നമുക്കെല്ലാവർക്കും എപ്പോഴെങ്കിലും പരിക്കുകൾ ഉണ്ടായിട്ടുണ്ടാവാം. നിസ്സാര പരിക്കുകൾ പോലും ചിലപ്പോൾ വളരെ സമയമെടുത്താണ് ഭേദമാകുന്നതായും തോന്നാറുണ്ട്. എന്നാലിത് വെറുതെ തോന്നുന്നതല്ല. കാരണം, നമ്മൾ കഴിക്കുന്ന ആഹാരങ്ങളും മുറിവ് ഭേദമാകാൻ എടുക്കുന്ന സമയത്തെ സ്വാധീനിക്കുന്നു. മുറിവുകളിൽ പുരട്ടുന്ന മരുന്നുകൾ മാത്രമല്ല ഇതിന് സഹായിക്കുന്നത് വ്യക്തം. അതായത്, ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളാണ് നിങ്ങൾ കഴിയ്ക്കുന്നതെങ്കിൽ മുറിവുകളെ അതിവേഗം സുഖപ്പെടുത്താൻ കഴിയും. ഇങ്ങനെ മുറിവുകൾ ഉണങ്ങാൻ പെട്ടെന്ന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് മനസിലാക്കാം.
മുറിവുകൾ ഭേദമാക്കുന്ന ഭക്ഷണങ്ങൾ (Foods That Helps To Heal Wounds)
പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ മുറിവുകൾ വേഗത്തിൽ ഭേദമാക്കാനും സഹായിക്കുന്നു. അതായത്, ഇവയിലെ പോഷക മൂല്യങ്ങൾ മുറിവുണ്ടായ ഭാഗത്തെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
കൂടാതെ, രക്തത്തിൽ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർധിപ്പിച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി ഉയർത്താനും ഈ ഭക്ഷണങ്ങൾ ഗുണപ്രദമാണ്. മുറിവ് ഉണ്ടായ ഭാഗം പൂർവസ്ഥിതിയിൽ എത്തുന്നതിനും ഇവ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു. എങ്കിലും മുറിവ് ഭേദമാകാൻ വേറെയും ചില ഭക്ഷണപദാർഥങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണ്.
1. മഞ്ഞൾ (Turmeric)
മുറിവും ക്ഷതങ്ങളും വേഗത്തിൽ സുഖപ്പെടുത്താൻ മഞ്ഞൾ വളരെ പ്രയോജനകരമാണ്. ഇതിന് കാരണം, ഇവയ്ക്ക് ആന്റി സെപ്റ്റിക് ഘടകങ്ങളുണ്ടെന്നതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങളും മുറിവുണങ്ങാൻ കാരണമാകുന്നു. പാലിൽ മഞ്ഞളിട്ട് കഴിക്കുന്നതോ ശുദ്ധമായ മഞ്ഞൾ മുറിവിൽ അതീവ ശ്രദ്ധയോടെ പുരട്ടുന്നതോ മുറിവ് ഭേദകമാകാനും വേദന കുറയ്ക്കാനും സഹായിക്കും.
2. പച്ചക്കറികൾ (Vegetables)
മുറിവുകൾ സുഖപ്പെടുത്തുന്നതിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പച്ചക്കറികളിലുണ്ട്. കൂടാതെ, കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, ഫൈബർ എന്നിവയും പച്ചക്കറികളിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുറിവുകൾ ഉണങ്ങാൻ ഇവ ഉപയോഗപ്പെടുത്താം. കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബ്രൊക്കോളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് മുഖ്യമായും ഇതിനായി ഉപയോഗിക്കേണ്ടത്.
3. പാൽ (Milk)
മുറിവ് ഭേദമാക്കാൻ പാൽ ദിവസേന കുടിയ്ക്കാൻ ശീലിക്കുക. കാരണം ഇവയിൽ കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നു. ഇത് മുറിവ് ഉണങ്ങാൻ ശരീരത്തെ സഹായിക്കുന്ന ഘടകമാണ്.
4. മുട്ട (Egg)
പരിക്ക് സമയത്ത് കഴിയ്ക്കാൻ ഏറ്റവും ഉത്തമമായ ആഹാരമാണ് മുട്ടയെന്ന് ഡോക്ടർമാരും പറയുന്നു. ഇതിലുള്ള പ്രോട്ടീൻ, വിറ്റാമിൻ എ, ഇ, ബി കോംപ്ലക്സ്, ഫോളിക് ആസിഡ്, കാൽസ്യം, റൈബോഫ്ലേവിൻ, ഇരുമ്പ്, സിങ്ക് എന്നിവ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു.
5. ചിക്കൻ സൂപ്പ് (Chicken Soup)
മുറിവ് സുഖപ്പെടുത്താൻ ചിക്കൻ സൂപ്പ് വളരെ ഫലപ്രദമാണ്. ഇതിൽ മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നു. ചിക്കൻ സൂപ്പിൽ കൊളാജനും ഉൾക്കൊള്ളുന്നു. അതിനാൽ ഇവ മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
6. സരസഫലങ്ങൾ (Berries)
ബെറി പോലുള്ള സരസ ഫലങ്ങളും മുറിവ് വേഗത്തിൽ ഭേദമാക്കാൻ സഹായിക്കുന്നവയാണ്. ഇവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. കൊളാജനും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുറിവ് ഉണങ്ങാനും ആൻറി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ ഘടകങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വണ്ണം കുറയ്ക്കാൻ കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
ഇതിന് പുറമെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും മുറിവിന് ഉത്തമ പ്രതിവിധിയാണ്. അതായത്, വെളിച്ചെണ്ണ, ഒലിവ് ഓയിൽ, വിത്ത്, നട്ട്സുകൾ, അവോക്കാഡോ എന്നിവ ദിവസവും കഴിയ്ക്കുക. ഇത് ശരീരത്തിലെ കോശങ്ങൾക്ക് പുനരുജ്ജീവന ശേഷി നൽകുന്നു. ഇവയിൽ വിറ്റാമിൻ ഇയും ധാരാളം അടങ്ങിയിരിക്കുന്നു. അണുബാധ പിടിപെടാനുള്ള സാധ്യത ഒരു പരിധി വരെ നിയന്ത്രിക്കാനും ഇവ സഹായകരമാണ്. തൈര്, അച്ചാറുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തായാലും മുറിവുകൾ ഭേദമാകുന്നതിന് ഗുണകരമാണ്.