Updated on: 26 June, 2021 9:30 PM IST
തിരുവാതിര ഞാറ്റുവേല

കൃഷിയെയും അത് വിളയിക്കുന്ന മണ്ണിനെയും സ്നേഹിക്കുന്ന കർഷകന് ഏറ്റവും ആകർഷകമായതും തിരുവാതിര ഞാറ്റുവേല ആണ്. മഴക്കാലത്താണ് ഇതിന്‍റെ സമയമെന്നതാണ് പ്രധാന കാരണം. 27 ഞാറ്റുവേലകൾ ഉണ്ടെങ്കിലും തിരുവാതിര ഞാറ്റുവേലയോളം പ്രാധാന്യം മറ്റൊന്നിനുമില്ല. ഒരു വിഷുക്കാലത്ത് ആരംഭിച്ച് അടുത്ത വിഷു തലേന്ന് പൂർത്തിയാകുന്ന കാർഷിക കലണ്ടറാണ് ഞാറ്റുവേല.

ഏത് തരത്തിലുള്ള തൈകളും ചെടികളും കാര്‍ഷിക വിത്തുകളും വിതക്കാനും നടാനും പറിച്ചു മാറ്റി വെക്കാനും അനുകൂല കാലാവസ്ഥയാണിപ്പോൾ. കാലം മാറുകയും കാലാവസ്ഥ വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കർഷകർക്ക് തിരുവാതിര ഞാറ്റുവേലക്കാലം ഇപ്പോഴും പ്രിയങ്കരമാണ്. ഇക്കാലത്തെ മഴ വെള്ളത്തിൽ വളത്തിന്‍റെ അംശം ഉണ്ടത്രേ.

തോരാതെ പെയ്യുന്ന മഴ എന്നതിനപ്പുറം ഇടയ്ക്കിടെ ലഭിക്കുന്ന വെയിലും ചൂടും കൃഷിക്ക് അനുയോജ്യമാണെന്നും പഴമക്കാരായ കർഷകർ പറയുന്നു. തിരുവാതിര ഞാറ്റുവേലയിലാണ് പാടങ്ങളിൽ ഇള നെൽ വിത്ത് വിതച്ചിരുന്നത്. ചിങ്ങ കൊയ്ത്തിനായാണ് ഈ വിതക്കൽ. ഇതാണ് മലയാളിയുടെ ദേശീയോത്സവമായ ഓണത്തിന് പുന്നെല്ലായും, ഇത് കുത്തി പുത്തൻ അരിയായും ഓണ സദ്യ ഒരുക്കിയിരുന്നത്. മലയാള മണ്ണിലെ പ്രമുഖ ക്ഷേത്രങ്ങളിൽ എല്ലാം നെല്ല് വിതക്കുന്നതും ഞാറ്റുവേലക്കാലത്താണ്. നക്ഷത്ര പ്രകാരം ഞാറ്റുവേലകൾ തിരിക്കുമ്പോൾ ആറാമതായാണ് തിരുവാതിര എത്തുന്നത്. ഓരോ ഞാറ്റുവേലയിലും ചെയ്യാവുന്ന കാർഷിക കാര്യങ്ങൾ ഞാറ്റുവേല കലണ്ടറുകളിൽ പ്രതിപാദിച്ചിട്ടുണ്ട്.

പഴമക്കാരായ കർഷകർക്ക് ഇത് ഹൃദിസ്ഥം ആയിരുന്നെങ്കിൽ ഇപ്പോൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ശരിയായ ദിശയിൽ സൂര്യനെ നോക്കുമ്പോള്‍ ഏതു നക്ഷത്രത്തോട് അടുത്താണോ അതിനെ അടിസ്ഥാനമാക്കിയാണ് ഞാറ്റു വേലകൾ നിർണ്ണയിക്കുന്നത്. മഴ, പകൽ, സസ്യങ്ങളുടെ വളര്‍ച്ച തുടങ്ങിയവയും പാരമ്പര്യ അനുഭവജ്ഞാനവും ഞാറ്റുവേലകൾ കണ്ടെത്താൻ പ്രയോജനപ്പെടുത്താറുണ്ട്. ഇങ്ങനെയാണ് മേട പുലരിയിൽ അശ്വതി ഞാറ്റുവേലയിൽ ആരംഭിച്ച് ഭരണി, കാർത്തിക, രോഹിണി, മകയിരം വഴി തിരുവാതിരയിൽ എത്തി മീന മാസാവസാനം രേവതി ഞാറ്റുവേലയിൽ സമാപിക്കുന്നത്. കാല ദൈർഖ്യത്തിലും മറ്റുള്ളവയിൽ നിന്നും തിരുവാതിര ഞാറ്റുവേലക്കു വത്യാസം ഉണ്ടെന്നുള്ളതാണ്.

ഏപ്രിൽ പതിനാലിനാണ് ഇക്കൊല്ലം അശ്വതി ഞാറ്റുവേലക്ക് തുടക്കമായത്. ഇക്കാലയളവിൽ ഇരിപ്പൂനിലങ്ങളില്‍ ഒന്നാം വിളയായി നെല്‍ കൃഷി ചെയ്യുന്നതിനും വിത്ത് തേങ്ങ സംഭരിക്കുന്നതിനും, കുരുമുളക് കൃഷിക്കായുള്ള തയ്യാറെടുപ്പുകൾ നടത്തുവാനും കഴിയുമെന്ന് കലണ്ടർ പറയുന്നു.

തെങ്ങ്, പയര്‍ തുടങ്ങിയ കൃഷികൾക്ക് ഭരണി ഞാറ്റുവേല പ്രയോജനപ്പെടും. കര നെൽ കൃഷിക്കും ഈ സമയം പ്രയോജനപ്പെടുത്താൻ കഴിയും. ഇരുപ്പൂനിലങ്ങളില്‍ ഞാറ് പറിച്ചു നടുന്നതിനും കുരുമുളക് കൃഷിക്കും പ്രയോജനപ്പെടുത്താം.

ഇഞ്ചി, മഞ്ഞള്‍ കൃഷിക്കും നല്ല സമയമാണ്. രോഹിണി ഞാറ്റുവേലയിൽ തേങ്ങ പാകുക, വളം ഇടുക, എന്നിവക്ക് നല്ലതാണ്. തെങ്ങ്, കവുങ്ങ്, തുടങ്ങിയവയുടെ തൈയ്കള്‍ നടുന്നതിനും പച്ചക്കറി കൃഷിക്കും ഈ അവസരം ഗുണം ചെയ്യും. ജൂണ്‍ 22 ന് ആരംഭിച്ച തിരുവാതിര ഞാറ്റുവേല. എല്ലാ കൃഷികൾക്കും പറ്റിയ സമയമാണ്. തിരുവാതിര ഞാറ്റുവേലക്കാലത്ത് ഒരു തൈ എങ്കിലും നടണമെന്ന് പാരമ്പര്യ കർഷകർ പറയുന്നു. കൃഷി ഫലം ഇതിലൂടെ അറിയാൻ കഴിയുമെന്നാണ് അവരുടെ വിശ്വാസം.

  • ജൂലൈ 6: പുണര്‍തം ഞാറ്റുവേല സമൃദ്ധമായി പച്ചക്കറികൾ വളരും കാലമാണിത്.ചതുരപ്പയറും അമരപ്പയറും മുഖ്യം.
  • ജുലൈ 20: പൂയം ഞാറ്റുവേല . വെറ്റിലക്കൊടിക്ക് അനുയോജ്യം. മുണ്ടകൻ കൃഷിക്ക് നെല്ലിനങ്ങള്‍ രണ്ടാം വിളയായി ചെയ്യാം.
  • ആഗസ്റ്റ് 3: ആയില്ല്യം ഞാറ്റുവേല- കപ്പ,ചേന,ചേമ്പ് തുടങ്ങിയവക്ക് വളമിടാം.
  • ആഗസ്റ്റ് 17: മകം ഞാറ്റുവേല- എള്ള് ,മുതിര,ഉഴുന്ന് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഞാറ്റുവേലയാണ്
  • ആഗസ്റ്റ് 30: പൂരം ഞാറ്റുവേല- രണ്ടാം വിളക്കായി ഞാറു നടാൻ കഴിയും.
  • സെപ്തംബര്‍ 13: ഉത്രം ഞാറ്റുവേല- രണ്ടാം വിളയായി നെല്‍കൃഷി തുടർ പ്രവർത്തനങ്ങൾ.
  • സെപ്തംബര്‍ 27: അത്തം ഞാറ്റുവേല- ഏത്തവാഴ, എള്ള്, മുതിര എന്നിവയുടെ കൃഷി ആരംഭിക്കാം.
  • ഒക്ടോബര്‍ 11: ചിത്തിര ഞാറ്റുവേല- തെങ്ങ്,കമുക് തുടങ്ങി നാണ്യവിളവുകള്‍ക്ക് വളം ഇടാം .
  • ഒക്ടോബര്‍ 24: ചോതി ഞാറ്റുവേല- ചേന,ചേമ്പ് ഇവയുടെ വിളവെടുപ്പ്.
  • നവംബര്‍ 6: വിശാഖം ഞാറ്റുവേല- തെങ്ങു് ,കമുക്,ഇവക്ക് കിളച്ച് ഒരുക്കാം.
  • നവംബര്‍ 20: അനിഴം ഞാറ്റുവേല- കാലയളവില്‍ ശീതകാല പച്ചക്കറി തയ്യാറാക്കാം
  • ഡിസംബര്‍ 3: തൃക്കേട്ട ഞാറ്റുവേല- പുഞ്ചകൃഷിക്കും വേനൽക്കാല പച്ചക്കറിക്കും അനുകൂലമാണ്..
  • ഡിസംബര്‍ 16: മൂലം ഞാറ്റുവേല- മുണ്ടകന്‍ കൊയ്ത്ത്
  • ഡിസംബര്‍ 29: പൂരാടം ഞാറ്റുവേല- പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, ചീര കൃഷി ആരംഭിക്കണം.കൂടാതെ വേനല്‍ക്കാലപച്ചക്കറി കൃഷിക്കുള്ള ജലലഭ്യത ഉറപ്പുവരുത്തണം.
  • ജനുവരി 11: ഉത്രാടം ഞാറ്റുവേല- വേനൽക്കാല പച്ചക്കറിക്ക് ഉത്തമം.
  • ജനുവരി 24: തിരുവോണം ഞാറ്റുവേല- പാടത്ത് പച്ചക്കറി കൃഷി
  • ഫെബ്രുവരി 6: അവിട്ടം ഞാറ്റുവേല- പച്ചക്കറി തടങ്ങളിൽ മണ്ണിട്ട് നൽകണം,നനക്കണം.
  • ഫെബ്രുവരി 19: ചതയം ഞാറ്റുവേല- ചേന, കാവത്ത്, കിഴങ്ങ് തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യം..
  • മാര്‍ച്ച് 5: പൂരോരുട്ടാതി ഞാറ്റുവേല കിഴങ്ങ് വിളകള്‍ നടാം .
  • മാര്‍ച്ച് 18: ഉത്രട്ടാതി ഞാറ്റുവേല- കിഴങ്ങു വർഗങ്ങൾക്ക് നല്ലസമയം.
  • ഏപ്രില്‍ 1: രേവതി ഞാറ്റുവേല- പുഞ്ച വിള കൊയ്‌തെടുക്കാം. ഉഴിതിട്ട നിലം ഒരുക്കാം.
English Summary: "Thiruvatira Njattuvela" is the most suitable time for the cultivation
Published on: 26 June 2021, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now