അടുക്കളയിലെ പാത്രങ്ങളിൽ ഉണ്ടാകുന്ന കറകൾ നീക്കം ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും പ്ലാസ്റ്റിക്, സെറാമിക്‌സ് എന്നീ പാത്രങ്ങളിൽ മഞ്ഞൾക്കറ പറ്റിയാൽ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില പൊടികൈകളെ കുറിച്ചാണ് വിവരിക്കുന്നത്.
- മഞ്ഞൾക്കറ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു കപ്പ് വെള്ളവും രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കറയുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിച്ച് ചുരുങ്ങിയത് അരമണിക്കൂർ സമയം കഴിഞ്ഞ് കഴുകിക്കളയുക.
- വിനാഗിരിയും ഉപ്പും ഉപയോഗിച്ച് നിങ്ങള്‍ക്ക് പാത്രങ്ങളിലെ കറ നീക്കം ചെയ്യാവുന്നതാണ്. ഒരു കപ്പ് വിനാഗിരിയിൽ അരക്കപ്പ് ഉപ്പ് മിക്‌സ് ചെയ്യുക. ഇത് നന്നായി മിക്‌സ് ചെയ്ത ശേഷം കറയുള്ള പാത്രത്തിൽ തേച്ചുപിടിപ്പിക്കുകയോ, ഈ മിശ്രിതത്തിലേക്ക് ഇറക്കി വെക്കാൻ പറ്റുന്ന പാത്രങ്ങളാണെങ്കിൽ അങ്ങനെ ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞു ഇത് പുറത്തെടുത്ത് സാധാരണ വെള്ളത്തില്‍ കഴുകണം. ഇങ്ങനെ ചെയ്യുന്നത് എല്ലാ തരം കറകളും നീക്കം ചെയ്യാൻ സഹായിക്കുന്നു.
- നാരങ്ങ നീര് കൊണ്ടും പാത്രത്തിലെ മഞ്ഞള്‍ക്കറയെ നമുക്ക് ഇല്ലാതാക്കാം. ഇതിനായി അല്‍പം നാരങ്ങ നീര് ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് വെള്ളം ചേര്‍ക്കുക. ഈ മിശ്രിതം കറയുള്ള പാത്രത്തില്‍ ഒരു ബ്രഷ് ഉപയോഗിച്ച് തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ ശേഷം ഒരു തുണി ഉപയോഗിച്ച് ഇത് തുടച്ച് നോക്കൂ. കറ സ്വാഭാവികമായും നീങ്ങിയതായി കാണാം.
- ചൂടു വെള്ളം ഉപയോഗിച്ച് ഏത് കറയേയും ഇല്ലാതാക്കാം. അതിന് വേണ്ടി ഒരു ബക്കറ്റ് ചൂടുവെള്ളം എടുക്കുക. പിന്നീട് കറ പിടിച്ച പാത്രങ്ങള്‍ ഇതിലേക്ക് മുക്കി വെക്കുക. ഏകദേശം മുപ്പത് മിനിറ്റ് എങ്കിലും മുക്കി വെക്കാന്‍ ശ്രദ്ധിക്കണം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് എടുത്ത് നോക്കിയാല്‍ കറയെല്ലാം നീങ്ങിയതായി കാണാവുന്നതാണ്.