കാലാവസ്ഥയുടെ മാറ്റം ഏറ്റവും ആദ്യം അനുഭവപ്പെടുന്നത് ചുണ്ടുകളിലാണ്. നമ്മുടെ അധരങ്ങൾ മൃദുവും നിറവുമുള്ളതാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി ചില കൃത്രിമ വസ്തുക്കൾ തെറ്റായി ഉപയോഗിക്കുന്നത് ഭാവിയിൽ വിനയായി വരുമെന്നത് പലരും ചിന്തിക്കാറില്ല.
കെമിക്കലുകൾ അടങ്ങിയ സൗന്ദര്യവർധന വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പിഴവുകൾ ചുണ്ടിന്റെ ആരോഗ്യത്തെയും സ്വഭാവത്തെയും മോശമായി ബാധിക്കും. നമ്മുടെ ചുണ്ടുകളിൽ എണ്ണ ഗ്രന്ഥികളില്ല എന്നതിനാലാണ് കാലാവസ്ഥയും ഭക്ഷണവുമെല്ലാം ചുണ്ടുകളെ വേഗത്തിൽ ബാധിക്കുന്നത്.
ചുണ്ടുകൾക്ക് ഭംഗിയേകാൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ വില കുറഞ്ഞ, കാലപ്പഴക്കം ചെന്ന ലിപ്സ്റ്റിക്കുകൾ ചുണ്ടിൽ പ്രയോഗിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുക്കൾ വരുത്തും. അതിനാൽ തന്നെ ലിപ്സ്റ്റിക്ക് വാങ്ങുമ്പോൾ അവയുടെ കാലഹരണ തീയതി പരിശോധിക്കണം.
ചുണ്ടുകൾക്ക് മനോഹാരിത നൽകാൻ ലിപ് ഗ്ലോസ്, ലിപ് ലൈനർ എന്നിവയും പലർക്കും നിർബന്ധമാണ്. ഇവരും ഇത്തരം സൗന്ദര്യവർധന വസ്തുക്കളുടെ തിയതി നോക്കി തന്നെ വാങ്ങണം.
പഴകിയ ലിപ്സ്റ്റിക് എങ്ങനെ കണ്ടുപിടിക്കാം?
സാധാരണ ഒരു ലിപ്സ്റ്റിക്കിന്റെ കാലയളവ് 12 മുതൽ 18 മാസം വരെയാണ്. അതിനാൽ തന്നെ പഴകിയ ലിപ്സ്റ്റിക് ആണോയെന്ന് കണ്ടുപിടിക്കാൻ അതിന്റെ എക്സ്പെയറി ഡേറ്റ് പരിശോധിക്കണം.
പഴയ ലിപ്സ്റ്റിക്കുകളുടെ മണവും വ്യത്യാസപ്പെട്ടിരിക്കും. അതിൽ വെള്ളത്തിന്റെ അംശം ഉണ്ടായിരിക്കും. അതിനാൽ തന്നെ ഈർപ്പം ഒലിച്ചിറങ്ങുന്നുണ്ടോ എന്നതും ശ്രദ്ധിക്കുക.
ലിപ്സ്റ്റിക്കുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കുന്നു. ഇത് ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള പോളിയെത്തിലീൻ ഗ്ലൈക്കോളുകൾ നാഡീവ്യവസ്ഥയ്ക്കും വലിയ ദോഷം ചെയ്യും.
ലിപ്സ്റ്റിക്കുകളില്‍ ലെഡ്, കാഡ്മിയം എന്നിവ വലിയ അളവിൽ അടങ്ങിയിരിക്കുന്നു. പഴക്കം ചെന്ന ലിപ്സ്റ്റിക്കുകളിലെ ലെഡിന്റെ അംശം വൃക്കസംബന്ധമായ അസുഖങ്ങളിലേക്ക് വരെ നയിക്കും. വിളര്‍ച്ച, മസ്തിഷ്‌ക ക്ഷതം, മസ്തിഷ്‌ക ന്യൂറോപ്പതി മാരക ആരോഗ്യപ്രശ്നങ്ങളിലേക്കും ഇത് കാരണമാകും.
ലിപ്സ്റ്റിക്കില്‍ അടങ്ങിയിട്ടുള്ള ലാനോലിന്‍ വരള്‍ച്ച, ചൊറിച്ചില്‍, വേദന പോലുള്ള അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും. വില കൂടിയ, ബ്രാന്‍ഡഡ് ലിപ്സ്റ്റിക് ആയാലും അവ പഴക്കം ചെന്നാൽ ചുണ്ടുകളില്‍ പുരട്ടരുത്. ഇത് വെളുത്ത പാളി ഉണ്ടാക്കുന്നതിനും പാടുകള്‍ വീഴുന്നതിനും കാരണമാകും.
പഴയ ലിപ്സ്റ്റിക്കുകളിലെ ഈര്‍പ്പത്തിലൂടെ ബാക്ടീരിയകള്‍ വികസിക്കുകയും അത് നമ്മുടെ ചുണ്ടുകളില്‍ ബ്രീഡിങ് ഗ്രൗണ്ടുകള്‍ ഉണ്ടാകുന്നതിനും വഴിയൊരുക്കുന്നു. ലിപ്സ്റ്റിക്കിലെ പ്രിസര്‍വേറ്റീവുകളും മറ്റും അർബുദത്തിനും ബ്രെസ്റ്റ് ട്യൂമറിനും കാരണമാകും.
പഴയ ലിപ്സ്റ്റിക്കുകളിലൂടെ ചുണ്ടുകള്‍ വരണ്ടതാകാനും ഇരുണ്ടതാകാനും സാധ്യതയേറെയാണ്. ബാക്ടീരിയയകൾ വായിലും ചുറ്റിനും ചൊറിച്ചില്‍ അനുഭവപ്പെടാൻ തുടങ്ങും.
പഴകിയ ലിപ്സ്റ്റിക്കില്‍ ലാനോൻ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ശക്തമായ ആഗിരണ ശേഷിയുണ്ട്. അതായത് അന്തരീക്ഷത്തിലെ പൊടിയും ബാക്ടീരിയയും വൈറസും ഘന ലോഹങ്ങളും വായുവില്‍ നിന്ന് ആഗിരണം ചെയ്യുകയും ഇത് ചുണ്ടുകളിൽ നിലനിർത്തുകയും ചെയ്യുന്നു.