Updated on: 3 August, 2021 8:58 PM IST
ബംബിൾ മാസ്സിനെ കണ്ടിട്ടുണ്ടോ

പ്രമോദ് മാധവൻ

ഏതെങ്കിലും സൂപ്പർ മാർക്കറ്റിൽ പഴങ്ങളുടെ കൂട്ടത്തിൽ ബംബിൾ മാസ്സിനെ കണ്ടിട്ടുണ്ടോ?

ഉണ്ടാവില്ല.

ഓസ്‌ട്രേലിയൻ ആപ്പിളിനും കിവിപഴത്തിനും കിന്നൗ ഓറഞ്ചിനും ഒക്കെ ഇടയിൽ ഈ തടിയനെ ആര് ഗൗനിക്കാൻ?

എന്നാൽ അവൻ അവതരിച്ചു കഴിഞ്ഞു. ലേറ്റായാലും ലേറ്റസ്റ്റായി, ദേവനഹള്ളി ചക്കോട്ടയായി.

കഥാനായകൻ മറ്റാരുമല്ല, നമ്മുടെ കമ്പിളി നാരങ്ങ തന്നെ. Citrus maxima എന്ന് ശാസ്ത്രനാമം. ഞാൻ എന്നെ ബംബിൾ മാസ് എന്ന് വിളിക്കും. നാരങ്ങാനം തറവാട്ടിലെ ഏറ്റവും വലിപ്പമുള്ളവൻ. ബംഗളുരുവിലെ കെമ്പെഗൗഡ വിമാന താവളത്തിനു ചുറ്റുമുള്ള ബീരസാന്ദ്ര, ചന്നരായപട്ടണ, കുന്ദന, സൂപനഹള്ളി, ശിവനപുര തുടങ്ങിയ ഗ്രാമങ്ങളിലെ ബാല്യ കൗമാരങ്ങളുടെ നാവിൽ രുചിയുടെ കപ്പലോട്ടം നടത്തിയ കമ്പിളി നാരങ്ങയാണ് ദേവനഹള്ളി ചക്കോട്ട. വിമാന താവളത്തിനു സ്ഥലം ഏറ്റെടുത്തപ്പോൾ നഷ്ടമായ നൂറു കണക്കിന് നാരകമരങ്ങൾക്കു പ്രായശ്ചിത്തമായി വിമാന താവള അതോറിറ്റി ഒരു ഈ ഇനത്തിന്റെ സംരക്ഷണത്തിനായി ഒരു ബയോ സെന്റർ തന്നെ ആരംഭിച്ചു.

ഒരിക്കൽ ഗാന്ധിജി നന്ദി ഹിൽസ് സന്ദർശനത്തിനിടെ ഈ ഫലം രുചിക്കുകയും ഇതിനെ പരിരക്ഷിക്കണം എന്ന് പറയുകയും ചെയ്തിരുന്നുവത്രെ.

എന്തായാലും വിമാനത്താവളം പണിഞ്ഞവർ അത് നിഷ്കരുണം വെട്ടിത്തള്ളി.

ദേവനഹള്ളിയിലെ സമശീതോഷ്ണ കാലാവസ്ഥയും അവിടുത്തെ ചെമ്മണ്ണിന്റെ സവിശേഷതയും കുറഞ്ഞ മഴ നൽകുന്ന അതുല്യമായ മധുരം കലർന്ന പുളിയും ഒക്കെ ആണ് രണ്ട് രണ്ടര കിലോ തൂക്കം വരുന്ന ചുവന്ന അല്ലികൾ ഉള്ള ഈ നാരകഭീമനെ ജനപ്രിയനാക്കുന്നത്.

45മുതൽ 60ദിവസം വരെ കേട് കൂടാതെ ഇരിക്കും. അതുതന്നെ ആണ് ഈ പഴത്തിനു ബാക്ടീരിയയെയും ഫംഗസ്നെയും ചെറുക്കാൻ ശരീരത്തിന് പ്രതിരോധ ശേഷിനൽകുമെന്നതിന്റെ തെളിവ്. മൂപ്പെത്താൻ ഏകദേശം ഒൻപത് മാസത്തോളം എടുക്കും.

എന്തൊക്കെ ആണ് ബബ്ലൂസ്ന്റെ ഗുണഗണങ്ങൾ?

മൂത്ര ചുടിച്ചിൽ മാറ്റുന്നു

വലിയ അളവിൽ ഉള്ള പൊട്ടാസ്യം രക്ത സമ്മർദത്തെ ക്രമപ്പെടുത്തുന്നു.

വിറ്റാമിൻ A യുടെ നിറസാന്നിധ്യം തൊലിയുടെ ചുളിവുകൾ മാറ്റുന്നു,

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.

വയറു നിറയ്ക്കാൻ കഴിവുള്ളതു കൊണ്ടും കുറഞ്ഞ കലോറി മൂല്യം ഉള്ളതുകൊണ്ടും പൊണ്ണ ത്തടി കുറയ്ക്കുന്നു.

ഡെങ്കിപനി വന്നപ്പോളാണ് പ്ലേറ്റ്ലെറ്റ്‌ കൗണ്ട് കൂട്ടാനുള്ള അവന്റെ മാസ്മരിക ശക്തി മാലോകർ മനസ്സിലാക്കിയത് എന്ന് പറയാം.

മുടിവളർച്ച കൂട്ടാനും നന്ന് എന്ന് ചിലർ.

100-150 വർഷം പഴക്കമുള്ള മരങ്ങൾ ഇപ്പോഴും ഉണ്ടത്രേ.

പൂർണമായും ജൈവ രീതിയിൽ വളർത്തി എടുക്കാൻ കമ്പിളി നാരകം പോലെ വേറൊരു നാരകവും ഇല്ല.

എന്തായാലും ഭൗമ സൂചികാ പദവി ലഭിച്ചതോടെ കക്ഷിയ്ക്കു വീര പരിവേഷമായി. തൈകൾ കിട്ടാനില്ലാതായി. അന്യം നിന്ന് പോകാതെ സംരക്ഷിക്കാൻ ആളുകളുണ്ടായി. പതി വച്ചും ബഡ് ചെയ്തും ഒട്ടിച്ചും ഒക്കെ ആയിരക്കണക്കിന് തൈകളാണ് വിറ്റു പോകുന്നത്.

ദേവനഹള്ളി ബബ്ലൂസ് കിട്ടിയില്ല എങ്കിലും കമ്പിളി നാരങ്ങയുടെ നല്ല ഒരിനം എല്ലാ വീട്ടുവളപ്പിലും ഒരു മുതൽക്കൂട്ട് തന്നെ ആണ്.

എന്നാൽ പിന്നെ ഒട്ടും വൈകണ്ട. ശ്രീ ഹള്ളി. അല്ല ദേവനഹള്ളിയിലേക്കുള്ള വ.ഴി.ഴീ. ചോദിച്ചു പോക്വ തന്നെ.

വാൽ കഷ്ണം : കമ്പിളി നാരങ്ങ കേരളത്തിലെ ഒരു അമ്പലത്തിലെ ഉത്സവത്തിന് പ്രസാദം എന്ന പോലെ വാങ്ങിക്കൊണ്ടു പോകുന്ന പതിവുണ്ട് കൊല്ലം അഷ്ടമുടിയിലെ വീര ഭദ്രസ്വാമി ക്ഷേത്രത്തിൽ. ദക്ഷിണേന്ത്യയിലെ ഏക വീരഭദ്ര ക്ഷേത്രം. സതീ ദേവിയുടെ ജീവ ത്യാഗത്തിൽ മനം നൊന്ത ശിവഭഗവാന്റെ ജഡയിൽ നിന്നും ജനിച്ച വീരഭദ്രൻ, ദക്ഷവധത്തിനു ശേഷം ഈ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തെ മണൽപ്പരപ്പിൽ വന്നു ഉരുണ്ടു മറിഞ്ഞു, കുളിച്ച് കോപാഗ്നി തണുപ്പിച്ചു എന്ന് വിശ്വാസം.

ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന വാണിഭത്തിൽ അമ്മയെ ഒഴികെ ബാക്കി എല്ലാം വാങ്ങാൻ കഴിയും എന്ന് പാണന്മാർ.

കന്നി മാസത്തിലെ പൂരാടം, ഉത്രാടം, തിരുവോണം(ഇരുപത്തെട്ടാം ഓണം ) ദിവസങ്ങളിൽ ആണ് അവിടെ ഉത്സവം. തൃക്കരുവാ പഞ്ചായത്തിൽ ആണ് ഈ ക്ഷേത്രം.
ഉത്സവ ദിവസങ്ങളിൽ ദിവസവും ലോഡ് കണക്കിന് കമ്പിളി നാരങ്ങയും കറുത്ത കരിമ്പും അവിടെ വിൽക്കപ്പെടും.

കന്നുകാലികൾക്കു അസുഖം വരാതിരിക്കാൻ നെയ്‌വിളക്ക് പ്രത്യേക നേർച്ചയും അവിടെ ഉണ്ട്. കമ്പിളി നാരങ്ങ എങ്ങനെ അവിടെ വന്നു എന്നത് ആർക്കെങ്കിലും പറയാൻ കഴിയുമെങ്കിൽ ആകാം.

എന്നാൽ അങ്ങട്.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
കൊല്ലം

English Summary: babablimass can be cultivated and high yield can be obtained
Published on: 03 August 2021, 08:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now