ആരോഗ്യകരമായ പ്രഭാതഭക്ഷണമായി ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്ന ഓട്സ് (Oatmeal) പതിവാക്കിയാൽ നിങ്ങളുടെ ശരീരത്തിൽ എന്തായിരിക്കും സംഭവിക്കുക? നാരുകളുടെ മികച്ച ഉറവിടമായ ഓട്സ് ദഹനപ്രക്രിയയ്ക്ക് അത്യധികം ഗുണം ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ : ശരീരഭാരം കുറയ്ക്കാന്‍ ഓട്‌സ് ഇങ്ങനെ കഴിക്കുക
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കുമെന്നതിനാൽ അമിതമായി തടി വയക്കാതെ ശരീരം ഫിറ്റാക്കി നിലനിർത്താൻ സാധിക്കും.
മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാനും ഇത് വളരെ നല്ലതാണ്. പ്രഭാതഭക്ഷണത്തിന് ഓട്‌സ് കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണമായും ലഘുഭക്ഷണമായും വ്യത്യസ്ത വിഭവങ്ങളാക്കി ഉൾപ്പെടുത്തുന്നത് കൂടുതൽ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കും.
മലബന്ധത്തിന് പരിഹാരം
ഓട്സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന പ്രത്യേക തരം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ബീറ്റാ-ഗ്ലൂക്കൻ കുടലിൽ ജെൽ പോലെയുള്ള സ്ഥിരത ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ ദഹനനാളത്തിൽ സ്വാധീനം ചെലുത്തുന്നു.
ദഹനപ്രവർത്തനം സുഗമമാക്കുന്നതിനാൽ മലവിസർജ്ജനം എളുപ്പമാക്കുന്നതിനും ഓട്സ് നല്ലതാണ്.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
ഒരു ബൗൾ ഓട്‌സ് നിങ്ങളുടെ പ്രഭാത ഭക്ഷണമായി ഉൾപ്പെടുത്തുകയാണെങ്കിൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമാകുന്നു. ഓട്സിലെ നാരുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഗുണകരമാണ്. കൂടാതെ, ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും ഇത് സഹായിക്കും. ഇവയെല്ലാം ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ഓട്സ് എങ്ങനെയെല്ലാം പ്രാതലാക്കാം?
മിക്കവരും ഓട്‌സ് പാലൊഴിച്ചു കുറുക്കി കഴിക്കുന്നതാണ് ചെയ്യാറുള്ളത്. എന്നാൽ ഉപ്പുമാവ് ആക്കിയോ ഇഡ്ഢലിയാക്കിയോ ദോശയാക്കിയോ ഓട്സ് കഴിക്കാവുന്നതാണ്. ഇത്തരത്തിൽ വ്യത്യസ്തവും രുചികരവുമായ വിഭവങ്ങൾ ഒരുപോലെ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും. ഇതുകൂടാതെ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുത്ത ഓട്സിലേക്ക് ആപ്പിള്‍ കഷണങ്ങളും തേനും തണുപ്പിച്ച പാലും ചേര്‍ത്ത് ഓട്സ് മിൽക്ക് ഷേക്കും തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് പ്രമേഹവും കൊളസ്ട്രോളും പ്രതിരോധിക്കാൻ മാത്രമല്ല, അമിതവണ്ണത്തിനും പരിഹാരമാകുന്നു. കൂടാതെ, ഓട്സ് ദിവസവും രാവിലെ കഴിച്ചാൽ ചർമ സംരക്ഷണം ഉറപ്പാക്കാം. കൂടാതെ, ക്യാന്‍സറിനെ ചെറുക്കാനും ഇത് ഉത്തമമാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.