ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തിൽ മാത്രമല്ല ശ്രദ്ധ വേണ്ടത്. ഭക്ഷണം കഴിച്ചതിന് ശേഷവും ചെയ്യരുതാത്ത കാര്യങ്ങളുണ്ട്. വയറു നിറച്ച് ആഹാരം കഴിച്ചാൽ ഒന്നുറങ്ങാമെന്ന് വിചാരിക്കുന്നവരാണ് മിക്കവരും. കൂടാതെ, യാത്രയ്ക്കും മറ്റും പുറപ്പെടുന്നവർ ആഹാരം കഴിച്ചതിന് ശേഷം കുളിക്കുന്ന രീതിയും പതിവാണ്. ശരിയായ ദഹനത്തിന് ഭക്ഷണത്തിന് ശേഷം ഒന്ന് നന്നായി നടക്കാനിറങ്ങുന്നവരുമുണ്ട്.
എന്നാൽ, ഇതൊക്കെ ശരീരത്തിന് ഗുണമല്ല ദോഷം ചെയ്യുകയാണ്. അതിനാൽ തന്നെ ഇത്തരം കാര്യങ്ങളിൽ കൃത്യമായ അവബോധം വേണമെന്നുള്ളതും അനിവാര്യമാണ്.
ഭക്ഷണശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാം...
ഉറക്കം ഒഴിവാക്കാം
ആഹാരം കഴിച്ച ഉടൻ ഉറങ്ങരുതെന്നത് ഭൂരിഭാഗം ആളുകൾക്കും അറിയാം. എന്നാൽ, ഇത് പാലിക്കുന്നതിൽ നമ്മൾ പലപ്പോഴും വിട്ടുവീഴ്ച വരുത്തുന്നു. ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളും ദഹന പ്രവർത്തനങ്ങളും വളരെ മന്ദഗതിയിലായിരിക്കും. അതിനാൽ ദഹനപ്രശ്നങ്ങൾക്കും മറ്റും ആഹാരം കഴിച്ച ഉടനെയുള്ള ഉറക്കം കാരണമാകും.
ഉടൻ പഠിക്കണ്ട
പഠിക്കുമ്പോഴും വായിക്കുമ്പോഴുമെല്ലാം, നമ്മുടെ മസ്തിഷ്കവും നന്നായി പ്രവർത്തിക്കുകയാണ്. ഭക്ഷണം കഴിച്ച് ഉടടെ പഠിക്കുന്നത് മസ്തിഷ്ക പ്രവർത്തനങ്ങളെയും ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുന്നത്.
ഉടൻ കുളിക്കരുത്
നമ്മുടെ നിത്യചര്യ ആരോഗ്യത്തിനെ നിർണായകമായി സ്വാധീനിക്കാറുണ്ട്. അതിനാൽ, കുളിയ്ക്കുന്നതിനും ശരിയായ സമയം പിന്തുടരണം. ആഹാരത്തിന് കൃത്യം രണ്ടു മണിക്കൂർ കഴിഞ്ഞ് മാത്രമേ കുളിക്കാവൂ. ഇത് ശരീരത്തിന്‍റെ താപനിലയെയും ദഹനത്തെയും ബന്ധിച്ചുകിടക്കുന്നതിനാലാണ്.
ഭക്ഷണം ദഹിക്കുന്നതിൽ ശരീരത്തിലെ രക്തയോട്ടം സ്വാധീനിക്കുന്നു. കുളിക്കുമ്പോൾ ശരീര താപനില കുറയുകയാണ് ചെയ്യുന്നത്. ഇതിന്‍റെ ഫലമായി രക്തയോട്ടവും നന്നായി നടക്കാതെ വരുന്നു.
നീണ്ട നടത്തം, വ്യായാമം ഒഴിവാക്കാം
ആഹാരം കഴിച്ചു കഴിഞ്ഞുള്ള ചെറിയ നടത്തം ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, നീണ്ട നടത്തവും വ്യായാമവും ആരോഗ്യത്തെ മോശമായി ബാധിക്കും. അതായത്, ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നതിനും ശരീരത്തിനു ലഭിക്കേണ്ട പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിലും പ്രശ്നങ്ങളുണ്ടാകും.
വെള്ളം കുടിക്കരുത്
ഭക്ഷണം കഴിക്കുന്നതിന് മുൻപോ, ശേഷമോ വെള്ളം കുടിയ്ക്കണമെന്നായിരുന്നു മുമ്പൊക്കെ നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ, ഭക്ഷണത്തിനിടയിലാണ് വെള്ളം കുടിക്കേണ്ടതെന്ന് ആയുർവേദം പറയുന്നു. ഭക്ഷണം കഴിച്ചതിന് ഉടനെ തന്നെ വെള്ളം കുടിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. ആഹാരത്തിന് തൊട്ടു മുൻപ് വെള്ളം കുടിക്കുന്നതിലൂടെ ദഹനപ്രക്രി മന്ദഗതിയിലാകുന്നതിനും വഴിയൊരുക്കും.
സൂര്യപ്രകാശത്തിൽ നിന്ന് മാറി നിൽക്കാം
ഭക്ഷണം കഴിച്ചു കഴിഞ്ഞ് സൂര്യപ്രകാശം കൊള്ളുന്നത് ദോഷം ചെയ്യും. സൂര്യപ്രകാശമേൽക്കുന്നത് ആമാശയത്തിലേക്കും ശരീരത്തിനുള്ളിലെ മറ്റ് അവയവങ്ങളിലേക്കുമുള്ള രക്ത വിതരണത്തെ ബാധിക്കുന്നു. അതിനാൽ ദഹനപ്രക്രിയയിലും ഇത് പ്രശ്നമുണ്ടാക്കും.