പഴമയിൽ നിന്നും ഒരുപാട് മുന്നോട്ട് വന്നു കഴിഞ്ഞു. സ്ഥിരമായി കഴിയ്ക്കുന്ന ഭക്ഷണങ്ങളിൽ വലിയ മാറ്റങ്ങളില്ലെങ്കിലും, ജീവിതശൈലിയിലും വസ്ത്രത്തിലും തുടങ്ങി കാര്യമായ പരിവർത്തനങ്ങൾ കാണാം. പരിഷ്കാരങ്ങൾ നല്ലതാണെങ്കിലും, നമ്മുടെ വാസസ്ഥലത്തിൽ പ്രകൃതിയ്ക്ക് വിനയായി തയ്യാറാക്കുന്ന ചില സൗകര്യങ്ങൾ അത്യാവശ്യമാണോ?
പറഞ്ഞുവരുന്നത് നമ്മുടെ വീട്ടുമുറ്റങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുവരുന്ന മാറ്റങ്ങൾ തന്നെയാണ്. അതായത് മുറ്റം മിനുക്കാനും കൂടുതൽ ആഡംബരത്തിനും അലങ്കാരത്തിനുമായി നമ്മൾ കൊണ്ടുവന്ന ഇന്റർലോക്കിനെ കുറിച്ചാണ് പറയുന്നത്. കോൺക്രീറ്റിൽ നിർമിച്ച ഈ ചെറിയ കട്ടകൾ ഇന്ന് വീട്ടുമുറ്റങ്ങളിൽ സ്ഥാനം പിടിച്ചതോടെ മണ്ണ് മാഞ്ഞുതുടങ്ങി.
ഇത് പ്രകൃതിയ്ക്ക് ദോഷമാണെന്ന് ഭൂരിഭാഗത്തിനുമറിയാം. അതിനുപരി വരും തലമുറയ്ക്കും ഇത് നല്ല ഭാവിയല്ല നൽകുന്നതെന്നും മനസിലാക്കണം. കാരണം, മണ്ണിലെ സ്പർശനം നന്നേ കുറയുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിനെയും പ്രതികൂലമായി ബാധിക്കും.
എന്നാൽ, മുറ്റത്ത് ഭംഗിക്ക് കോണ്‍ക്രീറ്റ് കട്ട വേണമെന്നില്ല. പേമാരിയും വരൾച്ചയും രൂക്ഷമാകുന്ന കാലാവസ്ഥയാണ് ഇന്ന് കേരളത്തിൽ. ഇതിനെയെല്ലാം പരോക്ഷമായി കോണ്‍ക്രീറ്റ് കട്ടകള്‍ മുറ്റത്തു നിരത്തുന്നത് സ്വാധീനിക്കുന്നു.
ഇന്റർലോക്ക് കട്ടകളുടെ ദോഷങ്ങൾ
കോൺക്രീറ്റ് കട്ടകള്‍ പതിക്കുന്നതിലൂടെ ചൂട് കൂടും. ഇൻറര്‍ലോക് കട്ടകളിൽ സിമന്റും ചേർക്കുന്നതിനാൽ ഇത് ചൂട് വർധിപ്പിക്കുമെന്നത് മാത്രമല്ല, ഇവയുടെ ഗ്യാപ്പിനിടയിലൂടെ വളരെ കുറച്ച് വെള്ളം മാത്രമേ മണ്ണിലേക്ക് എത്തുന്നുള്ളൂ. കട്ടകളിൽ കുറേ നാളുകൾ കഴിഞ്ഞ് വഴുക്കൽ വരുന്നതിനും സാധ്യത കൂടുതലാണ്. ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും.
പ്രകൃതിയ്ക്ക് ദോഷകരമാകുന്ന ഇത്തരം ഇന്റർലോക്ക് കട്ടകൾ പ്രകൃതിയ്ക്ക് വിനയാണെന്നതിനാൽ ഇന്ന് കുറച്ച് പേർ മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. മുറ്റം ഭംഗിയാക്കുന്നതിന് ഇന്റർലോക്കുകളേക്കാൾ മികച്ച പകരക്കാരുണ്ട്.
പുല്ല് വച്ച് പിടിപ്പിക്കാം…
മുറ്റങ്ങളിൽ പുല്ലു വച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. മെക്സിക്കൻ, ബഫല്ലോ, കൊറിയൻ, ബർമുഡ തുടങ്ങിയ പ്രകൃതിദത്തമായ പുല്ലുകൾ ഇതിനായി ഉപയോഗിക്കാം. ഇതിന് ശ്രദ്ധിക്കേണ്ടത് മണ്ണ് നല്ല ചുവന്ന മണ്ണായിരിക്കണം എന്നതും വെയിലുള്ള സ്ഥലമായിരിക്കണം എന്നതുമാണ്. ചരൽപ്പൊടിയുള്ള മണ്ണിൽ ഇവ കൂടുതൽ കാലം നിലനിൽക്കും.
വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ അതും ശ്രദ്ധിക്കണം. പുല്ല് ഇടക്കിടെ വെട്ടിയൊതുക്കണം. വെയിൽ അനിവാര്യമായ കൊറിയൻ ഗ്രാസിലും മറ്റും കൃത്യമായി സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ ചിതൽ വന്ന് നശിക്കാൻ സാധ്യത കൂടുതലാണ്.
ബേബി മെറ്റൽ
മുറ്റത്ത് ബേബിമെറ്റല്‍ വിരിക്കുന്നതും നല്ലതാണ്. ഇവ പരിസ്ഥിതിക്ക് വളരെ ഗുണകരമാണ്. വലിയ പൈസച്ചെലവില്ലാതെ, പ്രാദേശിക വിപണികളിൽ ഇവ ലഭ്യമാണ്. മുറ്റം വൃത്തിയായിരിക്കുകയും ഒപ്പം മഴവെള്ളത്തിനും മറ്റും ഭൂമിയിലേക്ക് ഇറങ്ങാനും സാധിക്കും.
കരിങ്കല്ലിന്റെ കട്ടകൾ
കരിങ്കല്ലുകട്ടകള് പ്രകൃതിക്ക് ഇണങ്ങുന്ന, ഇന്റർലോക്കിന്റെ ബദൽ മാർഗമാണ്. ഇവ പൊട്ടിപ്പോകുന്നതിനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാൽ ഇവയ്ക്ക് ഇൻറര്ലോക്കിനേക്കാള് മൂന്നിരട്ടി വില വരുന്നുണ്ട്. കരിങ്കല്ലിന് പകരം വെട്ടുകല്ലുകളും മുറ്റത്ത് വിരിക്കാറുണ്ട്. വെട്ടുകല്ലിന് ചൂട് കുറവാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഫെബ്രുവരിയിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല
ഇന്റർലോക്കിന്റെ ദോഷവശങ്ങൾ മനസിലാക്കി, ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് നാച്വറല്‍ സ്റ്റോണുകളും ഉപയോഗിക്കുന്നവരുണ്ട്. നാച്വറല്‍ സ്റ്റോണുകള്‍ക്കിടയില്‍ പുല്ലു വളര്‍ത്തുന്നത് കൂടുതൽ ഭംഗി തരും.