ആരോഗ്യത്തിന് ആരോഗ്യമുള്ള ഉറക്കം അനിവാര്യമാണ്. അതായത്, ശരീരത്തിൽ ആന്തരികമായി നടക്കുന്ന ചില പ്രവർത്തനങ്ങളെ ഉറക്കം സ്വാധീനിക്കുന്നു. ആന്തരികമായി നടക്കുന്ന പ്രവർത്തനങ്ങൾ ശരിയായി നടന്നാൽ മാത്രമേ ആരോഗ്യമുള്ള ശരീരവും ലഭിക്കുകയുള്ളൂ.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 4 ഉറക്ക ശീലങ്ങൾ
അതായത്, അടുത്തിടെ പുറത്തുവന്ന ഗവേഷണ റിപ്പോർട്ടുകൾ നൽകുന്ന വിവരത്തെ ഗൗരവമായി കാണേണ്ടത് അനിവാര്യമാണ്. കാരണം, ഈ പഠനം പറയുന്നത് ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ അത് കുടവയറിന് കാരണമാകും എന്നതാണ്.
അതായത്, വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞ് കൂടാനും, ഇങ്ങനെ കുടവയര്‍ ചാടുന്നതിനും വഴിയൊരുക്കും. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരാണെങ്കിൽ അവരുടെ അവയവങ്ങള്‍ക്ക് ചുറ്റുമായി കൊഴുപ്പ് അടിഞ്ഞ് സങ്കീര്‍ണതകളുണ്ടാകുമെന്നാണ് മയോ ക്ലിനിക്കല്‍ നടന്ന പഠനം വ്യക്തമാക്കുന്നത്. ജേണല്‍ ഓഫ് ദ അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയിലാണ് ഉറക്കമില്ലായ്മ കുടവയറിന് കാരണമാകുമെന്ന ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: ഉറക്കക്കുറവ് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു?
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങൾ ശരിയായി നടക്കുന്നതിനും, കൂടാതെ ഓർമശക്തിക്കും ആവശ്യത്തിന് ഉറക്കം അത്യാവശ്യമാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
12 പേരെ രണ്ട് സംഘങ്ങളായി തിരിച്ചാണ് ഗവേഷണം നടത്തിയത്. ഇതിൽ ആരോഗ്യവാന്മാരും അമിതവണ്ണം ഇല്ലാത്തവരും ഉൾപ്പെട്ടിരുന്നു. 21 ദിവസം നീണ്ടു നിന്ന പഠനം വ്യക്തമാക്കുന്നത് കുറഞ്ഞ സമയം ഉറങ്ങിയവരിൽ വയറില്‍ കൊഴുപ്പടിയുന്നതായാണ്. രണ്ട് സംഘങ്ങളായി തിരിച്ചതിൽ ഒരു കൂട്ടർക്ക് രാത്രി ഒന്‍പത് മണിക്കൂര്‍ ഉറക്കം ലഭ്യമാക്കി. രണ്ടാമത്തെ സംഘത്തിന് വെറും നാലു മണിക്കൂറുമാണ് ദിവസേന ഉറക്കം നൽകിയത്.
മൂന്ന് മാസത്തിന്റെ ഇടവേളയിൽ ഈ പരീക്ഷണത്തില്‍ പങ്കെടുത്തവരെ ഗ്രൂപ്പ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി പഠനം ആവര്‍ത്തിക്കുകയും ചെയ്തു.
പഠനത്തിലെ നിഗമനം (Conclusion of the study)
ഉറക്കം കുറവ് ലഭിച്ചവരുടെ വയറില്‍ കൊഴുപ്പടിയുന്ന ഭാഗത്തിന്റെ വിസ്തീര്‍ണം 9 ശതമാനമായി വര്‍ധിച്ചുവെന്ന് പഠനം വ്യക്തമാക്കുന്നു. ഇവരുടെ വയറിന്റെ ഭാഗത്ത് അടിഞ്ഞ കൊഴുപ്പിന്റെ തോത് 11 ശതമാനം കൂടിയതായും കണ്ടെത്തിയിട്ടുണ്ട്. സിടി സ്‌കാനിലൂടെയാണ് വയറിന്റെ ഭാഗത്ത് കൊഴുപ്പടിയുന്നതായി കണ്ടെത്തിയത്.
ബന്ധപ്പെട്ട വാർത്തകൾ: ചാടിയ വയറിനെ ഒതുക്കാൻ അടുക്കളയിൽ തന്നെ ഒരു ഇരട്ടക്കൂട്ട്
ഉറക്കകുറവും കുടവയറും (Less Sleep And Belly Fat)
ഉറക്കം കുറവ് ലഭിച്ചവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശരാശരി പ്രതിദിനം 300 കാലറി അധികം കഴിച്ചുവെന്നതും ഗവേഷണത്തിൽ കണ്ടെത്തി. അതായത്, ഇവരുടെ ശരീരത്തിൽ 13 ശതമാനം അധികം പ്രോട്ടീനും 17 ശതമാനം കൂടുതല്‍ കൊഴുപ്പും എത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വയറ്റിലെ കൊഴുപ്പ് അപകടം; പരിഹാരം ശുദ്ധമായ തൈര്
അതിനാൽ ഉറക്കകുറവും നമ്മുടെ ജീവിതശൈലിയും തമ്മിൽ അഭേദ്യമായി ബന്ധമുണ്ടെന്നതാണ് ഇത് വിശദമാക്കുന്നത്. അതായത്, ഉറക്കം കുറയുന്നതും, തുടർന്ന് അധികമായി ഭക്ഷണം കഴിക്കുന്നതുമെല്ലാം ശരീരത്തിനുള്ളിലേക്ക് അമിതമായി കൊഴുപ്പിനെ പ്രവേശിപ്പിക്കുന്നു. ഇത് കുടവയർ ഉണ്ടാക്കാനും കാരണമാകുന്നു. അതിനാൽ തന്നെ വ്യായാമം ചെയ്യുന്ന പോലെ ശരിയായ ഉറക്കവും അനിവാര്യമായ ഘടകമാണ്.