വിവിധ പഴങ്ങളുടെ തൊലികൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. എന്നാൽ നേന്ത്രപ്പഴത്തിൻറെ തൊലി കൊണ്ട് പല്ലിന് തിളക്കം ലഭ്യമാക്കാം എന്നത് അധികമാർക്കും അറിയാത്ത ഒരു ടിപ്പാണ്. കഴിക്കുന്ന ഭക്ഷണം, നമ്മൾ പല്ലിന് നൽകുന്ന സംരക്ഷണം, ചില പാനീയങ്ങള്‍, ഉറക്കം, മറ്റ് ജീവിതരീതികള്‍ എല്ലാം പല്ലുകളുടെ ആരോഗ്യത്തെയും ഭംഗിയെയും സ്വാധീനിക്കാറുണ്ട്. ഇവ കാരണം പല്ലുകളുടെ തിളക്കം മങ്ങിപ്പോകാനും സാധ്യതയുണ്ട്.
നേന്ത്രപ്പഴത്തിൻറെ തൊലി ഉപയോഗിച്ച് പല്ലിന് എങ്ങനെ തിളക്കം നേടാമെന്ന് നോക്കാം. പഴുത്ത നേന്ത്രപ്പഴത്തിന്‍റെ തൊലി ചെറിയ കഷ്ണങ്ങളാക്കി അതിന്‍റെ ഉള്‍ഭാഗം കൊണ്ട് പല്ലില്‍ തേക്കുകയാണ് വേണ്ടത്. ഏതാനും മിനുറ്റുകള്‍ ഇത് ചെയ്ത ശേഷം വെറുതെ വെള്ളത്തില്‍ വായ കഴുകുകയോ അല്ലെങ്കില്‍ പേസ്റ്റുപയോഗിച്ച് വെറുതെയൊന്ന് തേച്ച് കഴുകുകയോ ചെയ്യാം.
നേന്ത്രപ്പഴത്തിന്‍റെ തൊലിക്ക് അകത്ത് നിന്ന് സ്പൂണുപയോഗിച്ച് അതിന്‍റെ തൊലിയോട് ചേര്‍ന്നുള്ള കൊഴുപ്പുള്ള ഭാഗം ചുരണ്ടിയെടുത്ത് അതുവച്ചും പല്ല് തേക്കാം. അതല്ലെങ്കില്‍ പിന്നെ ഇങ്ങനെ ചുരണ്ടിയെടുക്കുന്നതിനോടുകൂടി അല്‍പം ഉപ്പും നുള്ള് മഞ്ഞളും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അതുകൊണ്ട് പല്ല് തേക്കാം. ഇതിന്‍റെ രുചി പ്രശ്നമാണെങ്കില്‍ ഈ പേസ്റ്റിലേക്ക് ടൂത്ത്പേസ്റ്റും അല്‍പം ചേര്‍ക്കാം. മൂന്നോ നാലോ മിനുറ്റേ ഇതുവച്ച് പല്ല് തേക്കേണ്ടതുള്ളൂ. ശേഷം വെള്ളം കൊണ്ട് വായ കഴുകിയെടുക്കാം.
ഇങ്ങനെ ചെയ്‌താൽ പല്ലിന് തിളക്കം ലഭ്യമാക്കാം. നേന്ത്രപ്പഴത്തിന്‍റെ തൊലിക്ക് പുറമെ ബേക്കിംഗ് സോഡയും ചെറുനാരങ്ങാനീരും കൂടിയുള്ള മിശ്രിതം, ഉമിക്കരി, സ്ട്രോബെറി- ബേക്കിംഗ് സോഡ മിശ്രിതം, വെളിച്ചെണ്ണ, ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എല്ലാം പല്ലിലെ കറ നീക്കി പല്ലിനെ തിളക്കമുള്ളതാക്കാൻ സഹായിക്കും.