മിക്കവാറും എല്ലാ വീടുകളിലും ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നത് ഗ്യാസ് അടുപ്പുകൾ ആയിരിക്കും. ഗാർഹിക പാചകവാതക ഉപഭോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. എന്നാൽ വളരെയധികം ശ്രദ്ധിച്ചു, സൂക്ഷിച്ചുപയോഗിക്കേണ്ട ഒന്നാണ് ഗ്യാസ്. ഗ്യാസ് അടുപ്പുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പലര്‍ക്കും അറിയില്ല.
ചെറിയ അശ്രദ്ധ പോലും വലിയ ആപത്തിന് കാരണമാകും. പലപ്പോഴും തിരക്കിനിടയിൽ ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിഞ്ഞെന്നു വരില്ല. അശ്രദ്ധയോടെയുള്ള ഉപയോഗം ഏറെ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നത് ഓർക്കുക.
പെട്രോളിയം വാതക സിലിണ്ടറുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ പ്രധാനമായും രണ്ടായി തിരിക്കാം. ഒന്ന് റഗുലേറ്ററിന് ശേഷമുള്ള ഭാഗത്തുണ്ടാകുന്നവ. രണ്ട് റഗുലേറ്റർ ഘടിപ്പിക്കുന്ന ഭാഗത്തുണ്ടാകുന്നവ.
റഗുലേറ്ററിന് ശേഷമുള്ള ഭാഗത്ത് -അതായത് ട്യൂബിലോ സ്റ്റൗവ്വിലോ - ലീക്കോ തീപ്പിടിത്തമോ ഉണ്ടാകുകയാണെങ്കിൽ റഗുലേറ്റർ ഓഫ് ചെയ്ത് ലീക്കോ തീപ്പിടിത്തമോ ഒഴിവാക്കാം. എന്നാൽ റഗുലേറ്റർ ഘടിപ്പിക്കുന്ന ഭാഗത്ത് ലീക്കുണ്ടാകാൻ സാധ്യതയുണ്ട്. സിലിണ്ടറിന്റെ വായ ഭാഗത്ത് ഒരു നോൺ-റിട്ടേൺ വാൽവുണ്ട്. ഈ വാൽവിൽ എന്തെങ്കിലും കരട് കുടുങ്ങുകയോ വാൽവിന്റെ സീറ്റിങ് ശരിയാകാതെവരികയോ ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. അത്തരം സാഹചര്യത്തിൽ ആദ്യം ചെയ്യേണ്ടത് സിലിണ്ടർ ഒരു തുറസ്സായ ഇടത്തേക്ക് മാറ്റുകയാണ്. ലീക്കായി പുറത്തുവരുന്ന പെട്രോളിയം വാതകം ഒരിടത്ത് തന്നെ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാനും അത് വഴി വരുന്ന അപകടം ഒഴിവാക്കാനുമാണിത്.
ഗ്യാസ് അടുപ്പ് ഉപയോഗിക്കേണ്ടപ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക.
വിറക് അടുപ്പിന് അടുത്തു നിന്നും നിശ്ചിത അകലം പാലിച്ചു വേണം ഗ്യാസ് സ്റ്റൌ വെയ്ക്കേണ്ടത്.
സ്റ്റൌവുമായി ബന്ധിപ്പിക്കുന്ന റെഗുലേറ്ററും പൈപ്പും മികച്ച നിലാവാരം പുലർത്തുന്നതാകണം.
ഗ്യാസ് സിലണ്ടർ ചെരിച്ചോ ചാരിയോ വയ്ക്കരുത്.
സ്റ്റൌ വാങ്ങുമ്പോൾ നോബിന്റെ പ്രവർത്തനക്ഷമത വളരെ ശ്രദ്ധയോടെ തന്നെ നിരീക്ഷിക്കണം
കൂടുതൽ വായു സഞ്ചാരമുള്ള പ്രദേശത്ത് ഗ്യാസ് സ്റ്റൌ വയ്ക്കരുത്.
സ്റ്റൈ വയ്ക്കുന്നതിനടുത്ത് പുറത്തേക്കുള്ള ചെറിയ ജനലോ വാതിലോ ഉള്ളത് നല്ലതാണ്. (ഗ്യാസ് ലീക്ക് ആകുന്നു എന്നു
തോന്നിയാൽ ഈ വാതിലും ജനലും തുറന്നിടണം).
ഗ്യാസ് ലീക്ക് ആയെന്ന് വ്യക്തമായാൽ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ തീ പടരുന്ന ഒന്നും പ്രവേശിപ്പിക്കരുത്. മുറികളിലെ സ്വിച്ചുകൾ ഓൺ ചെയ്യരുത്.
ഗ്യാസ് ഓൺ ചെയ്യുന്നതും ഓഫ് ആക്കുന്നതും കൃത്യമായിരിക്കണം.
നിശ്ചിത സമയങ്ങളിൽ ബർണർ ക്ലീൻ ആക്കണം, വെള്ളം വീണാൽ ഉടൻ തുടച്ചു വൃത്തിയാക്കണം.
ഇനി എൽപിജി സിലിണ്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ
എൽ. പി.ജി. സിലിണ്ടർ എപ്പോഴും റഗുലേറ്റർ വാൽവ് മുകളിൽ വരത്തക്കവണ്ണംകുത്തനെയുള്ള രീതിയിൽ സൂക്ഷിക്കുക.
എൽ. പി.ജി. സിലിണ്ടർ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. വലിച്ചെറിയുകയോ തറയിൽ കൂടി ഉരുട്ടുകയോ ചെയ്യരുത്.
ലഭിക്കുന്ന എൽ. പി.ജി. സിലിണ്ടറിന്റെ കാലാവധി തിയ്യതി പരിശോധിക്കുക.
വിറക് പുരയിലോ ചിമ്മിണി അടുപ്പിനടുത്തോ എൽ. പി.ജി. സിലിണ്ടർ സൂക്ഷിക്കരുത്.
റഗുലേറ്ററിനു സുരക്ഷാ വാൽവ് (Breathing nose) ഉണ്ടെന്ന് ഉറപ്പുവരുത്തുക, അത് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക.
ഗുണമേന്മയുള്ള കണക്ഷൻ ട്യൂബുകൾ മാത്രം ഉപയോഗിക്കുക. കണക്ഷൻ ട്യൂബുകളുടെ നീളം 1.5 മീറ്ററിൽ കൂടാൻ പാടില്ല.
കുട്ടികൾ, പ്രായമായവർ, ഉപയോഗിക്കാൻ അറിഞ്ഞുകൂടാത്തവർ എന്നിവരെ എൽ. പി.ജി. സിലിണ്ടർ കൈകാര്യം ചെയ്യാൻ അനുവദിക്കരുത്.
എൽ. പി.ജി. സ്റ്റൗ, കണക്ഷൻ ട്യൂബ് എന്നിവ യഥാസമയത്ത് പരിശോധന നടത്തുക.
കണക്ഷൻ ട്യൂബ് എന്തെങ്കിലും ആവരണം ഉപയോഗിച്ച് പൊതിയാൻ പാടില്ല.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു ഉപയോഗിച്ചാൽ ഗ്യാസ് മൂലമുള്ള അപകടം ഒഴിവാക്കാം.