളരാൻ വെളുത്തുള്ളി
ദഹനപ്രക്രിയ മോശമാകുന്നതിനും കരൾ വീക്കം വഴിവയ്ക്കുന്നു. ഇതുകൂടാതെ, പലപ്പോഴും ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നതും കരൾ വീക്കം ഉണ്ടാകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.