മല്ലിയില എളുപ്പത്തിൽ ചീഞ്ഞുപോകുന്നത് സാധാരണമാണ്. മിക്ക വിഭവങ്ങളിലും മല്ലിയില ചേർക്കുന്നത് കൊണ്ട് വെളിയിൽ നിന്നും കുറച്ചധികം വാങ്ങിവയ്‌ക്കേണ്ടതായി വരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ മല്ലിയില ചീഞ്ഞുപോകാതെ സൂക്ഷിക്കേണ്ടതും പ്രധാനമാണ്. ഇങ്ങനെ ചീഞ്ഞുപോകുന്നത് തടയാൻ സഹായിക്കുന്ന ചില ടിപ്പുകളെ കുറിച്ച് നോക്കാം.
ആദ്യം വേരോടെയുള്ള മല്ലിയില എങ്ങനെ കേടുവരാതെ സൂക്ഷിക്കാമെന്ന് നോക്കാം. ഇതിനായി വേരടക്കമുള്ള മല്ലിയില നന്നായി കഴുകി മണ്ണും അഴുക്കും നീക്കം ചെയ്യുക. ശേഷം ഇത് നന്നായി ഉണങ്ങാൻ അനുവദിക്കണം. ഇനി ഇവ വായു കടക്കാത്ത നല്ല അടച്ചുറപ്പുള്ള ഒരു ഉയരമുള്ള ജാറിൽ വയ്ക്കുക. അതിനുമുൻപ് ജാറിലേയ്ക്ക് കുറിച്ച് വെള്ളം ഒഴിക്കണം. പക്ഷെ മല്ലിയിലയുടെ വേരുകൾ മാത്രമേ വെള്ളത്തിൽ സ്പർശിക്കാൻ പാടൂ. ഇലകൾ നനയാതെ നോക്കണം.
ജാറിൻറെ അടിഭാഗത്ത് മാത്രമേ നനവുള്ളുവെന്ന് ഉറപ്പാക്കണം. ജാറിന്റെ മറ്റുഭാഗങ്ങളിൽ നനവ് പാടില്ല. അടപ്പിലും അല്പം പോലും വെള്ളം ഇല്ലെന്ന് ഉറപ്പാക്കണം. വെള്ളം ഉണ്ടെങ്കിൽ മല്ലിയില പെട്ടന്ന് ചീഞ്ഞു പോകും. ഇനി ജാറ് വായുകടക്കാത്തവിധം അടയ്ക്കുക. അതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ വെച്ചാൽ മല്ലിയില ഒരു മാസം വരെ ചീഞ്ഞുപോകാതെ ഫ്രഷായി സൂക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇങ്ങനെ വളർത്തിയാൽ മല്ലിയില തഴച്ചു വളരും
വേര് നീക്കം ചെയ്‌ത മല്ലിയില സൂക്ഷിക്കുന്നതിനായി മല്ലിയില നന്നായി കഴുകി ഉണക്കണം. വെള്ളം ഒട്ടുമില്ല എന്ന് ഉറപ്പാക്കണം. ഉണങ്ങിയ ശേഷം ഇത് ഉണങ്ങിയ അടച്ചുറപ്പുള്ള ഒരു പാത്രത്തിലാക്കി വയ്ക്കുക. മല്ലിയിലയുടെ മുകളിൽ ഒരു ടിഷ്യു പേപ്പർ വിരിക്കുക. ഇനി പാത്രം അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഒന്നോ രണ്ടോ ആഴ്ച മല്ലിയില ഫ്രഷ് ആയി സൂക്ഷിക്കാൻ സാഹായിക്കുന്ന മാർഗ്ഗമാണിത്. മല്ലിയിലയുടെ മുകളിൽ ടിഷ്യൂ പേപ്പർ വെക്കുന്നത് അധിക ഈർപ്പം വലിച്ചെടുക്കാനാണ്.