മുഖക്കുരുവും കറുത്ത പാടുകളും വരാതെ മുഖം സംരക്ഷിക്കുന്നത് അത്ര എളുപ്പമല്ല. കണ്ണ്, മൂക്ക്, ചുണ്ട്, നെറ്റി, കവിളുകൾ തുടങ്ങിയ ഭാഗങ്ങളിൽ നിരന്തരം പ്രത്യേക ശ്രദ്ധ കൊടുത്താൽ ചർമത്തിൽ കേടുപാടുകൾ വരാതെ സംരക്ഷിക്കാൻ സാധിക്കും. മുഖത്ത് വരുന്ന ബ്ലാക്ക്ഹെഡ്സുകളാണ് പ്രധാന വില്ലൻ. മുഖത്ത് ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും വരാറുണ്ട്.
കൂടുതൽ വാർത്തകൾ: മുടി കൊഴിച്ചിൽ കുറയ്ക്കാൻ സവാള നീര് ഇങ്ങനെ പരീക്ഷിച്ച് നോക്കൂ..
എന്നാൽ ബ്ലാക്ക്ഹൈഡ്സുകൾ വന്നാലുടൻ മാറ്റണം. ചർമത്തിൽ അഴുക്കുമായി ചേർന്ന് സുഷിരങ്ങളിൽ അടിയുന്നതാണ് ബ്ലാക്കഹെഡ്സായി രൂപപ്പെടുന്നത്. കൂടുതൽ പേരും ബ്ലാക്ക്ഹെഡ്സ് കളയാൻ ബ്യൂട്ടിപാർലറുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ വീട്ടിൽ വച്ച് തന്നെ ഈ പ്രശ്നം പരിഹരിക്കാൻ നമുക്ക് സാധിക്കും, അതും ഈസിയായി...
ബ്ലാക്ക്ഹെഡ്സ് വരാനുള്ള കാരണം
ജീവിത ശൈലി, ഹോർമോണുകളിലെ വ്യത്യാസം, മദ്യപാനം, പുകവലി എന്നിവ മൂലം ബ്ലാക്ക്ഹെഡ്സ് ഉണ്ടാകാറുണ്ട്.
ബ്ലാക്ക്ഹെഡ്സ് കളയാനുള്ള എളുപ്പവഴികൾ
തേൻ പ്രയോഗം
ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗത്ത് തേൻ തേയ്ക്കുക. 10 മിനിട്ടിന് ശേഷം തുണി ഉപയോഗിച്ച് തുടച്ച് നീക്കണം. അതുകഴിഞ്ഞ് ശുദ്ധമായ വെള്ളത്തിൽ കഴുകുക. തുടച്ചയായി 5 ദിവസം ചെയ്താൽ ഫലം കണ്ടുതുടങ്ങും.
മഞ്ഞളും വെളിച്ചെണ്ണയും
1 സ്പൂൺ വെളിച്ചെണ്ണയും മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കാം. ആവശ്യമെങ്കിൽ രണ്ട് തുള്ളി പനിനീരോ, നാരങ്ങാ നീരോ ചേർക്കാം. 15 മിനിട്ടിന് ശേഷം ഇത് കഴുകി കളയാം. ചർമത്തിന് തിളക്കം ലഭിക്കാനും ഈ മിശ്രിതം സഹായിക്കും.
മുട്ട പ്രയോഗം
ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള ബ്ലാക്ക്ഹെഡ്സിന് മുകളിൽ തേയ്ച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. 14 ദിവസം കൊണ്ട് ബ്ലാക്ക് ഹെഡ്സ് പൂർണമായും മാറുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
തേൻ, പഴം, ഓട്സ്
1 സ്പൂൺ ഓട്സും, 1 സ്പൂൺ തേനും, 1 വാഴപ്പഴവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നല്ലൊരു സ്ക്രബറാണ്. മുഖത്ത് പുരട്ടി ചെറുതായി സ്ക്രബ് ചെയ്തശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ വെള്ളവുമായി മിക്സ് ചെയ്ത് ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടണം. ചെറുതായി സ്ക്രബ് ചെയ്യണം. അതിനുശേഷം കഴുകിക്കളഞ്ഞാൽ മതി.
ദിനചര്യകളിൽ ശ്രദ്ധിക്കാം
മൈൽഡ് ഫെയ്സ് വാഷും ക്ലെൻസറും (കെമിക്കൽ അധികം ചേരാത്ത) ഉപയോഗിക്കണം. കൂടാതെ എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യണം. ദിവസവും ശുദ്ധമായ വെള്ളം ഉപയോഗിച്ച് മുഖം കഴുകണം. കൃത്യമായ ഇടവേളകളിൽ ഫേഷ്യൽ ചെയ്യാനും മറക്കരുത്. ആവി പിടിക്കുന്നത് മുഖം തിളങ്ങാനും, ചർമം മൃദുവാകാനും സഹായിക്കും. ആവി പിടിച്ചതിനുശേഷം സ്ക്രബ് ചെയ്താൽ ബ്ലാക്ക് ഹെഡ്സ് പോകും.