ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടുന്നതിനും കരളിന്‍റെയും കണ്ണിന്‍റെയും ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും കയ്പക്ക അഥവാ പാവയ്ക്ക സഹായിക്കും.
എന്നാല്‍ പലര്‍ക്കും പാവയ്ക്ക അത്ര ഇഷ്ടമല്ലാത്ത പച്ചക്കറിയാണ്. കാരണം അതിൻറെ കയ്‌പ്പ് തന്നെയാണ്.
എന്ത് ചെയ്താലും കയ്‌പ്പ് കുറയുന്നില്ലെന്ന് ആവലാതിയുമായി പാവയ്ക്ക അടുക്കളയില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുള്ളവരും നിരവധിയാണ്. അത്തരക്കാര്‍ക്ക് ഉപകരിച്ചേക്കാവുന്ന ചില ടിപ്‌സ്സാണ് ഇവിടെ പങ്കുവയ്ക്കുന്നത്. പാവയ്ക്ക ഒട്ടും കയ്പ്പില്ലാതെ കിട്ടുക സാധ്യമല്ല. എന്നാല്‍, എങ്ങനെയെല്ലാം പാവയ്ക്കയിലെ കയ്‌പ്പ് കുറയ്ക്കാന്‍ സാധിക്കുമെന്ന് നോക്കാം
* പാവയ്ക്ക മുറിച്ച ശേഷം അല്‍പം ഉപ്പ് വിതറി 10-15 മിനുറ്റ് വരെ എടുത്തുവയ്ക്കുക. ശേഷം ഇതില്‍ ഊറിവന്നിരിക്കുന്ന നീര് പിഴിഞ്ഞ് കളയുക.
* പാവയ്ക്കയുടെ പുറംഭാഗത്തുള്ള മുള്ള് പോലുള്ള വശങ്ങള്‍ കത്തിയുപയോഗിച്ച് ചുരണ്ടിക്കളഞ്ഞാല്‍ കയ്പ് കുറയ്ക്കാം.
* പാവയ്ക്ക വൃത്തിയാക്കുമ്പോള്‍ അതിനകത്തെ വിത്തുകള്‍ പൂര്‍ണമായും കളയുക. ഇതും കയ്പ് കുറയ്ക്കാന്‍ സഹായിക്കും.
* വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത തൈരില്‍ പാവയ്ക്ക ഒരു മണിക്കൂറോളം മുക്കിവയ്ക്കുന്നതും കയ്പ് കുറയ്ക്കാന്‍ സഹായിക്കും.
എന്തായാലും കയ്പിന്റെ പേരില്‍ പാവയ്ക്കയെ അകറ്റിനിര്‍ത്തിയവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ പൊടിക്കൈകള്‍ കൂടി ഒന്ന് പരീക്ഷിച്ചുനോക്കുക. ഫിറ്റ്‌നസ് തല്‍പരരായ ആളുകള്‍ക്കെല്ലാം ആത്മവിശ്വാസത്തോടെ ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു വിഭവം കൂടിയാണിത്. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം നല്‍കുന്ന പച്ചക്കറികളില്‍ പ്രധാനമാണ് പാവയ്ക്കയും. ഇതിന് പുറമെ ആദ്യമേ സൂചിപ്പിച്ചത് പോലെ പലവിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍ വേറെയും.