ശരീരത്തിന്റെ ആരോഗ്യത്തിന് ഓട്സ് വളരെ നല്ലതാണെന്ന് നമുക്കറിയാം. കാർബോഹൈഡ്രോറ്റ്, ഫൈബർ എന്നീ പോഷക ഗുണങ്ങളാൽ സമ്പന്നമാണ് ഓട്സ്. ബ്രേക്ഫാസ്റ്റായും ഡിന്നറായും ഒക്കെ ഓട്സ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താറുണ്ട്. ഡയറ്റ് കൺട്രോൾ ചെയ്യുന്നവരും വെയിറ്റ് ലോസ് ശ്രദ്ധിക്കുന്നവരുമാണ് പ്രധാനമായും ഓട്സ് കഴിക്കുന്നത്. എന്നാൽ എങ്ങനെയാണ് ഓട്സ് കഴിക്കേണ്ടത് എന്ന് പലർക്കും കൃത്യമായി അറിയില്ല.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം അകറ്റാൻ പുതിനയില പ്രയോഗം
ഓട്സ് കഞ്ഞി പോലെ കുടിക്കരുത്
എല്ലാവരും മിക്കപ്പോഴും ഓട്സ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഉപ്പോ പഞ്ചസാരയോ ചേർത്താണ് കഴിക്കുന്നത്. ചിലർ പാലിൽ ഓട്സ് ചേർത്ത് കഴിക്കും. മറ്റുചിലർ മധുരത്തിന് പകരം ചോക്ലേറ്റ് ചേർക്കും. എന്നാൽ ഒരു പാത്രം നിറയെ ഓട്സ് എടുത്ത് തിളപ്പിച്ച് കഴിക്കേണ്ട ആവശ്യമില്ല. വെറും മൂന്ന് ടേബിൾ സ്പൂൺ ഓട്സ് ഒരു സമയം കഴിച്ചാൽ മതിയാകും.
ഓട്സ് പൊടിച്ച് ഭക്ഷണത്തിൽ ചേർക്കരുത്
ഓട്സ് പൊടിച്ച് ഭക്ഷണത്തിൽ ചേർക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈബറിന്റെ അളവ് കുറയുന്നു.
പാലിൽ ഓട്സ് ചേർത്ത് കഴിക്കുമ്പോൾ..
പാലിൽ ഓട്സ് ചേർക്കുന്നതും വെള്ളത്തിൽ ചേർക്കുന്നതും ഒരുപോലെയല്ല. പാലിനേക്കാൾ നല്ലത് വെള്ളമാണ്. പാലിൽ ചേർക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന കാലറിയും ശരീരത്തിലേക്ക് എത്തുന്നു. ഇത് ശരീരഭാരം വർധിപ്പിച്ചേക്കാം. ഇങ്ങനെ ഓട്സ് കഴിക്കുന്നത് മൂലം ശരീരത്തിന് ഉദ്ദേശിക്കുന്ന ഗുണം ലഭിക്കണം എന്നില്ല.
അളവിൽ ശ്രദ്ധിക്കണം
ഓട്സ് എപ്പോഴും മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. ഡയറ്റ് ശ്രദ്ധിക്കുന്നവർ നിർബന്ധമായും ന്യൂട്രീഷന്റെ അഭിപ്രായം അറിയണം.
വേവിക്കുമ്പോൾ ശ്രദ്ധിക്കാം
ഓട്സ് പൂർണമായും വേവിക്കാതെ ചൂടുവെള്ളത്തിലിട്ട് തന്നെ കഴിയ്ക്കാം. ഓട്സിൽ നട്സ് ചേർത്ത് സ്മൂത്തി പോലെ കുടിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
ഓട്സ് വാങ്ങുമ്പോൾ ശ്രദ്ധിക്കാം
ഫ്ലേവർ ചേർക്കാത്ത ഓട്സ് വാങ്ങാൻ ശ്രദ്ധിക്കുക. പായ്ക്കറ്റ് ഓട്സിൽ പലപ്പോഴും അമിതമായി ഷുഗർ അടങ്ങിയിട്ടുണ്ടാകാം. ഫ്ലേവർ അടങ്ങിയിട്ടുള്ള ഓട്സിൽ 70 ശതമാനം കാലറി അടങ്ങിയിട്ടുണ്ട്. സാധാരണ ഓട്സ് വാങ്ങുന്നതാണ് നല്ലത്.
കഴിയ്ക്കുമ്പോൾ ശ്രദ്ധിക്കാം
കാലറി കുറഞ്ഞ ഭക്ഷണ സാധനങ്ങൾ ഓട്സിൽ ചേർത്ത് കഴിയ്ക്കാം. ആൽമണ്ട് മിൽക്ക്, ഏത്തയ്ക്ക പുഴുങ്ങിയത് എന്നിവ നല്ലതാണ്. ഏതെങ്കിലും സുഗന്ധവ്യജ്ഞനങ്ങൾ ചേർക്കുന്നതും നല്ലതാണ്. പ്രോട്ടീനും ഫൈബറും ഒരുപോലെ ലഭിക്കാൻ ഓട്സിൽ ഒന്നോ രണ്ടോ മുട്ടയുടെ വെള്ള ചേർത്ത് കഴിയ്ക്കുന്നതും നല്ലതാണ്.
ഓട്സ് മീൽ ഡയറ്റ്
ഓട്സ് പ്രധാന ഭക്ഷണമാക്കി കഴിയ്ക്കുന്നതിനെ ഓട്സ് മീൽസ് എന്ന് പറയുന്നു. ഒന്നുകിൽ ആഴ്ചയിൽ മൂന്ന് ദിവസം പഴങ്ങൾ ചേർത്ത് കഴിയ്ക്കാം. അല്ലെങ്കിൽ ഓട്സ് ദിവസവും രണ്ട് തവണ കഴിയ്ക്കാം. ധാരാളം പച്ചക്കറി, പഴങ്ങൾ എന്നിവ ചേർക്കുന്നത് ഗുണം വർധിപ്പിക്കും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.