ഉറങ്ങാൻ ഇഷ്ടമല്ലാത്തവരായി ആരുമില്ല അല്ലേ? ചിലർക്ക് രാത്രി കൂടുതൽ ഉറങ്ങാനാണ് ഇഷ്ടമെങ്കിൽ മറ്റ് ചിലർക്ക് പകൽ സമയത്ത് ഉറങ്ങാനാണ് പ്രിയം. എന്നാൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഉറങ്ങിപ്പോകുന്ന ചിലരുണ്ട്. ഇത് ചിലപ്പോൾ നാർകോലെപ്സിയുടെ (Narcolepsy) ലക്ഷണമാകാം. പകൽ സമയത്തെ അമിത ഉറക്കം മൂലം ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നാണ് പലരുടെയും സംശയം, അതിനെ കുറിച്ച് കൂടുതൽ അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: മുടി കൊഴിച്ചിൽ ഇല്ലാതാക്കി ഇടതൂർന്ന് വളരാൻ വെളുത്തുള്ളി
- നാർകോലെപ്സി (അമിത ഉറക്കം)
പകൽ സമയത്തെ അമിത ഉറക്കമാണ് നാർകോലെപ്സി. തലച്ചോറിന്റെ പ്രവർത്തനത്തിലെ ചില തടസമാണ് നാർകോലെപ്സിയിലേക്ക് നയിക്കുന്നത്. പ്രവർത്തികൾ ചെയ്യുന്നതിനിടയ്ക്ക് ഉറങ്ങിപ്പോകുന്നതാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണം. ഉറങ്ങാൻ കിടന്ന് പെട്ടെന്ന് തന്നെ സ്വപ്നം കാണുന്നതും നാർകോലെപ്സിയുടെ ലക്ഷണങ്ങളാണ്.
- മറ്റ് രോഗങ്ങൾ
ഉറക്കം കുറവുള്ളവരിലും കൂടുതൽ ഉള്ളവരിലും സാധാരണ അമിത വണ്ണം വരാറുണ്ട്. കൂടുതൽ ഉറങ്ങുന്നവരിൽ ശരീരഭാരം കൂടുന്നുവെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അമിതമായി ഉറങ്ങുന്നവർക്കിടയിൽ തലവേദന കൂടുതൽ അനുഭവപ്പെടാറുണ്ട്. തലച്ചോറിൽ ഉൽപാദനം നടക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളെ അമിത ഉറക്കം ബാധിക്കുന്നത് കൊണ്ടാണ് തലവേദന വരുന്നത്. കിടന്നുറങ്ങുന്ന രീതി ശരിയല്ലെങ്കിൽ നടുവേദന വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ അമിതയമായി ഉറങ്ങുന്നവർക്ക് കഴുത്ത് വേദന, ഞരമ്പ് വേദന ഒക്കെ വരാനുള്ള സാധ്യതയും കൂടുതലാണ്.
കൃത്യസമയങ്ങളിൽ ഉറങ്ങുന്നതും ഉണരുന്നതും മനസിനെ കൂടുതൽ ശാന്തമാക്കും. അമിതമായി ഉറങ്ങുന്നവരിൽ വിഷാദ രോഗം കൂടുതൽ ബാധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അമിതമായ ഉറക്കം പ്രമേഹ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്കവും ഹൃദയാരോഗ്യവും തമ്മിൽ വളരെയധികം ബന്ധമുണ്ട്. രാത്രിസമയങ്ങളിൽ 9 മുതൽ 11 മണിക്കൂർ വരെ ഉറങ്ങുന്നവർക്ക് എട്ട് മണിക്കൂർ ഉറങ്ങുന്നവരെക്കാൾ ഹൃദ്രോഗത്തിന് സാധ്യത കൂടുതലാണ്.
- എട്ട് മണിക്കൂർ ഉറക്കം പ്രധാനം
ഒരു മനുഷ്യൻ ആറ് മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം എന്നാണ് കണക്ക്. രാത്രി 10 മണിക്ക് കിടന്ന് രാവിലെ ആറ് മണിക്ക് എണീക്കുന്നതാണ് ശരിയായ രീതി. ഉറക്ക കുറവോ, കൂടുതലോ ചെറിയ കുട്ടികളെ ബുദ്ധിമാന്ദ്യം, ഓർമക്കുറവ് എന്നീ അവസ്ഥയിലേക്ക് നയിച്ചേക്കും.
- ഡോക്ടറുടെ സഹായം തേടേണ്ടത് എപ്പോൾ?
പകൽ ഉറക്കം തൂങ്ങുക, അസ്വസ്ഥത അനുഭവപ്പെടുക, ദിവസേന ചെയ്യുന്ന പ്രവർത്തികൾ ശ്രദ്ധിക്കാൻ സാധിക്കാതെ വരിക, വാഹനമോടിക്കാൻ പ്രയാസം, പകൽ മുഴുവൻ ക്ഷീണം, മദ്യപാന ആസക്തി എന്നീ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടുന്നത് നല്ലതാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.