ലഞ്ച് ബോക്സിലെ ദുർഗന്ധം എല്ലാവരേയും അലട്ടുന്ന ഒന്നാണ്. ഇതിനുള്ളിൽ ഒരുപാട് നേരം ഭക്ഷണങ്ങൾ അടച്ച് വെക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള ഗുർഗന്ധം ഉണ്ടാകുന്നത്. കഴിച്ച് കഴിഞ്ഞ് പാത്രം കഴുകാതെ അടച്ച് വെക്കുന്നതും ദുർഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നു.
സ്കൂൾ കുട്ടികൾ മുതൽ ജോലിക്കാർ വരെ ഒട്ടുമിക്ക എല്ലാ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ലഞ്ച് ബോക്സ്. അത് എത്രത്തോളം കഴുകിയാലും അതിൻ്റെ മണം പോകാറില്ല. മാത്രമല്ല പാത്രത്തിൽ കറിയുടെ കറയും കാണും. ഇതൊക്കെ കളയുന്നതിന് ചുമ്മാ വെള്ളവും സോപ്പും മാത്രമായി ഉപയോഗിച്ചാൽ പോരാ... ഇത്തരത്തിലുള്ള ലഞ്ച് ബോക്സിലെ മണം മാറ്റുന്നതിന് നിങ്ങൾക്ക് ചില പൊടിക്കൈകൾ ഉപയോഗിക്കാവുന്നതാണ്.
എങ്ങനെ ലഞ്ച് ബോക്സിലെ ദുർഗന്ധം അകറ്റാം?
• ഫ്രീസറിൽ വെക്കാം
ലഞ്ച് ബോക്സിലെ വൃത്തികെട്ട മണം അകറ്റുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് അത് ഫ്രീസറിൽ വെക്കാം എന്നുള്ളത്. പാത്രം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഒരു രാത്രി മുഴുവനായോ അല്ലെങ്കിൽ മണിക്കൂറുകളോ പാത്രം ഫ്രീസറിൽ വെക്കാവുന്നതാണ്. ഇത് പാത്രത്തിലെ ദുർഗന്ധം അകറ്റുന്നതിന് സഹായിക്കും.
• ബേക്കിംഗ് സോഡ
പാത്രത്തിലെ മണം അകറ്റുന്നതിനുള്ള മറ്റൊരു മാർഗമാണ് ബേക്കിംഗ് സോഡ. ഇത് മണം മാറ്റാൻ മാത്രമല്ല പകരം കറ കളയുന്നതിനും വളരെ നല്ലതാണ്. ഇതിനായി ബേക്കിംഗ് സോഡ നല്ല കട്ടിയുള്ള പേസ്റ്റ് ആക്കുക. ഇത് പാത്രത്തിൽ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം വെക്കുക. ഇത് കഴുകി എടുക്കുക. കറയും മണവും പോകും എന്ന് മാത്രമല്ല പാത്രം നല്ല വൃത്തിയായി ഇരിക്കുകയും ചെയ്യും.
• ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് കൊണ്ടും നിങ്ങളുടെ പാത്രത്തിലെ മണം അകറ്റാം എന്ന് പറയുന്നത് നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടോ? എന്നാൽ സത്യമാണ്. ഉരുളക്കിഴങ്ങ് മുറിച്ച് 15 അല്ലെങ്കിൽ 20 മിനിറ്റ് പാത്രത്തിനുള്ളിൽ വെക്കുക. ശേഷം കുറച്ച് കഴിഞ്ഞ് ഉരുളക്കിഴങ്ങിൽ ഉപ്പ് പുരട്ടിയ ശേഷം പാത്രത്തിൽ ഉരച്ച് നന്നായി കഴുകി എടുക്കാം.
• വിനാഗിരി
വിനാഗിരി ബാക്ടീരിയകളെ നശിപ്പിക്കുന്ന ഒന്നാണ്. വൈറ്റ് വിനാഗിരിയാണ് ഇതിന് ആവശ്യമായി വരുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന അസറ്റിക്ക് ആസിഡാണ് ബാക്ടീരിയകളെ നശിപ്പിക്കുന്നത്. കപ്പിലേക്കോ അല്ലെങ്കിൽ പാത്രത്തിലേക്കോ വെള്ളമെടുത്ത് അതിലേക്ക് വിനാഗിരി ഒഴിക്കുക. നല്ല വൃത്തിയുള്ള കോട്ടൻ്റെ തുണി എടുത്ത് പാത്രം തുടയ്ക്കുക. ശേഷം ഇതേ തുണി തന്നെ പാത്രത്തിൽ ഇട്ട് വെച്ച് മൂടി വെക്കുക. അൽപ്പ സമയത്തിന് ശേഷം ഇത് കഴുകി എടുക്കാം...
ശ്രദ്ധിക്കുക: എല്ലാ ദിവസവും ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പാത്രം കഴുകി വെക്കാൻ ശ്രദ്ധിക്കുക, അതിന് സാധിച്ചില്ലെങ്കിൽ വൈകുന്നേരം വീട്ടിൽ ചെന്ന ഉടനെ തന്നെ പാത്രം കഴുകി തുറന്ന് വെക്കുക. അടച്ച് വെക്കുന്നത് പാത്രത്തിൽ മണം വരുന്നതിന് കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: വയറിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മുഖക്കുരുവിന് കാരണമാകാം