ജീവിതത്തിന്റെ ഇന്ധനമായി പണം മാറിക്കഴിഞ്ഞു. എന്ത് ആവശ്യത്തിനും പണം അനിവാര്യമാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പണം അത്യന്താപേക്ഷിതമായതിനാൽ, സമ്പാദ്യമായും നമ്മൾ പണം നിക്ഷേപിക്കാറുണ്ട്. കൂടാതെ, സാമ്പത്തിക പുരോഗതി കൈവരിക്കാനായി ചെയ്യാവുന്ന ഉപായങ്ങളെല്ലാം പരീക്ഷിച്ച് നോക്കാറുണ്ട്.
ഇതിനായി വാസ്തു ശാസ്ത്രവും ജ്യോതിഷവുമെല്ലാം നോക്കി ജീവിതചൈര്യ ചിട്ടപ്പെടുത്തുന്നവരുമുണ്ട്. വാസ്തു ശാസ്ത്രത്തിൽ ചില ചെടികൾ സമ്പാദ്യം വളർത്തുമെന്ന് നിർദേശിക്കുന്നതിനാൽ, വീടിനുള്ളിലും വീട്ടുവളപ്പിലും ഇവ നട്ടുവളർത്തുന്നതിനും പലരും തൽപ്പരരാണ്.
ഇത്തരത്തിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും കൊണ്ടുവരുന്ന ഒരു ചെടിയായി മണി പ്ലാന്റിനെ വാസ്തുശാസ്ത്രത്തിൽ കണക്കാക്കുന്നുണ്ട്.
മണി പ്ലാന്റും വിശ്വാസവും
മണി പ്ലാന്റ് വീട്ടിൽ സമ്പത്തിലേക്കുള്ള വഴി തുറക്കുമെന്ന് വിശ്വസിക്കുന്നു. ചെടിയുടെ ഇലകൾ മുകളിലേക്ക് വളരുന്നത് കുടുംബാംഗങ്ങളുടെ ഭാഗ്യം ശോഭിക്കാനും വഴിയൊരുക്കുന്നു. ഇത് വീട്ടിൽ ഐശ്വര്യവും സമ്പത്ത് വളർത്തുന്നതിനും കാരണമാകുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. വാസ്തു ശാസ്ത്രത്തിൽ ഇങ്ങനെയൊരു വിശ്വസമുള്ളതായി മിക്കയുള്ളവർക്കും അറിയാം. എന്നാൽ, മണി പ്ലാന്റും പാലും തമ്മിൽ സവിശേഷമായ ഒരു ബന്ധമുണ്ടെന്നും ഇത് പണവും ലാഭവും കൊണ്ടുവരുമെന്നും കുറച്ചുപേർക്ക് മാത്രമേ അറിയാൻ സാധ്യതയുള്ളൂ.
പാലും ഐശ്വര്യവും
ലക്ഷ്മി ദേവിയുടെ അമൃത് എന്നാണ് പാൽ അറിയപ്പെടുന്നത്. ധനലക്ഷ്മിയ്ക്ക് അഥവാ ധനദേവതയ്ക്ക് പാലും പാലുൽപ്പന്നങ്ങളും നിവേദ്യമായി സമർപ്പിക്കുന്നത് ഐശ്വര്യമായും ഹിന്ദു വിശ്വാസം കണക്കാക്കുന്നു. അതിനാലാണ് കറവപ്പശു വീടിന് ഐശ്വര്യമാണെന്ന് പണ്ടുമുതൽക്കേ നമ്മുടെ പൂർവ്വികർ കരുതിയിരുന്നത്.
മണി പ്ലാന്റും പാലും
ഐശ്വര്യത്തിന്റെയും സമ്പത്ത് വളർച്ചയുടെയും സൂചകങ്ങളായ മണി പ്ലാന്റും പാലും ഒരുമിച്ച് വീടിന് എങ്ങനെ സമൃദ്ധി കൊണ്ടുവരുമെന്നാണ് ചുവടെ വിവരിക്കുന്നത്.
അതായത്, മണി പ്ലാന്റ് നനയ്ക്കാനായി എടുക്കുന്ന വെള്ളത്തിൽ കുറച്ച് തുള്ളി പാൽ കൂടി ചേർത്താൽ ഭാഗ്യം നിങ്ങളെ തേടി വരും. മണി പ്ലാന്റിൽ പാലിന്റെ അംശം കലർന്ന് വെള്ളം ഒഴിക്കുന്നതിലൂടെ വേഗത്തിൽ ചെടി വളരാനും ഒപ്പം ഭാഗ്യം വളരാനും സഹായിക്കുമെന്നാണ് വിശ്വാസം. ഇങ്ങനെയുള്ള ഭവനത്തിൽ ലക്ഷ്മീദേവി കുടികൊള്ളുമെന്നും പറയപ്പെടുന്നു.
എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം മണി പ്ലാന്റിലേക്ക് പാൽ പൂർണമായും ഒഴിക്കാൻ പാടില്ല. വളരെ കുറച്ച് തുള്ളികൾ മാത്രമാണ് വെള്ളത്തിൽ ചേർക്കേണ്ടത്. ഇത് ചെടിയ്ക്ക് മുകളിലേക്ക് തളിച്ചുകൊടുക്കുക. സമ്പത്ത് വളരുന്നതിനൊപ്പം ചെടിയ്ക്ക് പോഷണം ലഭിക്കാനും ഇത് സഹായകരമാണ്.
വാസ്തു വിശ്വാസത്തിന് പുറമെ, ചെടികൾ വീടിനകത്ത് പരിപാലിക്കുന്നത് പോസിറ്റീവ് ഊർജ്ജം കൊണ്ടുവരും. കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഈ ചെടികള്‍ സഹായിക്കുന്നു. എന്നാൽ ഇവ നടുന്നതിനും വ്യക്തമായ സ്ഥാനമുണ്ട്. അതായത്, മണി പ്ലാന്റ് വീടിന് തെക്ക് കിഴക്ക് ദിശയില്‍ വളര്‍ത്തണമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. കിടപ്പുമുറിയിലാണെങ്കിൽ കട്ടിലിന്റെ വലതുവശത്തോ ഇടതുവശത്തോ വയ്ക്കുക. എന്നാൽ കട്ടിലിന്റെ ചുവട്ടില്‍ വയ്ക്കുന്നത് അത്ര ശുഭകരമല്ല.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിനഴക് പൂന്തോട്ടം! ചെടി നടുമ്പോഴും പരിചരണത്തിലും ഇവ ശ്രദ്ധിക്കുക
കൂടാതെ, ചെടികൾ വീടിന് ഐശ്വര്യമാകുന്നതിനായി മണ്ണിൽ നിന്നും 3 അടി ഉയരത്തിലാണ് നടേണ്ടത്. അതുപോലെ വീടിന് തെക്ക് കിഴക്കും തെക്ക് വടക്കും ദിശകളില്‍ പൂന്തോട്ടം നിര്‍മിക്കുന്നത് നല്ലതല്ലെന്നും വാസ്തു വിശ്വാസത്തിൽ പ്രതിപാദിക്കുന്നു.