എല്ലായിടത്തും കൃഷി ചെയ്യുവാൻ പറ്റിയ ഒരു വിളയാണിത്. തെകൾ പറിച്ചുനട്ട് വഴുതന കൃഷി ചെയ്യാം.
ബാക്ടീരിയൽ വാട്ടരോഗത്തിനെതിരെ പ്രതിരോധ ശക്തിയുള്ള സൂര്യ (വയലറ്റ് നിറം), ശ്വേത (വെളുത്ത നിറം), ഹരിത ( ഇളം പച്ച നിറം) നീലിമ (വയലറ്റ്) എന്നീ വിത്തിനങ്ങൾ കൃഷി ചെയ്യുവാൻ ഉപയോഗിക്കുക. തവാരണകൾ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് 1 മീറ്റർ വീതിയിലും ആവശ്യത്തിന് നീളത്തിലും തയ്യാറാക്കണം.
1 സെന്റ് സ്ഥലത്തേക്ക് 2 ഗ്രാം വിത്ത് മതി. വിത്തുകൾ നടുന്നതിന് മുമ്പായി 50°C ചൂടുവെളളത്തിൽ 12 മണിക്കൂർ കുതിർത്തു വയ്ക്കുന്നത് നല്ലതാണ്. തവാരണയിൽ ഉറുമ്പ് ശല്യം നിയന്ത്രിക്കാൻ ചുറ്റിലും ഉപ്പും മഞ്ഞൾപ്പൊടിയും കലർന്ന മിശ്രിതം ഇട്ടുകൊടുക്കുക. കൃഷിസ്ഥലം നന്നായി ഉഴുതോ കിളച്ചോ ഒരു സെന്റിന് 200 കി.ഗ്രാം കാലിവളം ചേർത്തിളക്കിയ ശേഷം തൈകൾ 60 X 60 സെ.മീ അകലത്തിൽ നടണം.
വേനൽക്കാലത്ത് ചാലിലും, മഴക്കാലത്ത് അല്പ്പം ഉയർന്ന തിട്ടയിലുമാണ് ചെടികൾ നടേണ്ടത്. ചെടികൾ നട്ട് ഒരു മാസം കഴിയുമ്പോൾ കളകൾ നീക്കം ചെയ്തശേഷം കാലിവളം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക്, തുടങ്ങിയവ 1 ചെടിക്ക് 100 ഗ്രാം കണക്കിൽ ചേർത്തുകൊടുക്കുക. കൂടാതെ തെകൾ നട്ട് 2 ആഴ്ച കഴിയുമ്പോൾ പഞ്ചഗവ്യം പോലുള്ള വളങ്ങൾ ചെടിയിൽ തളിച്ചുകൊടുത്താൽ വളരെ വേഗം വളരുന്നതായി കാണുന്നു. എല്ലാ മാസവും വളപ്രയോഗം നടത്തണം.
ഒറ്റമൂട്ടിൽ നിന്ന് അഞ്ച് കിലോ വഴുതന ലഭിക്കാൻ ചെയ്യേണ്ട രണ്ട് കാര്യങ്ങൾ
1.രോഗങ്ങളും നിയന്ത്രണമാർഗ്ഗങ്ങളും
2. കീടങ്ങളും നിയന്ത്രണമാർഗ്ഗങ്ങളും
പ്രധാനപ്പെട്ട രോഗങ്ങളും നിയന്ത്രണമാർഗ്ഗങ്ങളും
1. വാട്ടരോഗം
രോഗലക്ഷണങ്ങൾ: ബാക്ടീരിയയുടെ ആക്രമണം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച ചെടികൾ മഞ്ഞനിറമായി പൂർണ്ണമായും വാടിപ്പോകുന്നു.
നിയന്ത്രണമാർഗ്ഗങ്ങൾ :കൃഷിയിടത്തിൽ ചവറുകൂട്ടി തീയിടുക. രോഗ ബാധിതമായ ചെടിയുടെ അവശിഷ്ടങ്ങൾ തീയിട്ട് നശിപ്പിക്കുക. നടുന്നതിനു മുമ്പ്തന്നെ സ്യൂഡോമോണാസ് ലായനി മണ്ണ് കുതിരുംവിധം തളിക്കുക. രോഗം ബാധിച്ച് ചെടി കൃഷിയിടത്തിൽ നിന്നും പറിച്ച്വേഗം നീക്കം ചെയ്യുക വാട്ടരോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങളായ സൂര്യ, ശ്വേത, ഹരിത,
നീലീമ തുടങ്ങിയവ നടുക.
2. തൈചീയൽ
രോഗലക്ഷണങ്ങൾ : മണ്ണിനോട് ചേർന്ന ഭാഗം ചീഞ്ഞ് പോകുന്നു. ചെടികൾ ഇളം മഞ്ഞ നിറമായി പോകുന്നു.
നിയന്ത്രണമാർഗ്ഗങ്ങൾ : 1 ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തടത്തിൽ തളിക്കുക.
3. കായ്ചീയൽ
രോഗലക്ഷണങ്ങൾ : കായ്കളിൽ ചെറിയ പൊട്ടുകൾ കണ്ടുവരുന്നു.ഇവ ക്രമേണ വളർന്നു കായ് ചീഞ്ഞു പോകുന്നു.
നിയന്ത്രണമാർഗ്ഗങ്ങൾ: ചീഞ്ഞ കായ്കൾ പറിച്ച് നശിപ്പിക്കുക. സ്യൂഡോമോണാസ് തളിച്ചു കൊടുക്കുക.
4. ചെടികുറ്റിക്കൽ (മുരടിക്കൽ)
രോഗലക്ഷണങ്ങൾ : ചെടിയുടെ വളർച്ച മുരടിച്ച് ഇടതുർന്ന് നന്നെ ചെറിയ ഇലകൾ ഉണ്ടായി കായ്ഫലം തരാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഈ രോഗം മെക്കോപ്ലാസ്മ മൂലമാണ് ഉണ്ടാകുന്നത്.
നിയന്ത്രണ മാർഗ്ഗങ്ങൾ : രോഗം ബാധിച്ച ഉടൻ ചെടികൾ പിഴുതുമാറ്റി നശിപ്പിക്കുക.
പ്രധാനപ്പെട്ട കീടങ്ങളും നിയന്ത്രണമാർഗ്ഗങ്ങളും
1. കായ്/ തണ്ട് തുരപ്പൻ പുഴു:
ആക്രമണലക്ഷണങ്ങൾ : പുഴുക്കൾ ചെടിയുടെ അഗ്രഭാഗത്തു ഇളംതണ്ടിൽ തുരന്ന് കയറി നാമ്പിന്റെ ഉൾഭാഗം തിന്നുകയും തൽഫലമായി നാമ്പ് വാടിപ്പോകുകയും ചെയ്യുന്നു. കായിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി അതിനുള്ളിൽ കടന്ന് കേടു വരുത്തുന്നു.
നിയന്ത്രണമാർഗ്ഗങ്ങൾ : കേടുവന്ന കായ്കളും തണ്ടും എടുത്തുമാറ്റി നശിപ്പിക്കുക. 5% വീര്യമുള്ള വേപ്പിൻ കുരുലായനി തയ്യാറാക്കി ചെടിയിൽ തളിക്കുക. മീനെണ്ണയും ബാർസോപ്പും വെള്ളത്തിൽ കലക്കി തളിക്കുന്നത് ഈ കീടത്തെ അകറ്റി നിർത്താൻ ഉതകും.
2. ആമവണ്ട്.
കീടത്തിന്റെ വണ്ട്, മുട്ട, പുഴു, സമാധി എന്നീ നാല് ദശകളും ശേഖരിച്ച് നശിപ്പിച്ചു കളയുക. പുകയിലകഷായം ഇലകളുടെ ഇരുവശങ്ങളിലും നന്നായി തളിക്കുക.
3.മുഞ്ഞ :
പുകയില കഷായം ഇലകളുടെ ഇരുവശങ്ങളിലും തളിക്കുക
4. പച്ചത്തുള്ളൻ :
25% വേപ്പെണ്ണ എമൾഷൻ ഓരോ ലിറ്റർ ലായനിയും 20 ഗ്രാം വെളുത്തുള്ളി അരച്ച് ചേർത്ത് അരിച്ചെടുത്ത് തളിക്കുക
5. കൂടുകെട്ടിപ്പുഴു:
പുഴു ഇല മടക്കി കുടു കെട്ടി അതിനുള്ളിൽ ഇരുന്ന് ഇല ഞരമ്പ് ഒഴികെ ബാക്കി ഭാഗങ്ങൾ തിന്നു തീർക്കുന്നു. പുഴുക്കൾ ഇലകൾ കുട്ടിയുണ്ടാക്കിയ കുടുകൾ പറിച്ചെടുത്ത് നശിപ്പിക്കുക.
6. ഇലചുരുട്ടിപ്പുഴ:
ഇലകൾ ചുരുട്ടി അതിനുള്ളിലിരുന്ന് പഴയ ഇലകൾ കാർന്നു തിന്നുന്നു. പുഴുക്കളെ ഇലച്ചുരുളുകളോടു കൂടി എടുത്തുമാറ്റി നശിപ്പിച്ച് കീടനിയന്ത്രണം ഫലപ്രദമാക്കാം.