നമ്മളെല്ലാം ദിവസേന അനുഭവിക്കുന്ന പ്രശ്‌നമാണ് സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത്. എല്ലാ വിഭവങ്ങളിലും സവാള ചേർക്കുന്നവരാണ് അധികമാളുകളും. സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നത് തടയാൻ ചില എളുപ്പ വഴികളുണ്ട്. അവയെക്കുറിച്ച് നോക്കാം.
സാധാരണയായി സവാളയിൽ മൂന്ന് ലെയറുകൾ കാണപ്പെടുന്നു. ഏറ്റവുമുള്ളിലുള്ള ലെയർ മുറിക്കുമ്പോഴാണ് കണ്ണുകൾ എരിയുന്നത്. ഇതിനു കാരണം ഈ ലയർ മുറിക്കുമ്പോൾ സവാളയിൽ നിന്നും എൻസൈം പുറംതള്ളപ്പെടുന്നു. ഇത് പുറത്തേക്ക് എത്തുമ്പോൾ ഗ്യാസ് രൂപത്തിലാവുന്നു. ഈ ഗ്യാസ് നമ്മളുടെ കണ്ണുനീർ ഗ്രന്ഥികളിൽ തട്ടി അതിൽ എരിച്ചിൽ ഉണ്ടാക്കുകയും കണ്ണിൽ നിന്നും വെള്ളം വരുന്നതിന് കാരണമാവുകയും ചെയ്യുന്നു.
- ഫാനിൻറെ ചുവട്ടിലിരുന്ന് സവാള അരിയുന്നത് ഇതിന് ഒരു പരിഹാരമാണ്. കാരണം ഫാൻ ഇടുമ്പോൾ ഇതിൽ നിന്നും പുറത്തേക്ക് വരുന്ന ഗ്യാസ് നമ്മളുടെ കണ്ണിലേയ്ക്ക് വരുന്നതിന് പകരം പുറത്തേക്ക് പോകുന്നു.
- സവാള അരിയുന്ന സമയത്ത് മൂക്കിൽ കൂടി ശ്വസിക്കുന്നതിന് പകരം വായയിൽ കൂടി ശ്വാസം എടുക്കുന്നത് നല്ലതായിരിക്കും. വായിൽ കൂടി ശ്വാസം എടുക്കുമ്പോൾ സവാളയിൽ നിന്നും പുറത്ത് വരുന്ന ഗ്യാസ് കണ്ണുനീർ ഗ്രന്ഥികളിൽ എത്താതിരിക്കുകയും, ഇത് കണ്ണെരിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന സവാളയോ വെളുത്ത സവാളയോ ആരോഗ്യത്തിൽ കേമൻ
- നാവ് മുന്നിലോട്ട് ആക്കുന്നതും നല്ലതു തന്നെ. ഇത് സവാളയിലെ ഗ്യാസ് നാവ് തടയുകയും അത് മൂക്കിൽ എത്താതിരിക്കുന്നതിനും വളരെയധികം സഹായിക്കും.
- സവാള തൊലി കളഞ്ഞ് തണുപ്പിക്കാൻ വെക്കുന്നത് നല്ലതാണ്. ഒരു 20 മിനിറ്റ് തണുപ്പിക്കാൻ വെക്കുന്നത് നല്ലതു തന്നെ. ഇത് സവാളയിലെ എൻസൈം ആക്ടീവാകാതിരിക്കാൻ സഹായിക്കുന്നു. എൻസൈം ആക്ടീവാകാതിരിക്കുമ്പോൾ തന്നെ കണ്ണിൽ എരിച്ചിൽ ഇല്ലാതിരിക്കുന്നു. അതിനാൽ സവാള അരിയാൻ എടുക്കുന്നതിന് 20 മിനിറ്റ് മുൻപ് ഇതിനെ തണുപ്പിക്കാൻ വെക്കാവുന്നതാണ്.
- സവാള തൊലികളഞ്ഞതിന് ശേഷം രണ്ടായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുന്നത് നല്ലതാണ്. ഇത് സവാളയിൽ നിന്നും ഗ്യാസ് പുറത്തേക്ക് വരുന്നത് തടയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ സവാളയിൽ നിന്നുള്ള ഗ്യാസ് വെള്ളത്തിൽ ചേരുന്നു. അതിനാൽ തന്നെ, കണ്ണിൽ എരിച്ചിലും, കണ്ണിൽ നിന്നും വെള്ളവും വരുന്നില്ല.
- കട്ടിംഗ് ബോർഡിൽ ഈ വിനാഗിരി പുരട്ടുന്നതും നല്ലതുതന്നെ. കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാൻ ഇവ സഹായിക്കും.