പൂർണ്ണ വളർച്ചയെത്തിയ ഒരു മാങ്ങയുടെ തൂക്കം മൂന്നുകിലോയും അതിലധികവുമാണ് !ഒരു തേങ്ങയേക്കാൾ വലിപ്പം! എങ്കിലും കാലം ചെല്ലുന്തോറും ഇതിന്റെ വലിപ്പം കുറഞ്ഞുവരുന്നതായി കാണുന്നു. പ്രായമേറെയായി. വിദേശികൾ രാജ്യം അടക്കിവാണ കാലത്തെ ഫ്രഞ്ചുകാരുടെ സംഭാവനയാണ് ഈ മാവ്.
ലോകത്തെവിടെയും ഭൂരിഭാഗം മാമ്പഴങ്ങളുടെയും തറവാട്ടു പേരിൽ ഇൻഡ്യയുണ്ട്. മാങ്കിഫെറ ഇൻഡിക്ക എന്ന ലത്തീൻ നാമധാരിയാണ് (ശാസ്ത്രീയ നാമം-Magnifera Indica) തൊണ്ണൂറുശതമാനം മാമ്പഴങ്ങളും. ഇൻഡ്യക്കാരേക്കാൾ മാമ്പഴത്തിന്റെ മൂല്യവും സവിശേഷതകളും തിരിച്ചറിഞ്ഞത് വിദേശികളാണ്. ക്രോസ് പോളിനേഷനും എയർലെയറിങും ബഡ്ഡിങും ഒക്കെ അവർ പരീക്ഷിച്ചു. അനുകൂല കാലാവസ്ഥയുള്ള ലോകത്തിന്റെ ഒട്ടെല്ലായിടങ്ങളിലും അവർ മാവുകൾ നട്ടുപിടിപ്പിച്ചു. അപ്പോഴും തറവാട്ടുമഹിമ അവർ അവർ മറന്നില്ല. അതുകൊണ്ടാണ് മാൻഗോയുടെ കുടുംബപ്പേരിനൊപ്പം ഇൻഡിക്കയുള്ളത്.
ഫ്രഞ്ചുകാർ വികസിപ്പിച്ചെടുത്ത ഈ ബഡ് മാവിന് അവർ നൽകിയ പേര് എന്താണെന്ന് ഇന്ന് ഇവിടെയാർക്കും അറിയില്ല എന്നതിൽനിന്നുതന്നെ ഇത്തരം കാര്യങ്ങളിൽ നമുക്കുള്ള അലസതയും അലംഭാവവും വ്യക്തമാണ്.
നനയ്ക്കാൻ വെള്ളത്തിനു ക്ഷാമം വരരുത് എന്നുകരുതിയോ തീപ്പിടിച്ച വിലയുള്ള ഇനമായി മാറുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടോ എന്നറിയില്ല ഈ മാവ് ഫ്രഞ്ചുകാർ നട്ടുവളർത്തിയത് ഫയർഫോഴ്സ് ഓഫീസ് അങ്കണത്തിലാണ്. ഓഫീസ് കെട്ടിടത്തിനും സമീപകാലത്ത് അരികെ കെട്ടിപ്പൊക്കിയ ബഹുനില ഫ്ളാറ്റിനുമിടയിൽ തലയുയർത്തി ശ്വാസം മുട്ടി നിൽക്കുന്ന ഈ മുതുമുത്തച്ഛന്റെ ആയുസ്സ് ആങ്കകളുയർത്തുന്നുണ്ട്. ഒരു കൂറ്റൻ ശിഖരം ഓഫീസ്കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളലുകൾ വീഴ്ത്തിയിട്ടും അതവിടെ നില നിൽക്കുന്നത് ആ മരത്തോട് അവിടുത്തെ ഫയർമാൻമാർക്കുള്ള കരുതൽ കൊണ്ടാണ്.
മറ്റെല്ലാ മാവുകളും സീസണിൽ അഞ്ഞൂറുമുതൽ അയ്യായിരം രൂപവരെ വിലയ്ക്ക് കച്ചവടമുറയ്ക്കുമ്പോൾ ഈമാവിന് പതിനയ്യായിരവും ഇരുപതിനായിരവും വച്ചു നീട്ടുന്നതിൽ കച്ചവടക്കാർക്ക് മടിയില്ല. വിളവെടുക്കുമ്പോൾ മാഞ്ചുവട്ടിൽ വച്ചുതന്നെ വലിപ്പമനുസരിച്ച് മാങ്ങ ഒന്നിനു നൂറുരൂപമുതൽ മുകളിലേക്കാണ് വില. പല ഇനങ്ങൾക്കും കിലോയ്ക്ക് നൂറും നൂറ്റമ്പതും രൂപ വിലയുള്ളപ്പോൾ രണ്ടും മൂന്നും കിലോ തൂക്കമുള്ള ഒരു മാങ്ങ നൂറ്റമ്പതു രൂപയ്ക്കു കിട്ടുന്നത് ലാഭം തന്നെ.
ഇത് പച്ചക്കു തിന്നാനും ബഹുരസമാണെന്ന് ഫയർ ഫോഴ്സ് ജീവനക്കാരനായ ജിഗേഷ് സാക്ഷ്യപ്പെടുത്തുന്നു.
ബഡ്ഡായതുകൈണ്ട് വിത്തു പാകി ഇവനെ സ്വന്തമാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. മണ്ണൂത്തിയിലെ കാർഷിക വിദഗ്ധരും വിവിധ നേഴ്സറിക്കാരും ഈ മാവിനെക്കുറിച്ച് പഠിക്കുകയും ബഡ്തൈകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവയുടെ പുരോഗതിയെക്കുറിച്ചറിയില്ല.
നാലഞ്ചു തവണ പൂക്കുകയും നിറയെ കായ്ക്കുകയും ചെയ്യുന്ന ഈ മാവിൽ പക്ഷേ ഇക്കൊല്ലം വളരെ കുറച്ചേ കായ്ച്ചിട്ടുള്ളു. പാതി മൂപ്പെത്തിയ മാങ്ങകൾക്കൊപ്പം പുതിയ പൂങ്കുലകളും കാണാം.