രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി വർധിക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്ന കാര്യത്തിൽ ഭക്ഷണത്തിന് വളരെധികം പങ്കുണ്ട്. ഭക്ഷണം മാത്രമല്ല, വ്യായാമം, മരുന്നുകൾ, സന്തോഷകരമായ ജീവിതം എന്നിവയും പ്രമേഹ രോഗികൾ വളരെയധികം ശ്രദ്ധിക്കണം. പ്രമേഹ രോഗികളുടെ ഡയറ്റിൽ ചില പാനീയങ്ങൾ ഉൾപ്പെടുത്തിയാൽ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ചില പാനീയങ്ങളെ പരിചയപ്പെടാം.
കൂടുതൽ വാർത്തകൾ: ബ്ലാക്ക്ഹെഡ്സ് മാറ്റി മുഖം സുന്ദരമാക്കണോ, ഇതാ എളുപ്പവഴികൾ..
ഉലുവ വെള്ളം
പ്രമേഹം നിയന്ത്രിക്കാൻ ഉലുവ നല്ലൊരു ഉപായമാണ്. ദിവസവും ആഹാരത്തിൽ ഉലുവ ഉൾപ്പെടുത്തുന്നത് പ്രമേഹ രോഗികൾക്ക് മാത്രമല്ല, സാധാരണ ആളുകൾക്കും നല്ലതാണ്. ശരീരത്തിലെ ഇൻസുലിൻ ലെവൽ കൂട്ടാൻ ഉലുവ സഹായിക്കും. ഇതിനായി തലേദിവസം രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവയിട്ട് വയ്ക്കണം. പിറ്റേന്ന് ഈ വെള്ളം അരിച്ച് കുടിയ്ക്കാം. അല്ലെങ്കിൽ 1 ഗ്ലാസ് വെള്ളത്തിൽ ഉലുവയിട്ട് തിളപ്പിച്ച ശേഷം കുടിയ്ക്കാം.
ആപ്പിൾ ജ്യൂസ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ ജ്യൂസ് നല്ലതാണ്. ആപ്പിൾ നീരിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ആപ്പിൾ ജ്യൂസ് കുടിയ്ക്കുമ്പോൾ പഞ്ചസാര ചേർക്കരുത്. ദഹനത്തിനും ആപ്പിൾ ജ്യൂസ് ഉത്തമമാണ്.
തുളസി വെള്ളം
നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് തുളസിയില. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ദിവസവും തുളസിയില ചവച്ചരച്ച് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
കിവി ജ്യൂസ്
കിവി ജ്യൂസിൽ പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹ രോഗികൾ കുടിയ്ക്കുന്നത് നല്ലതാണ്.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഗ്രീൻ ടീ ദിവസവും കുടിയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും.
ഇഞ്ചി വെള്ളം
പ്രമേഹം നിയന്ത്രിക്കാൻ ഇഞ്ചിവെള്ളം സഹായിക്കും. ഇതിനായി ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം എന്നും രാവിലെ വെറും വയറ്റിൽ കുടിയ്ക്കണം. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന സിങ്ക് ഇൻസുലിന്റെ അളവ് കൂട്ടും. ദഹന പ്രശ്നങ്ങൾ, രക്തസമ്മർദം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവ അകറ്റാനും ഇഞ്ചി വെള്ളം നല്ലതാണ്. അസിഡിറ്റി ഉള്ളവർ ഇഞ്ചി വെള്ളം കുടിയ്ക്കുമ്പോൾ ശ്രദ്ധിക്കണം.
ആര്യവേപ്പ് ജ്യൂസ്
ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന അയൺ, കാത്സ്യം, ഫ്ലവനോയിഡ് എന്നിവ പ്രമേഹത്തെ നിയന്ത്രിക്കാൻ നല്ലതാണ്. ഇതിനായി ദിവസവും ആര്യവേപ്പ് ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കണം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പ്രത്യേക ഡയറ്റ് പിന്തുടരുന്നവരാണ് നിങ്ങളെങ്കിൽ കൺസൾട്ട് ചെയ്യുന്ന ഡോക്ടറുടെയോ ന്യൂട്രീഷന്റെയോ അഭിപ്രായം അറിഞ്ഞ ശേഷം ഈ പാനീയങ്ങൾ ശീലമാക്കണം.