റോസാപ്പൂവും റോസ്‌വാട്ടറുമെല്ലാം പൊതുവെ സൗന്ദര്യം സംരക്ഷിക്കാൻ ഉപയോഗിക്കുന്നവയാണ്. റോസ് ഇതളുകള്‍ കൊണ്ടും ചര്‍മ്മം സംരക്ഷിക്കാം. ഇതിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു, കൂടാതെ റോസാദളങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ മൃദുലമായി നിലനിര്‍ത്തുന്നു. ചർമ്മ സംരക്ഷണത്തിനായി റോസ് ഇതളുകള്‍ ഉപയോഗിക്കേണ്ട വിധത്തെ കുറിച്ചാണ് വിവരിക്കുന്നത്.
റോസാപ്പൂവിൻറെ സൗന്ദര്യ ഗുണങ്ങൾ
റോസാപ്പൂക്കൾക്ക് നമ്മുടെ ചർമ്മത്തിൻറെ ആഴത്തില്‍ ഇറങ്ങി ശുദ്ധീകരിക്കുവാനുള്ള കഴിവുകള്‍ ഉണ്ട്. ചർമ്മത്തില്‍ അധികമായുണ്ടാകുന്ന എണ്ണ നീക്കം ചെയ്യാനും ഇവ സഹായിക്കുന്നു, മാത്രമല്ല ജലാംശം നല്ല അളവില്‍ ഉള്ളതിനാൽ, ഇവയ്ക്ക് ചർമ്മത്തില്‍ കുളിര്‍മ്മ നല്‍കുവാനുള്ള കഴിവും ഉണ്ട്.
പ്രകൃതിദത്ത ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ റോസ് ഇതളുകൾ
എണ്ണമയമുള്ളതും മുഖക്കുരു ഉള്ളതുമായ ചർമ്മത്തിന് അനുയോജ്യമായതാണ്. റോസ് ചർമ്മത്തിന്‍റെ പിഎച്ച് ബാലൻസ് നിലനിർത്തുന്നു. മാത്രമല്ല ചൊറിഞ്ഞു തടിക്കുന്നതും മറ്റും കുറക്കുവാനും റോസ് ഇതളുകള്‍ക്ക് സാധിക്കും.
റോസാപ്പൂവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ സെൻസിറ്റീവ് ചർമ്മത്തിനും ഇത് അനുയോജ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അഴകുള്ള റോസാപ്പൂക്കൾ ഇനി വീട്ടിലും വിരിയിക്കാം
റോസാപ്പൂക്കൾ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതിനാൽ ചർമ്മകോശങ്ങളെ ശക്തിപ്പെടുത്താനും അവയെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യമുള്ളതും തിളക്കമുള്ളതും പ്രതിരോധശേഷിയുള്ളതുമാക്കാൻ സഹായിക്കുന്നു.
റോസ് ഇതളുകൾ എങ്ങനെ ഉപയോഗിക്കാം ?
ഫ്രഷായ ഒരു പുതിയ റോസ് പൂവിൻറെ ദളങ്ങൾ വേർതിരിച്ച് കഴുകി നന്നായി അരച്ചെടുക്കുക. അതിലേക്ക് അൽപം തണുത്ത പാൽ ചേർത്ത് പേസ്റ്റ് രൂപം ആകുന്നത് വരെ യോജിപ്പിക്കുക. ഈ ഫേസ് പാക്ക് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് കാത്തിരിക്കുക. ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീണ്ടും തുടരാവുന്നതാണ്.
റോസാ പുഷ്പത്തില്‍ നിന്നും ദളങ്ങൾ വേർതിരിക്കുക. അവ നന്നായി കഴുകി അരച്ചെടുക്കുക. ഇതിലേക്ക് 1-2 ടീസ്പൂൺ ശുദ്ധമായ കറ്റാർ വാഴ ജെൽ ചേർക്കുക. ഇവ ഇളക്കി മിനുസമാർന്ന പേസ്റ്റ് തയ്യാറാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് കാത്തിരിക്കുക. തുടര്‍ന്ന് ശുദ്ധ ജലത്തില്‍ കഴുകുക. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീണ്ടും പ്രയോഗിക്കാവുന്നതാണ്.
റോസാ ദളങ്ങളെ അരച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത് ഇളക്കുക. ഇത് മുഖത്തും കഴുത്തിലും മസ്സാജ് ചെയ്‌ത് തേച്ച് പിടിപ്പിച്ചതിനു ശേഷം 10 - 15 മിനുറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇതും ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ പുരട്ടുന്നത് ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം ലഭിക്കുന്നതിനായി സഹായിക്കുന്നു.