വരുമാനം കൂടിയാലും ചെലവ് കുറയുന്നില്ല. ഭാവിയിലേക്ക് എന്തെങ്കിലും കരുതി വയ്ക്കാനായാലും വരുമാനം തികയാതെ വരുന്ന അവസ്ഥയാണ്. എന്തുകൊണ്ടാണ് വേതനം കൂടിയാലും നിങ്ങൾക്ക് പണം സ്വരുക്കൂട്ടാനോ സമ്പാദ്യമാക്കാനോ സാധിക്കാത്തത് എന്നറിയാമോ?
ചിലപ്പോൾ വരുമാനം വർധിക്കുമ്പോൾ കൂടുതൽ പണം ചെലവഴിക്കുന്നതാകാം. അല്ലെങ്കിൽ ശമ്പളം കൂടുന്നതിന് അനുസരിച്ച് ജീവിത നിലവാരം ഉയരുന്നതുമാകാം. ചെലവുകൾക്കും ആഗ്രഹങ്ങൾക്കും പരിധിയില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അങ്ങനെയുള്ളപ്പോൾ സമ്പാദ്യം എന്നത് എങ്ങനെ സാധ്യമാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വാസ്തുശാസ്ത്രം പറയുന്നു വീട്ടുമുറ്റത്തെ ഈ 5 ചെടികൾ സമ്പത്ത് വർധിപ്പിക്കും
ഓരോ വ്യക്തിയും തന്റെ വരുമാനത്തിന്റെ 10% ലാഭിക്കണമെന്ന് പറയുന്നു. എന്നാൽ ഇത് പലപ്പോഴും ബുദ്ധിമുട്ടായേക്കാം. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് തീർച്ചയായും പിന്തുടരാവുന്ന ചില ചെലവ് ചുരുക്കൽ ഉപായങ്ങൾ നോക്കാം.
-
ഗതാഗതം
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, നിങ്ങളുടെ യാത്രയിൽ നിന്നും പണം ലാഭിക്കാം. എല്ലാവരും സ്വന്തം കാറിൽ ഓഫീസിലേക്കോ മാർക്കറ്റിലേക്കോ പോകാനായിരിക്കും താൽപ്പര്യപ്പെടുന്നത്. എന്നാൽ ഈ അനാവശ്യ ചെലവ് നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പൊതുഗതാഗതം ഉപയോഗിക്കുന്നത് പരമാവധി വർധിപ്പിക്കുക.
നിങ്ങളുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇങ്ങനെ ലാഭിക്കാം. പ്രതിദിനം ഗതാഗതത്തിനായി നിങ്ങൾ ചെലവഴിക്കുന്നത് ഒരു വർഷത്തിനുള്ളിൽ വലിയ തുകയാണ്.
-
സ്മാർട്ട് ഓൺലൈൻ ഷോപ്പിങ്
നിങ്ങളുടെ ശമ്പളത്തിന്റെ ഒരു പ്രധാന ഭാഗം നിങ്ങളുടെ വസ്ത്രങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കുന്നു. ഈ അവസരത്തിൽ നിങ്ങൾക്ക് സ്മാർട് ഷോപ്പിങ് നടത്താവുന്നതാണ്. അതായത്, ലാഭകരമായതും ഓഫറുകൾ നൽകുന്നതുമായ വെബ്സൈറ്റുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ചെലവ് കുറയ്ക്കാവുന്നതാണ്.
ഓൺലൈൻ പേയ്‌മെന്റ് ഡിസ്‌കൗണ്ടുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും നോക്കിയും ഷോപ്പിങ് നടത്താവുന്നതാണ്.
-
സ്മാർട്ടായി പലചരക്ക് സാധനങ്ങൾ വാങ്ങാം
നിങ്ങളുടെ ശമ്പളത്തിന്റെ വലിയൊരു തുക പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കുകയാണോ. ആഴ്ചയിൽ 2-3 തവണ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന് പകരം, മാസം തോറും വീട്ടിലേക്ക് ആവശ്യമായുള്ള തുക മൊത്തത്തിൽ വാങ്ങാം.
മുഴുവൻ മാസത്തേക്കുള്ള സ്റ്റോക്കുകൾ ഒരേസമയം വാങ്ങുന്നതിന് ശ്രദ്ധിക്കുക. മൊത്തത്തിൽ വാങ്ങുന്നത് വിലക്കിഴിവും മറ്റും നേടാൻ സഹായിക്കും. ഇതുകൂടാതെ, എല്ലാ സൂപ്പർമാർക്കറ്റുകളും അവരുടെ ഉപഭോക്താക്കൾക്കായി കാർഡുകൾ നൽകുന്നുണ്ട്. ഈ കാർഡിൽ പോയിന്റുകളും സീസണൽ ഓഫറുകളും ലഭ്യമാണ്. ഇത് ചെലവ് ചുരുക്കി ഷോപ്പിങ് നടത്താൻ നിങ്ങളെ സഹായിക്കും.
-
വൈദ്യുതി ബിൽ ലാഭിക്കാം
വീട്ടിൽ അനാവശ്യമായി ഉപയോഗിക്കുന്ന ലൈറ്റുകളും ഫാനുകളും എസികളും ഭീമമായ വൈദ്യുതി ബില്ലിലേക്ക് ആയിരിക്കും നിങ്ങളെ നയിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, വൈദ്യുതി ബിൽ ലാഭിക്കാൻ നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. വീട്ടിൽ അനാവശ്യമായി ലൈറ്റുകളോ ഫാനുകളോ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. കൂടുതൽ CFL അല്ലെങ്കിൽ LED ബൾബുകൾ ഉപയോഗിക്കുന്നതും നല്ലതാണ്.
-
ടെലിഫോൺ ബിൽ
മൊബൈൽ ഉപഭോഗം ഇന്ന് താരതമ്യേന കൂടുതലാണ്. കൃത്യമായ ആസൂത്രണം ചെയ്തില്ലെങ്കിൽ, മൊബൈൽ ബിൽ നിങ്ങളുടെ വീടിന്റെ മുഴുവൻ ബജറ്റും നശിപ്പിച്ചേക്കാം. ശരിയായ പ്രതിമാസ റീചാർജ് പ്ലാൻ തെരഞ്ഞെടുക്കുന്നതാണ് ഇങ്ങനെ ഉണ്ടാകുന്ന ചെലവ് കുറയ്ക്കാനുള്ള ബദൽമാർഗം.
അതായത്, നിങ്ങളുടെ വീട്ടിലും ഓഫീസിലും വൈഫൈ ഉണ്ടെങ്കിൽ, ഡാറ്റ ഇല്ലാത്തതോ കുറഞ്ഞ ഡാറ്റ മാത്രം ഉള്ള ഓഫറോ ഉപയോഗിക്കാം. ഇത് നിങ്ങളുടെ മൊബൈൽ ബില്ലിന്റെ തുക ചുരുക്കുന്നു.
-
പുറത്ത് നിന്നുള്ള ഭക്ഷണം കുറയ്ക്കുക
ജങ്ക് ഫുഡിനും ഓൺലൈൻ ഫുഡ് ഡെലിവറിക്കുമുള്ള ഓപ്ഷനുകൾ വർധിച്ചതോടെ ഭക്ഷണത്തിനുള്ള ചെലവ് ഇരട്ടിയായി. അതിനാൽ നിങ്ങളുടെ വരുമാനത്തിൽ നിന്ന് അനാവശ്യ ചെലവുകൾ കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ചെലവ് കുറയ്ക്കുക.
ബന്ധപ്പെട്ട വാർത്തകൾ: അതിജീവനത്തിന്റെ ചേക്കുട്ടിയുടെ ചേന്ദമംഗലം പഞ്ചായത്ത്; ഭാവി പദ്ധതികൾ
കഴിയുമെങ്കിൽ ഓഫീസിലേക്കുള്ള ഉച്ചഭക്ഷണം വീട്ടിൽ തയ്യാറാക്കി കരുതുക. പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നത് കുറയ്ക്കുക. എങ്കിലും മാസത്തിൽ രണ്ട് തവണ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന രീതിയിൽ പ്ലാൻ ചെയ്യുക. ഇത് നിങ്ങളുടെ പണം ലാഭിക്കുക മാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തിനും ഇത് മെച്ചമാണ്.