വേത്
വേതാണ് പ്രസവ ശുശ്രൂഷയില്‍ പ്രധാനം. നാല്‍പ്പാമര പട്ട ,ഉണക്ക നെല്ലിക്ക, രാമച്ചം, കടുക്കത്തോട് ,തുളസിയില, ഞവരയില,കരിനൊച്ചിയില,വേപ്പില എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം ചൂടോടെ ദേഹശുദ്ധിക്കായി ഉപയോഗിക്കണം.വെള്ളംവെട്ടി തിളപ്പിച്ചശേഷം അടുത്ത ദിവസമാണ് കുളിക്കാനായി് ഉപയോഗിക്കുക. . ഇത് ഒരാഴ്ച മുതല്‍ 45 ദിവസം വരെ സൗകര്യാനുസരണം നിര്‍വ്വഹിക്കാം. ഇതില്‍ ആവി പിടിക്കുന്നതും നല്ലതാണ്.
ലേഹ്യം
ആരോഗ്യം മെച്ചമാക്കാനും പഴയ നിലയിലേക്കെത്താനും കുഞ്ഞിന് പ്രതിരോധശേഷി മുലപ്പാലിലൂടെ ലഭ്യമാക്കാനും ലേഹ്യങ്ങള്‍ ഉത്തമമാണ്. ഇതില്‍ പ്രധാനം തുമ്പ ലേഹ്യമാണ്. കാച്ചരക്ക്, ചതകുപ്പ, കരുപ്പുകട്ടി, തേങ്ങാപാല്‍,ഉണക്കലരി, തുമ്പ എന്നിവ ചേര്‍ത്താണ് തുമ്പലേഹ്യം ഉണ്ടാക്കുന്നത്.
ചുക്കും കാച്ചരക്കും ഉള്‍പ്പെടെ 41 ഇനം മരുന്നുകള്‍ ചേര്‍ന്ന പേറ്റുമരുന്ന് അങ്ങാടി കടകളില്‍ ലഭിക്കും. ഇത് ഉണക്കി മിക്‌സിയില്‍ പൊടിച്ച് ആട്ടണം. ഇതില്‍ തേങ്ങാപാലും കരുപ്പുകട്ടിയും ഉണക്കലരിയും നെയ്യും ചെറുതേനും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും കൊടുക്കാവുന്നതാണ്.
ഒരു ലേഹ്യം ഉണ്ടാക്കി ഉപയോഗിച്ചു കഴിഞ്ഞ ശേഷം വേണം അടുത്തത് ഉണ്ടാക്കാന്‍. മലനാങ്ങി ഇല ചേര്‍ത്ത ലേഹ്യം, കുരുപരുത്തിയില ലേഹ്യം, കരിനൊച്ചിയില ലേഹ്യം, എശങ്ങില ലേഹ്യം, ഞവരയില ലേഹ്യം ,കുമ്പളങ്ങ ലേഹ്യം, ചെറിയ ഉള്ളി ലേഹ്യം, തെങ്ങിന്‍കൂമ്പ് ലേഹ്യം,കൊടങ്ങല്‍ ലേഹ്യം, നെയ്വള്ളി ലേഹ്യം, പെരിയണം ലേഹ്യം, പറങ്കിമാവിന്റെ കുരുന്നില ഉപയോഗിച്ചുളള ലേഹ്യം, മുരിങ്ങപട്ട ലേഹ്യം, തെറ്റി വേര് ലേഹ്യം എന്നിവയും പ്രാധാന്യം അര്‍ഹിക്കുന്നു. ഇതില്‍ അതത് പ്രദേശത്ത് ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചുളള 3-4 ലേഹ്യങ്ങള്‍ ഉണ്ടാക്കി കഴിക്കാവുന്നതാണ്. പരമ്പരാഗത രീതിയില്‍ കൊതുമ്പും ചിരട്ടയും വിറകും ഉപയോഗിച്ച് ലേഹ്യം നിര്‍മ്മിക്കുന്നതാണ് ഉത്തമം.
മില്ലില്‍ പൊടിച്ച പച്ച മഞ്ഞളും കരുപ്പുകട്ടിയും തേങ്ങാപാലും അരിയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും രോഗപ്രതിരോധ ശക്തി നല്‍കുന്നതാണ്.
കുളി
ധന്വന്തരം കുഴമ്പ് ചൂടാക്കി ദേഹത്ത് തേച്ച് കസ്തൂരി മഞ്ഞള്‍ പുരട്ടി രണ്ടര മണിക്കൂര്‍ കഴിഞ്ഞ് കടലമാവ് ഉപയോഗിച്ച് കുളിപ്പിക്കുമ്പോള്‍ നല്ല ദേഹകാന്തി കിട്ടും.
കിഴി
ആരോഗ്യരക്ഷയ്ക്കായി കിഴിയിടുന്നതും പ്രധാനമാണ്. നാരങ്ങ,ആടലോടകം,പച്ചകിരിയാത്ത്,എരുക്ക്, മുരിങ്ങയില,ഞവര,തുളസി,പച്ചമഞ്ഞള്‍ എന്നിവ അരിഞ്ഞ് വേപ്പെണ്ണയും ധന്വന്തരം കുഴമ്പും ചേര്‍ത്താണ് കിഴിയുണ്ടാക്കുക. 3 ദിവസം കൂടുമ്പോള്‍ കിഴി മാറ്റണം.
അരിഷ്ടം
ജീരകാരിഷ്ടം, ദശമൂലാരിഷ്ടം,അശോകാരിഷ്ടം എന്നിവ ചേര്‍ന്ന മിശ്രിതം 3 സ്പൂണ്‍ വീതം രണ്ട് നേരം കൊടുക്കുന്നതും ഉത്തമമാണ്.
തലയില്‍ തേക്കാനുളള എണ്ണയും പ്രത്യേകം തയ്യാറാക്കുന്നത് നല്ലതാണ്. കരിം ജീരകവും മേമ്പാടയും കറിവേപ്പിലയും തുളസിയിലയും ചെമ്പരത്തിപൂവും ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചിയാണ് എണ്ണ തയ്യാറാക്കുക.
ഭക്ഷണം
ഇഞ്ചികറി
ഭക്ഷണത്തിലും ശ്രദ്ധവേണം. ദഹനം നന്നായി നടക്കുന്നതിന് ഇഞ്ചിക്കറി തയ്യാറാക്കി ചോറിനൊപ്പം നല്‍കണം. ഉപ്പ്,പുളി,മുളകുപൊടി,മല്ലി,ഉലുവ,ജീരകപൊടി,കായം, വെളിച്ചെണ്ണ,കറിവേപ്പില,മുളക്, വറുത്ത ഇഞ്ചി എന്നിവയാണ് വേണ്ടത്. വെളിച്ചെണ്ണ ചൂടാക്കി കടുക് വറുത്ത് ചേരുവയും ചേര്‍ത്താണ് കറി തയ്യാറാക്കേണ്ടത്.
പേറ്റുപുളി
പേറ്റുപുളിയും വളരെ പ്രാധാന്യമുള്ള ഒന്നാണ്. വടക്കന്‍ പുളി വെള്ളത്തിലിട്ട് കുതിര്‍ത്ത്, കീറി എണ്ണയില്‍ കടുക് വറുത്ത്, വെളുത്തുള്ളി,ഉലുവപൊടി,ജീരകപൊടി,മുളകുപൊടി, മല്ലിപൊടി,മഞ്ഞള്‍പൊടി,ഉപ്പ്,കുരുമുളക് എന്നിവ കൂടി ചേര്‍ത്ത്, വറുത്തരച്ച തേങ്ങയും ചേര്‍ത്താണ് പേറ്റുപുളി ഉണ്ടാക്കുന്നത്.
ഉള്ളിക്കറി
മറ്റൊരു ഔഷധകറിക്കൂട്ട് ഉള്ളികറിയാണ്. ചെറിയ ഉള്ളി അരിഞ്ഞു വറുത്ത്, മുളകുപൊടി,മല്ലിപൊടി ,തേങ്ങ, വാളന്‍പുളി എന്നിവ ചേര്‍ത്താണ് ഇതുണ്ടാക്കുക.
40 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജലജ കുമാരിയുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും തയ്യാറാക്കിയത് .
ജലജ കുമാരിയുടെ നമ്പര്‍-- 9526801379)